പേജുകള്‍‌

qatar എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
qatar എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മാർച്ച് 5, ശനിയാഴ്‌ച

ലോകത്തിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് മ്യൂസിയം ഖത്തറിലേത്


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തര്‍ ഒളിമ്പിക്‌സ് സ്‌പോര്‍ട്‌സ് മ്യൂസിയത്തിനു ലോകത്തിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് മ്യൂസിയം എന്ന ബഹുമതി.ഖത്തറിന്റെ കായികചരിത്രം വിവരിക്കുന്നതും ഇത് എന്തായിരുന്നുവെന്ന് ഭാവിതലമുറയേയും പെതുജനങ്ങളേയും അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. ഖത്തര്‍ ആതിഥ്യം വഹിച്ച കായികമത്സരങ്ങള്‍ ‍, തങ്ങളുടെ വിജയകഥകള്‍ തുടങ്ങി അവിസ്മരണീയ ശേഷിപ്പുകള്‍ അടങ്ങിയതാണ്‌ മ്യൂസിയം ‍.

2011 മാർച്ച് 4, വെള്ളിയാഴ്‌ച

സ്‌പോണ്‍സര്‍ഷിപ്പ് മാറ്റ തട്ടിപ്പ് എംബസിയില്‍ അറിയിക്കണം: അംബാസഡര്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം വാഗ്ദാനം ചെയ്ത് പണം വാങ്ങുന്നരെക്കുറിച്ച് വ്യക്തമായ വിവരങ്ങളോടെ ആരും പരാതി നല്‍കാന്‍ മുന്നോട്ടുവരാത്തതാണ് നടപടിയെടുക്കുന്നതിനുള്ള പ്രധാന തടസ്സമെന്നും, ഇത്തരക്കാരെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ പറഞ്ഞു.

ഖത്തര്‍ പരിസ്ഥിതി ബോധവത്കരണം തുടങ്ങി

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ദോഹ ബാങ്കും യുനെസ്‌കോയും സംയുക്തമായി നടപ്പാക്കുന്ന പരിസ്ഥിതി സ്‌കൂള്‍ പദ്ധതി തുടങ്ങി.  പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിക്കുക, ശരിയായ പരിസ്ഥിതി ശീലങ്ങള്‍ നടപ്പാക്കുന്നതില്‍ രാജ്യത്തെ എല്ലാ സ്‌കൂളുകളുടെയും പങ്കാളിത്തം ഉറപ്പാക്കുക, അന്തരീക്ഷത്തില്‍ കാര്‍ബണ്‍ സാന്നിധ്യം കുറക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങളെന്ന് യുനെസ്‌കോയുടെയും ദോഹ ബാങ്കിന്റെയും പ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അറബ് പ്രക്ഷോഭങ്ങള്‍ ഇസ്‌ലാമിലടിസ്ഥിതം: ഖറദാവി


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: മതരാഷ്ട്രമല്ല മറിച്ച് ഇസ്‌ലാമികാടിത്തറയിലുള്ള സിവിലിയന്‍ ഭരണസംവിധാനമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നതെന്ന് അന്തര്‍ദേശീയ മുസ്‌ലിം പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി പറഞ്ഞു. 'ഭരണാധികാരിയും ഭരണീയനും തമ്മിലെ ബന്ധം' എന്ന തലക്കെട്ടില്‍ പണ്ഡിതസഭ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2011 മാർച്ച് 3, വ്യാഴാഴ്‌ച

ഖത്തര്‍ വോഡഫോണിനു ഗ്ലോബല്‍ അവാര്‍ഡ്


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ:  ഖത്തര്‍ വോഡഫോണിനു  മൊബൈല്‍ വഴി പണമയക്കുന്ന സേവനത്തിന് ഗ്ലോബല്‍ മൊബൈല്‍ അവാര്‍ഡ്. ആഗോള വാര്‍ത്താവിനിമയ വ്യവസായ രംഗത്തെ ഏറ്റവും പ്രശസ്തമായ അവാര്‍ഡാണ് വോഡഫോണിന്റെ വി.എം.ടി സേവനത്തിന് ലഭിച്ചിരിക്കുന്നത്.

2011 മാർച്ച് 1, ചൊവ്വാഴ്ച

എന്‍ഡോസള്‍ഫാന്‍ ദുരിതര്‍ക്ക് പ്രവാസികളുടെ പിന്തുണ വേണം : എം.എ റഹ്മാന്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: എന്‍ഡോസള്‍ഫാന്‍ ദുരിതര്‍ക്ക്   പ്രവാസികളുടെ പിന്തുണ  ആവശ്യമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും സാഹിത്യകാരനുമായ എം.എ. റഹ്മാന്‍ പറഞ്ഞു.എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ദോഹയിലെത്തിയ അദ്ദേഹം ഇന്ത്യന്‍ മീഡിയ ഫോറം (ഐ.എം.എഫ്) സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.

2011 ഫെബ്രുവരി 28, തിങ്കളാഴ്‌ച

ഖത്തര്‍ ഫുട്ബാള്‍ ടീമിനു പുതിയ കോച്ച്‌


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തര്‍ ഫുട്ബാള്‍ ടീമിന്റെ പുതിയ കോച്ചായി സെര്‍ബിയക്കാരനായ മിലോവന്‍ റജെവാകിനെ നിയമിച്ചു. മിലോവന്‍ ഖത്തര്‍ ടീമിന്റെ പരിശീലകനാകുന്നതില്‍  സന്തോഷം നല്‍കുന്നെന്ന് ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്മദ് ആല്‍ഥാനി പറഞ്ഞു.

