പേജുകള്‍‌

2011, മേയ് 21, ശനിയാഴ്‌ച

പാചകവാതകക്ഷാമത്തിനു പുറമെ സിലിണ്ടറില്‍ വെള്ളവും

പുന്നയൂര്‍ക്കുളം: തീരദേശമേഖലയിലെ ഉപഭോക്താക്കള്‍ക്കാണ് ഗ്യാസിനു പകരം വെള്ളം നിറച്ച സിലിണ്ടര്‍ ലഭിക്കുന്നത്. പുന്നയൂര്‍ക്കുളം പനന്തറയിലെ ഒരു വീട്ടില്‍ സിലിണ്ടര്‍ കണക്്ട് ചെയ്ത് ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ തീ കത്താത്തത് കണ്ട് പരിശോധിച്ചപ്പോഴാണ് സിലിണ്ടറില്‍ വെള്ളം നിറച്ചതു ശ്രദ്ധയില്‍പ്പെട്ടത്. ഏജന്‍സി ഓഫിസില്‍ അറിയിച്ചപ്പോള്‍ സിലിണ്ടര്‍ മാറ്റിനല്‍കാമെന്നാണ് മറുപടി ലഭിച്ചത്.

സിലിണ്ടര്‍ നിറയ്ക്കുന്ന ഗ്യാസ് ഫില്ലിങ് പ്ളാന്റില്‍ പ്രഷര്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി സിലിണ്ടറിനുള്ളില്‍ വെള്ളം നിറയ്ക്കാറുണ്ട്. ഇതില്‍ സംഭവിച്ച പിഴവാണ് വെള്ളം നിറച്ച സിലിണ്ടര്‍ ലഭിക്കാനിടയായതെന്ന് സംശയിക്കുന്നു. പാചകവാതക ക്ഷാമംമൂലം ഉപയോക്താക്കള്‍ ബുദ്ധിമുട്ടുന്നതിനിടയിലാണ് ഇത്തരത്തിലുള്ള സംഭവം. 25 ദിവസം പിന്നിടുമ്പോള്‍ സിലിണ്ടര്‍ നിറച്ചു നല്‍കണമെന്നാണ് നിബന്ധനയെങ്കിലും 30 ദിവസം കഴിഞ്ഞാലും പലര്‍ക്കും സിലിണ്ടര്‍ ലഭിക്കാത്ത സ്ഥിതിയാണ്. സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനായി ഏജന്‍സി ഓഫിസുകളിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍ ഫോണ്‍ എടുക്കാറില്ലെന്ന ആക്ഷേപവുമുണ്ട്.

എന്നാല്‍ പാചകവാതക സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വ്യാപകമായി ലഭിക്കുന്നുണ്ട്. ഇരട്ടിയിലധികം വില ഈടാക്കിയാണ് കരിഞ്ചന്തയില്‍ സിലിണ്ടറുകള്‍ മറിച്ചുവില്‍ക്കുന്നത്. ഇതിന് 600 രൂപ മുതല്‍ 700 രൂപ വരെ അധികവിലയാണ് ഈടാക്കുന്നത്. കരിഞ്ചന്തയിലുള്ളവര്‍ ഉപയോക്താക്കളുടെ ബുക്കുകള്‍ ശേഖരിച്ച് 25 ദിവസം കൂടുമ്പോള്‍ ഗ്യാസ് നിറച്ച് മറിച്ചുകൊടുക്കുകയാണ് പതിവ്. ചാവക്കാട് താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ പാചകവാതക സിലിണ്ടറുകള്‍ ലഭ്യമാണ്. കരിഞ്ചന്തക്കാര്‍ക്ക് സഹായം ചെയ്യുന്ന വിധത്തിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സമീപനമെന്നും ആക്ഷേപമുണ്ട്.

ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ട മെച്ചപ്പെട്ട സേവനം ഏജന്‍സികള്‍ നല്‍കാതെ കരിഞ്ചന്തക്കാരെ പ്രോല്‍സാഹിപ്പിക്കുന്ന നടപടി അവസാനിപ്പിക്കാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പാചകവാതക സിലിണ്ടറുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നതും വര്‍ധിച്ചുവരികയാണ്.

റെയ്ഡുകള്‍ നടത്തി ഇവ പിടിച്ചെടുക്കാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല. ഇത് ഭാവിയില്‍ പാചകവാതകക്ഷാമം രൂക്ഷമാക്കുന്നതിനിടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.