ഘാന ടീമിന്റെ പരിശീലകസ്ഥാനത്തിരുന്ന് കഴിവ് തെളിയിച്ച മിലോവന്‍ ഇതുവരെ കോച്ചായിരുന്ന ബ്രൂണോ മെറ്റ്‌സുവിന്റെ  ഒഴിവിലേക്കാണ്‌ നിയമിക്കപ്പെട്ടത്. അദ്ദേഹത്തിന് കീഴില്‍ ഖത്തര്‍ ടീമിന് ഏറെ മുന്നേറാനാകുമെന്നും അഹ്മദ് ആല്‍ഥാനി കൂട്ടിച്ചേര്‍ത്തു. 2022ലെ ലോകകപ്പിന് ആതിഥ്യമരുളാനൊരുങ്ങുന്ന ഖത്തറില്‍ പരിശീലകനായെത്താന്‍ കഴിയുന്നത് അഭിമാനകരമാണെന്നായിരുന്നു മിലോവന്റെ പ്രതികരണം.

ഒട്ടേറെ ക്ലബ്ബുകളിലായി സെര്‍ബിയന്‍ ഫുട്ബാളിന്റെ പ്രതിരോധ നിരയില്‍ തിളങ്ങിയ മിലോവന്‍ 2008ലാണ് ഘാന ടീമിന്റെ പരിശീലകനാകുന്നത്. കഴിഞ്ഞ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറുഗ്വെയോട് തോറ്റ് ഘാന പുറത്താകുകയായിരുന്നു. ഇതോടെ കരാര്‍ പുതുക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് മിലോവന്‍ പരിശീലകസ്ഥാനമൊഴിയുകയായിരുന്നു.

2011 ഫെബ്രുവരി 26, ശനിയാഴ്‌ച

വെസ്റ്റ് ബേ പാതാള പാത നിര്‍മാണം തുടങ്ങി

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തര്‍ വെസ്റ്റ് ബേയിലെ പ്രധാന കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാതാള പാത നിര്‍മാണം തുടങ്ങി.36 ബില്യന്‍ ഡോളര്‍ ചിലവു വരുന്ന 10 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതാള പാതക്കിടക്ക് 10 സ്റ്റേഷനുകളും ഉണ്ടായിരിക്കും.
വാണിജ്യ, വ്യവസായ, ഭരണ കേന്ദ്രങ്ങളെ തമ്മില്‍ ബന്ധപ്പെടുത്തിക്കൊണ്ടായിരിക്കും പാത നിര്‍മിക്കുക. ദോഹ മെട്രോ പ്രോജക്ടിന്റെ ഭാഗമായി സ്ഥാപിക്കുന്ന ഓട്ടോമാറ്റഡ് പീപ്പിള്‍ മൂവര്‍ സിസ്റ്റം 2018നകം പൂര്‍ത്തിയാക്കും. പൊതു ജനങ്ങള്‍ക്കും വിഐപികള്‍ക്കും, കുടുംബങ്ങള്‍ക്കുമായി മൂന്നു കാരിജുകള്‍ ഉണ്ടാകുന്ന മെട്രോയില്‍ ഡ്രൈവറുണ്ടായിരിക്കില്ല.

ഖത്തറില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ 36 ഇന്ത്യക്കാര്‍ ജയില്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ:  കഴിഞ്ഞവര്‍ഷം 2448 പേരെ ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്കയച്ചു. ഇവരില്‍ 154 പേര്‍ സ്ത്രീകളണ്. നിലവില്‍ അഞ്ച് സ്ത്രീകളടക്കം 94 ഇന്ത്യക്കാരാണ് ഡീപോര്‍ട്ടേഷന്‍ ക്യാമ്പിലുള്ളത്. അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ 36 ഇന്ത്യക്കാര്‍ ജയിലിലുണ്ട്. 432 തൊഴിലാളികളുടെ പരാതികള്‍ തുടര്‍നടപടികള്‍ക്കായി എംബസിയില്‍ നിന്ന് തൊഴില്‍ വകുപ്പിന് കൈമാറിയെന്നും എംബസി അധികൃതര്‍ അറിയിച്ചു .ഇന്നലെ എംബസിയില്‍ നടന്ന ഓപ്പണ്‍ ഫോറത്തോടനുബന്ധിച്ച് എംബസി അധികൃതര്‍ മാധ്യമപ്രവര്‍ത്തകരോട് സംരിക്കുകയായിരുന്നു.
2009ല്‍ 262 ഇന്ത്യക്കാരാണ് മരിച്ചതെങ്കില്‍ 2010 ത്തില്‍ അത് 233  ആയി കുറഞ്ഞു.അതില്‍ 52 എണ്ണം അപകട മരണങ്ങളായിരുന്നു. ഇവയില്‍ 29 എണ്ണം റോഡപകടങ്ങളും 23 എണ്ണം തൊഴില്‍ സ്ഥലത്തുണ്ടായ അപകടങ്ങളുമാണ്.  2011  ല്‍ ഇതുവരെ 43 ഇന്ത്യക്കാര്‍ മരിച്ചിട്ടുണ്ട്.2010  ത്തില്‍  70,000ഓളം കോണ്‍സുലാര്‍ സേവനങ്ങള്‍ എംബസി നല്‍കി.അതില്‍ 33000 ത്തില്‍ അധികം അപേക്ഷകള്‍ പാസ്‌പോര്‍ട്ടുകള്‍ പുതുക്കി നല്‍കിയവയായിരുന്നെന്നും അതില്‍ 2000 ല്‍ അധികം പുതിയ കുട്ടികള്‍ക്കുള്ള പാസ്‌പോര്‍ട്ടുകളായിരുന്നെന്നും എംബസി അധികൃതര്‍ അറിയിച്ചു.
പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഇന്നലെ നടന്ന ഈ മാസത്തെ ഓപ്പണ്‍ ഫോറത്തില്‍ മൊത്തം മൂന്ന് പരാതികളാണ് ലഭിച്ചതെന്ന് അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ അറിയിച്ചു. ഇവയില്‍ രണ്ട് പരാതികള്‍ സ്‌പോണ്‍സര്‍ എക്‌സിറ്റ് പെര്‍മിറ്റ് നല്‍കാത്തതുസംബന്ധിച്ചും ഒരെണ്ണം സ്‌പോണ്‍സര്‍ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചിരിക്കുന്നതു സംബന്ധിച്ചും ആയിരുന്നു. സ്‌പോണ്‍സര്‍മാരുമായി ബന്ധപ്പെട്ട് പരാതികളില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്ന് അംബാസഡര്‍ പറഞ്ഞു.
അംബാസിഡര്‍ ദീപാ ഗോപാലന്‍ വാധ്വക്കൊപ്പം എംബസി മിനിസ്റ്റര്‍ സഞ്ജീവ് കൊഹ്‌ലി, സെക്കന്റ് സെക്രട്ടറിമാരായ എം.ആര്‍ ഖുറൈശിക്കൊപ്പം അനില്‍ നൗട്യാല്‍ ,ഒ.പി.ത്യാഗി,ശിവേന്ദ്ര മീന തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു.

2011 ഫെബ്രുവരി 24, വ്യാഴാഴ്‌ച

കടകളുടെ വാടക നിയന്ത്രണ ഒരു വര്‍ഷത്തേക്ക് കൂടി


 മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: കടകളുടെ വാടക ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. കച്ചവടാവശ്യത്തിനുള്ള സ്ഥലസൗകര്യം ആവശ്യത്തിന് കിട്ടാതായതോടെ കഴിഞ്ഞ വര്‍ഷത്തിലാണ്‌ കടമുറികളുടെ വാടക ഉയര്‍ന്നത്. തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് കടകളുടെ വാടക ഉയര്‍ത്തുന്നത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഈ മാസം 14ന് കാലാവധി കഴിയുന്നതിന്നാല്‍ വാടക വീണ്ടും കൂടുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് നിശ്ചിതപരിധിയില്‍ കൂടുതല്‍ വാടക ഈടാക്കുന്നത് നിരോധിച്ചുകൊണ്ട് ഒരു വര്‍ഷത്തേക്ക് കൂടി ഉത്തരവ് പുറപ്പെടുവിച്ചിരുക്കുന്നത്.
2005 ജനുവരി ഒന്നിന് മുമ്പ് ഒപ്പിട്ട വാടകക്കരാറുകള്‍ക്ക് അടുത്തവര്‍ഷം ഫെബ്രുവരി 14 വരെ കാലാവധി ഉണ്ടാകും. ഉടമകള്‍ക്ക് കൂട്ടാവുന്ന വാടകക്ക് നിശ്ചിത പരിധിയും നിര്‍ദേശിച്ചിട്ടുണ്ട്. മൂവായിരം റിയാലില്‍ താഴെ പ്രതിമാസ വാടകയുള്ള കടകള്‍ക്ക് പരമാവധി 20 ശതമാനവും മൂവായിരത്തിനും ആറായിരത്തിനും ഇടയില്‍ വാടകയുള്ളവക്ക് 15 ശതമാനവും ഉയര്‍ത്താനുമാണ് അനുമതി നല്‍കിയിരിക്കുന്നത്. ആറായിരത്തിനും പതിനായിരത്തിനും ഇടയിലുള്ള വാടകയില്‍ 10 ശതമാനവും പതിനായിരത്തിന് മുകളിലുള്ളവയില്‍ 5 ശതമാനവുമാണ്‌ വര്‍ധനവ്.
2005 ജനുവരി ഒന്നിന് മുമ്പ് ഒപ്പിട്ട കരാറുകളില്‍ വാടക നിരക്ക് ഉയര്‍ത്താന്‍ വ്യവസ്ഥയുണ്ടെങ്കില്‍ പോലും ഈ പരിധിക്കുള്ളിലേ ആകാവൂ എന്നും പറയുന്നുണ്ട്. കഴിഞ്ഞവര്‍ഷത്തെ നിയമത്തിന്റെ കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് ഈ മാസം 14ന് ശേഷം ആരെങ്കിലും വാടക പരിധിയിലും ഉയര്‍ത്തിയിട്ടുണ്ടെങ്കില്‍ അതിന് നിയമസാധുത ഉണ്ടായിരിക്കില്ല. അമിതമായി വാടക ഉയര്‍ത്തുന്ന കെട്ടിട ഉടമകള്‍ക്കെതിരെ പരാതി നല്‍കാന്‍ വാടകക്കാരന് അവകാശമുണ്ട്.
വാടകനിയന്ത്രണം സംബന്ധിച്ച പുതിയ ഉത്തവ് അഭിഭാഷകര്‍ ‍, എഞ്ചിനീയര്‍മാര്‍ ‍, ഓഡിറ്റര്‍മാര്‍ ‍, അകൗണ്ടന്റുമാര്‍ ‍, കണ്‍സള്‍ട്ടന്‍സികള്‍ ‍എന്നിവര്‍ ഉപയോഗിക്കുന്ന ഓഫീസുകള്‍ക്ക് ബാധകമായിരിക്കില്ല.

2011 ഫെബ്രുവരി 19, ശനിയാഴ്‌ച

രക്ഷിതാക്കള്‍ മക്കള്‍ക്ക്‌ നല്ലമാതൃകയാവുക

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: മക്കളുടെ റോള്‍ മോഡലുകളായി രക്ഷകര്‍ത്താക്കള്‍  ഉയരേണ്ടത്‌ വര്‍ത്തമാനകാലത്തിന്റെ തേട്ടമാണ്‌. മക്കളുടെ സ്വഭാവ വിശേഷണങ്ങള്‍ സ്വപ്‌നം കണ്ട്‌ വ്യാകുലരാകുന്നതിന്‌ പകരം അവര്‍ക്ക്‌ അനുധാവനം ചെയ്യാന്‍ പറ്റുംവിധം മതാപിതാക്കള്‍  മാറുകയാണ്‌ വേണ്ടതെന്ന് അഡ്വക്കറ്റ് ഇസ്സുദ്ധീന്‍ പറഞ്ഞു. കണ്ണോത്ത് ഇസ്സത്തുല്‍ ഇസ്‌ലാം ജമാഅത്ത് ഖത്തര്‍ ഘടകം സമീപ  മഹല്ലുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാതാപിതാക്കള്‍ ഉപദേശകരും ഉപദേശികളും ആകുന്നതിന്‌ പകരം തങ്ങളുടെ പ്രിയപ്പെട്ട സന്താനങ്ങള്‍ക്ക് തങ്ങളെ അനുഭവിപ്പിക്കാന്‍ അവസരം സൃഷ്‌ടിക്കുകയാണ്‌ വേണ്ടത്, അദ്ധേഹം വിശദീകരിച്ചു.  ഭവന്‍സ്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കപ്പെട്ട പരിപാടി ഭവന്‍സ്‌ സ്‌കൂള്‍ വൈസ്‌ ചെയര്‍മാന്‍ അബ്‌ദുല്‍ ഖാദര്‍  ആര്‍.ഒ. ഉദ്‌ഘാടനം ചെയ്‌തു. 

അയല്‍ മഹല്ലുകളെ പ്രതിനിധീകരിച്ച് കുഞ്ഞുമുഹമ്മദ് കെ.എച്ച്(പാടൂര്‍ ) അസീസ്‌മഞ്ഞിയില്‍ (തിരുനെല്ലൂര്‍ )എന്നിവര്‍ ആശംസകളര്‍പ്പിച്ചു    സംസാരിച്ചു.      മറ്റു മഹല്ല്‌ സമിതികളുടെ അജണ്ടയില്‍ മാത്രം കിടക്കുന്ന കാര്യമാണ്‌ സക്ഷാല്‍കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന്‌ ആശംസകള്‍ നേര്‍ന്നു സംസാരിച്ച പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

പ്രദേശത്തെ മഹല്ലുകളുടെ സഹകരണത്തിനുള്ള ആദ്യകാല്‍വെപ്പ്‌ സ്വാഗതം ചെയ്യപ്പെട്ടു.   അധ്യക്ഷന്‍  കണ്ണോത്ത്‌ മഹല്ല്‌ ഖത്തര്‍ ഘടകം പ്രസിഡന്റ്‌ അബ്ദുല്‍ അസീസ്‌ വി. ‍എച് സ്വാഗതവും  സെക്രട്ടറി അബ്‌ദുല്‍ ജലീല്‍ എം.എം നന്ദിയും   രേഖപ്പെടുത്തി.

മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഖറദാവി ഈജിപ്തില്‍ ജുമുഅഃ പ്രഭാഷണം നടത്തി


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മിലെ ഐക്യമാണ്‌ ഈജിപ്റ്റിനെ സ്വേഛാധിപത്യത്തില്‍ നിന്ന് മോചിതമാക്കിയത്,ഈ ഐക്യവും സഹകരണവും തുടര്‍ന്നും നിലനിര്‍ത്തണം. ലോകത്തിനു മുഴുവന്‍ പാഠവും പ്രചോദനവുമാണ് ഈജിപ്ത് ജനതയുടെ പ്രക്ഷോഭമെന്നും ഇത് അനീതിക്കും സ്വാര്‍ഥതക്കും അഴിമതിക്കും എതിരായ വിജയമാണ്‌. ഒരേ ലക്ഷ്യത്തിനുവേണ്ടി ഭിന്നതകള്‍ മറന്ന് ഈജിപ്ത് ജനത കാഴ്ചവെച്ച ഐക്യം മാതൃകാപരമാണെന്ന് ഈജിപ്തില്‍ നടത്തിയ ജുമുഅഃ പ്രഭാഷണത്തില്‍ ഖറദാവി പറഞ്ഞു.
മുപ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഖറദാവി ഈജിപ്തില്‍ ജുമുഅഃ പ്രഭാഷണം നിര്‍വഹിക്കുന്നത്. 1981 സെപ്തംബറില്‍ പ്രസിഡന്റിന്റെ മന്ദിരത്തിന് സമീപമുള്ള ആബിദീന്‍ മൈതാനിയില്‍ ബലിപെരുന്നാളിനാണ് ഖറദാവി അവസാനമായി ഈജിപ്തില്‍ ഖുതുബ നിര്‍വഹിച്ചത്. ഈജിപ്റ്റ് നിവാസിയായ ഇദ്ദേഹം ദോഹയിലാണ് സ്ഥിരതാമസം.
ഗസ്സയിലേക്കുള്ള അതിര്‍ത്തി തുറന്നുകൊടുക്കാന്‍ ഈജിപ്ഷ്യന്‍ സൈന്യം തയാറാകണമെന്നും  മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും ഉടന്‍ മോചിപ്പിക്കണമെന്നും സിവിലിയന്‍ സര്‍ക്കാറിലേക്കുള്ള മാറ്റം ത്വരിതഗതിയിലാകണം. വിപ്ലവം പൂര്‍ണവിജയത്തിലെത്തുന്നതുവരെ ക്ഷമയോടെ നിലകൊള്ളണമെന്നും 14 നൂറ്റാണ്ടായി ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും വിജ്ഞാനീയങ്ങളുടെയും കേന്ദ്രമായി നിലകൊണ്ട ഈജിപ്ത് പ്രതാപം വീണ്ടെടുക്കണമെന്നും 'ജനുവരി 25' വിപ്ലവത്തിന് രക്തസാക്ഷികളെ അര്‍പ്പിച്ച തഹ്‌രീര്‍ സ്‌ക്വയറിന് 'രക്തസാക്ഷി ചതുരം' എന്ന് നാമകരണം ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

2011 ഫെബ്രുവരി 16, ബുധനാഴ്‌ച

ഒ.ഐ.സി. ഗ്ലോബല്‍ മീറ്റ്‌ സല്‍മാന്‍ ഖുര്‍ഷിദ്‌ ഉദ്ഘാടനം ചെയ്യും

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഫെബ്രുവരി 18, 19 തീയതികളില്‍ ദോഹയിലെ മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ (ഒ.ഐ.സി.സി) ഗ്ലോബല്‍ മീറ്റ്‌ കേന്ദ്ര ന്യൂനപക്ഷ വകുപ്പുമന്ത്രി സല്‍മാന്‍ ഖുര്‍ഷിദാണ് സമ്മേളനം ഉദ്ഘാടനംചെയ്യും.
വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് അനുകൂലസംഘടനകളെ ഒരേ കൊടിക്കീഴില്‍ അണിനിരത്തുകയെന്ന ലക്ഷ്യമാണ്‌ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സിന്റെ രണ്ടാമത് ആഗോളസമ്മേളനത്തിന്റെ മുഖ്യലക്ഷ്യം.സമ്മേളനത്തില്‍ ഒ.ഐ.സി.സി.യുടെ അന്താരാഷ്ട്ര കമ്മിറ്റിക്ക് രൂപം നല്‍കുമെന്ന് അറിയുന്നു.കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല അധ്യക്ഷതവഹിക്കും. എ.ഐ.സി.സി. ജനറല്‍സെക്രട്ടറി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കേന്ദ്ര ഊര്‍ജവകുപ്പു സഹമന്ത്രി കെ.സി. വേണുഗോപാല്‍ ‍, ജി.കാര്‍ത്തികേയന്‍, സ്വാഗതസംഘം മുഖ്യരക്ഷാധികാരി സി.കെ. മേനോന്‍ തുടങ്ങിയവര്‍ സംസാരിക്കും.തുടര്‍ന്നുനടക്കുന്ന വിവിധ സമ്മേളനങ്ങളില്‍ കേന്ദ്ര വിദേശകാര്യസഹമന്ത്രി പ്രനീദ്കൗര്‍ ‍, എം.പി.മാരായ പി.ജെ. കുര്യന്‍, പി.ടി. തോമസ്, ആന്റോ ആന്റണി, എം.കെ. രാഘവന്‍, കെ.പി. ധനപാലന്‍, മുന്‍ എം.പി. എ.ചാള്‍സ് തുടങ്ങിയവര്‍ പങ്കെടുക്കും.
18ന് വൈകുന്നേരം 5  മണിക്ക് ശൈഖ് ഫൈസല്‍ ബിന്‍ കാസിം അല്‍ത്താനിയുടെ ശമാലിലുള്ള ഫാമില്‍ വെച്ച് 'ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സിന്റെ ലക്ഷ്യവും വിദേശഇന്ത്യക്കാര്‍ നേരിടുന്ന വെല്ലുവിളികളും' എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചനടക്കും.ഒ.ഐ.സി.സി.യുടെ പ്രത്യേക ചുമതലയുള്ള കെ.പി.സി.സി. ജനറല്‍സെക്രട്ടറി കെ.സി.രാജന്‍, സെക്രട്ടറി മാന്നാര്‍ അബ്ദുള്‍ലത്തീഫ് എന്നിവര്‍ സംസാരിക്കും. അത്താഴവിരുന്നും കലാപരിപാടികളും ഉണ്ടാവും.
19ന് കാലത്ത് മാരിയറ്റ് ഹോട്ടലില്‍ 'വിദേശ ഇന്ത്യക്കാരും വികസനപ്രക്രിയകളും', 'ജനാധിപത്യ പ്രക്രിയയില്‍ വിദേശഇന്ത്യക്കാരുടെ പങ്ക്' തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കും. മുന്‍ പ്രവാസികാര്യവകുപ്പുമന്ത്രി എം.എം.ഹസ്സന്‍, വിജയരാഘവന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, പ്രൊഫ. ബാലചന്ദ്രന്‍, ഐസക് പട്ടാണിപ്പറമ്പില്‍ എന്നിവര്‍ സംസാരിക്കും.
വൈകുന്നേരം നാലുമണിക്ക് നടക്കുന്ന സമാപന സമ്മേളനം വ്യോമയാന പ്രവാസികാര്യവകുപ്പുമന്ത്രി വയലാര്‍ രവി ഉദ്ഘാടനംചെയ്യും. രമേശ് ചെന്നിത്തല, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിക്കും. പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളായ ഗള്‍ഫാര്‍ മുഹമ്മദലി, എം.എ. യൂസുഫ് അലി, ബി.അര്‍ ‍. ഷെട്ടി, ഡോ. രവിപിള്ള, ഡോ.ആസാദ് മൂപ്പന്‍, സോമന്‍ ബേബി തുടങ്ങിയവരെ ആദരിക്കും.
സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും 250  ല്‍ പരം പ്രതിനിധികള്‍ പേര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും  500 ഓളം പ്രതിനിധികള്‍ സംഗമത്തില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.  ഐ.സി.സിയില്‍ നടന്ന പത്രസമ്മേളനത്തില്‍  സ്വാഗതസംഘം ചെയര്‍മാന്‍ കെ.കെ ഉസ്മാന്‍, ജനറല്‍ കണ്‍വീനര്‍ ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, ഇന്‍കാസ് ജനറല്‍ സെക്രട്ടറി മുഹമ്മദലി പൊന്നാനി, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ മന്‍സൂര്‍ പളളൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എന്‍ ഐ എ ഖത്തറിലെത്തുന്നു


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ : എന്‍ ഐ എ ഖത്തറിലേക്ക് എത്തുന്നു.ഐ.ജി ആയിരുന്ന തച്ചങ്കരിയുടെ വിവാദ ഖത്തര്‍ സന്ദര്‍ശനത്തെക്കുറിച്ച് അന്വേഷണം നടത്താനാണ്‌ ദേശീയ അന്വേഷണ ഏജന്‍സി ഖത്തറില്‍ എത്തുന്നത്.
മാസങ്ങള്‍ക്കു മുമ്പു നടത്തിയ ഗള്‍ഫ് യാത്രക്കിടെ ഖത്തറിലെത്തിയ തച്ചങ്കരി തീവ്രവാദബന്ധമുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയും ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാമെന്നു വാഗ്ദാനം ചെയ്തതായാണ് ആരോപണം. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നു ഖത്തറിലെ ഇന്ത്യന്‍ അംബാസഡറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ എന്‍.ഐ.എ ഖത്തറില്‍ എത്തുന്നത്‌.
അംബാസഡര്‍ ദീപാ ഗോപാലനില്‍ നിന്നു നേരിട്ട് മൊഴിയെടുക്കാനും തച്ചങ്കരി ഖത്തറില്‍ ആരൊക്കെ കണ്ടു എന്നും എന്‍ ഐ എ അന്വേഷിക്കുമെന്നറിയുന്നു.മാര്‍ച്ച് 31 നു മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ്‌ ദേശീയ അന്വേഷണ ഏജന്‍സിയോട് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്.
സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിനു തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ച തച്ചങ്കരി ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായിരുന്നു.കണ്ണൂര്‍ ഐ.ജി.യായിരിക്കേ, സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് അനധികൃതമായി വിദേശയാത്ര നടത്തിയതിന് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ് തച്ചങ്കരി.

2011 ഫെബ്രുവരി 15, ചൊവ്വാഴ്ച

ഗള്‍ഫിലെ ഏറ്റവുമധിക ശമ്പള വര്‍ധനവ് ഖത്തറില്‍

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: കഴിഞ്ഞ വര്‍ഷത്തില്‍ ഏറ്റവും ശബളവര്‍ദ്ദനവ് ഖത്തറില്‍ . പശ്ചിമേഷ്യയിലെ ഓണ്‍ലൈന്‍ റിക്രുട്ട്മെന്റ് സ്ഥാപനമായ ഗള്‍ഫ് ടാലന്റ് ഡോട്കോം നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഗള്‍ഫ് ടാലന്റ് ആറാം വാര്‍ഷിക പതിപ്പില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2010  - 2011  ലെ തൊഴിലും ശമ്പള പ്രവണതകളും എന്ന സര്‍വേയില്‍ ആറു ഗള്‍ഫ് രാജ്യങ്ങളിലെ 1,400 കമ്പനികളെയും 32,000 പ്രൊഫഷനലുകളെയും ഉള്‍പ്പെടുത്തിയിരുന്നു.
2010ല്‍ ഖത്തറിലും സഊദി അറേബ്യയിലുമാണ് ഏറ്റവുമധികം ശമ്പള വര്‍ധനയുണ്ടായത്. ഖത്തറില്‍ 6.8 ശതമാനം, സഊദിയില്‍ 6.7 ശതമാനം എന്നിങ്ങനെയാണിത്. 6.4 ശതമാനം വര്‍ധനയുള്ള ഒമാന്‍ മൂന്നാം സ്ഥാനത്തും 5.7 ശതമാനം വര്‍ധനയുള്ള കുവൈത്ത് നാലാം സ്ഥാനത്തുമാണുള്ളത്. യു.എ.ഇയില്‍ 5.2 ശതമാനവും ബഹ്റൈനില്‍ 4.9 ശതമാനവും വര്‍ധന മാത്രമാണ്‌ ഉണ്ടായിരിക്കുന്നത്.
ഗള്‍ഫില്‍ ചെറുകിട മേഖലയിലാണ് ഏറ്റവുമധികം ശമ്പള വര്‍ധനയുണ്ടായിരിക്കുന്നത് 6.4 ശതമാനം. വിദ്യാഭ്യാസ മേഖലയില്‍ 3.8 ശതമാനം മാത്രമേയുള്ളൂ. ഏറ്റവും ചെറിയ വര്‍ധനയാണിത്. തൊഴില്‍ വിഭാഗങ്ങളില്‍ എച്ച്.ആര്‍ പ്രൊഫഷനലുകള്‍ക്ക് 7.1 ശതമാനം വര്‍ധനയോടെ ഏറ്റവും ഉയര്‍ന്ന നിലയിലെങ്കില്‍ അഭിഭാഷകര്‍ക്കാണ് ഏറ്റവും കുറഞ്ഞ വര്‍ധനയുള്ളത് 4.3 ശതമാനമാനത്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രൊഫഷനലുകളില്‍ ഏറ്റവുമധികം ശമ്പളം ലഭിക്കുന്നത് ഏഷ്യന്‍ വംശജര്‍ക്കാണ്. 6.1 ശതമാനം വര്‍ധന ഏഷ്യക്കാരായ പ്രൊഫഷനലുകള്‍ക്ക് ലഭിക്കുമ്പോള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷനലുകള്‍ക്ക് ലഭിക്കുന്നത് 3.2 ശതമാനം വര്‍ധന മാത്രമാണ്.
കഴിഞ്ഞ വര്‍ഷത്തില്‍ 11.1 ശതമാനം വളര്‍ച്ച ഇന്ത്യന്‍ സാമ്പത്തിക മേഖലക്കുണ്ടായപ്പോള്‍ ബ്രിട്ടനില്‍ 2.4 ശതമാനം വളര്‍ച്ച മാത്രമാണുണ്ടായത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ തൊഴിലില്ലായ്മ വളരെയധികം ഉയര്‍ന്നുവെന്നും ഈ വളര്‍ച്ച തുടരുമെന്നാണ് പറയുന്നത്.

സാനിയ മിര്‍സ ഖത്തര്‍ ഓപ്പണില്‍ കളിക്കും

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തര്‍ ഓപ്പണില്‍ സാനിയ മിര്‍സ കളിക്കും.വൈറ്റ് കാര്‍ഡ് എന്‍‌ട്രി നേടിയാണ്‌ സാനിയ ഖത്തറില്‍ കളിക്കാനെത്തുന്നത്. ഫെബ്രുവരി 21 മുതല്‍ 26 വരെയാണു മല്‍സരം. ഖത്തര്‍ ടെന്നിസ് ഫെഡറേഷന്റെ നേതൃത്വത്തിളാണ്‌ ഖത്തര്‍ ഓപ്പണ്‍ നടക്കുന്നത്.
വില്ലാജിയോ, സിറ്റി സെന്റര്‍ , ലാന്‍ഡ്മാര്‍ക്, ഖലീഫ ഇന്റര്‍നാഷനല്‍ ടെന്നിസ് ആന്‍ഡ് സ്ക്വാഷ് കോംപ്ലക്സ് വഴിയും ടിക്കറ്റുവില്‍പന ഉണ്ടാകും.ഖത്തര്‍ ടെന്നിസ് ഫെഡറേഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ടിക്കറ്റുകള്‍ വാങ്ങാം.

ഖത്തര്‍ഗ്യാസിന് ലോക റെക്കോര്‍ഡ്

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ലോകത്തിലെ ഏറ്റവും വലിയ ദ്രവീകരണ പ്രകൃതി വാതക ഉല്‍പ്പാദകരെന്ന ബഹുമതി ഖത്തര്‍ ഗ്യാസിനു ലഭിച്ചു. റാസ്‌ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ നഗരത്തിലുള്ള 'ഖത്തര്‍ഗ്യാസ് 4' പദ്ധതിയുടെ ഏഴാമത് യൂണിറ്റും കൂടി  ഉല്പാദനം ആരംഭിച്ചതോടെയാണ് ഖത്തര്‍ഗ്യാസിന് ഈ നേട്ടം സ്വന്തമാക്കാനായത്.
ഖത്തറിനെ സംബന്ധിച്ചിടത്തോളം ഈ നേട്ടം സുപ്രധാന നാഴികക്കല്ലാണെന്ന് ഊര്‍ജ, വ്യവസായ മന്ത്രിയും ഖത്തര്‍ ഗ്യാസ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഡോ. മുഹമ്മദ്‌സാലിഹ് അല്‍ സദ പറഞ്ഞു. 'ഖത്തര്‍ ഗ്യാസ് 4' പദ്ധതിയില്‍ , ഖത്തര്‍പെട്രോളിയത്തിന് 70ശതമാനവും ഷെല്ലിന് 30ശതമാനവും ഓഹരിയുമാണുള്ളത്.

2011 ഫെബ്രുവരി 9, ബുധനാഴ്‌ച

ക്യാന്‍സര്‍ കണ്ടെത്താനുള്ള ഉപകരണവുമായി ഖത്തരി ശാസ്ത്രജ്ഞന്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ : സ്തനാര്‍ബുദം നേരത്തെ കണ്ടെത്താനും രോഗം വ്യാപിക്കുന്നത് തടയാനും സഹായിക്കുന്നതുമായ ഉപകരണവുമായി ഖത്തരി ശാസ്ത്രജ്ഞന്‍ രംഗത്ത്. നാനോ റോബോട്ടിക് ഉപകരണം ഡോ. മആനാണ്‌ വികസിപ്പിച്ചെടുത്തത്. ഈ കണ്ടുപിടുത്തത്തിനായി അദ്ദേഹത്തിന്‌ അമേരിക്കയിലെ പേറ്റന്റ്, കോപ്പിറൈറ്റ്, ട്രേഡ്മാര്‍ക്ക് കോണ്‍ഗ്രസ് ലൈബ്രറി ഓഫീസിന്റെ പേറ്റന്റ് എന്നിവ ലഭിച്ചുകഴിഞ്ഞു.
ഖത്തര്‍ നാഷനല്‍ ക്യാന്‍സര്‍ സൊസൈറ്റി ചെയര്‍മാനായ ഡോ. മആന്‍ ‍,അമേരിക്കയിലെ ലേസര്‍ പ്ലാസ്മ ലബോറട്ടറിയുടെ തലവന്‍ ഡോ. മാര്‍ട്ടിന്‍ റിച്ചാര്‍ഡ്‌സണ്‍ അടക്കമുള്ള ശാസ്ത്രജ്ഞരാണ് ഇദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത്. ഈ സംഘത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ജര്‍മനി, കാനഡ, സൗദി അറേബ്യ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള കമ്പനികളും സ്ഥാപനങ്ങളും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.നാസയുടെ ഹെല്‍ത്ത് കണ്‍സള്‍ട്ടന്റ് കൂടിയായ ഡോ. മആന്‍ ,ന്യൂറോഫാര്‍മക്കോളജിയില്‍ ബിരുദാനന്തരബിരുദവും ഫിസിക്‌സില്‍ ഡോക്ടറേറ്റും നേടിയ ശേഷം ന്യൂക്ലിയര്‍ ഗവേഷകനായി 1982 മുതല്‍ അമേരിക്കയിലാണ്‌ താമസം.

'സേവനത്തിലൂടെ പഠനം' ഐ.സി.ബി.എഫ് ശില്‍പശാല


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: 'സേവനത്തിലൂടെ പഠനം' എന്ന വിഷയത്തില്‍ ഐ.സി.ബി.എഫ് ശില്‍പശാല സംഘടിപ്പിച്ചു.കഴിഞ്ഞദിവസം ഐ.സി.സിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ധാര്‍മികമൂല്യങ്ങളെക്കുറിച്ചും ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും കൈനാട്ട് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷക്കീല്‍ അഹമദ് കാക്‌വി സംസാരിച്ചു.
വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തോടെയുള്ള സാമൂഹിക സേവന പരിപാടിക്ക് തുടക്കമിട്ടു. ഖത്തറിലെ ആറ് ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി 175 വിദ്യാര്‍ഥികളാണ് പരിപാടിയുമായി സഹകരിക്കുന്നത്.പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ ഐ.സി.ബി.എഫ് നടത്തുന്ന വിവിധ സേവന പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളായ വളണ്ടിയര്‍മാരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതാണ് പരിപാടി. ഇതിന്റെ ഭാഗമായി   തുടര്‍ന്ന് വിവിധ കളികളും ഐ.സി.ബി.എഫിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്‌കിറ്റ് അവതരണവും ഉണ്ടായിരുന്നു.
ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി അനില്‍ നോട്യാല്‍ വിദ്യാര്‍ഥികള്‍ക്ക് വളണ്ടിയര്‍ ബാഡ്ജുകള്‍ വിതരണം ചെയ്തു.ആശുപത്രി സന്ദര്‍ശനം, തൊഴിലാളികള്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പ്, ഹെല്‍പ് ഡെസ്‌ക് തുടങ്ങി ഐ.സി.ബി.എഫ് സംഘടിപ്പിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ വരുന്ന ഒരു വര്‍ഷത്തേക്കാണ്‌ ഈ വിദ്യാര്‍ഥി വളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തുക.
എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ ‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ‍, ബിര്‍ള പബ്ലിക് സ്‌ക്കൂള്‍ ‍, ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ‍, ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ‍, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ എട്ട്, ഒമ്പത് ക്ലാസ് വിദ്യാര്‍ഥികളാണ് ശില്‍പശാലയില്‍ പങ്കെടുത്തത്.

ഖത്തര്‍ മലയാളം ബ്ലോഗ്ഗേഴ്സ് സംഗമം നാളെ


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ : ഖത്തറിലെ മലയാളം ബ്ലോഗ്ഗേഴ്സ്സിന്റെ സംഗമം നാളെ (ഫെബ്രുവരി 11 വെള്ളിയാഴ്‌ച്ച) നടക്കും.ക്വാളിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഓഡിറ്റോറിയത്തിൽ  വെച്ച്‌ ഉച്ചക്ക് 2  മണി  മുതല്‍ വൈകീട്ട് 6  മണി വരെയാണ്‌ പരിപാടി.ഇത് അഞ്ചാം തവണയാണ്‌ ഖത്തര്‍ മലയാളം ബ്ലോഗ്ഗേഴസ്സ് സംഗമം നടക്കുന്നത്.
2011 ലെ ആദ്യ ബ്ലോഗ് മീറ്റെന്ന പ്രത്യേഗത കൂടിയുള്ള ഈ സംഗമത്തില്‍ ഖത്തറിലെ എല്ലാ മലയാളം ബ്ലോഗ് എഴുത്തുക്കാരും പുതുതായി ബ്ലോഗ് തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവരും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് ഇസ്മായില്‍ കുറുമ്പടി 55406549 ,രാമചന്ദ്രന്‍ വെട്ടികാട് 55891237 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.