പേജുകള്‍‌

2011, മേയ് 14, ശനിയാഴ്‌ച

വൈദ്യുത ദീപങ്ങള്‍ പ്രകാശം ചൊരിഞ്ഞു, പാവറട്ടി വിശുദ്ധ യൌസേപ്പിതാവിന്റെ തീര്‍ഥ കേന്ദ്രത്തിന് തിരുനാള്‍ ശോഭയേകി


പാവറട്ടി: പതിനായിരക്കണക്കിന് വൈദ്യുത ദീപങ്ങള്‍ പ്രകാശം ചൊരിഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന ദീപക്കാഴ്ച വിശുദ്ധ യൌസേപ്പിതാവിന്റെ തീര്‍ഥ കേന്ദ്രത്തിന് തിരുനാള്‍ ശോഭയേകി. സെന്റ് തോമസ് ആശ്രമാധിപന്‍ ഫാ. സെബി പാലമറ്റത്ത് ദീപാലങ്കാരം ഉദ്ഘാടനം ചെയ്തതോടെ വിശുദ്ധന്റെ സന്നിധിയിലേക്ക് വിശ്വാസികളുടെ ഒഴുക്ക് തുടങ്ങി. ചലിക്കുന്ന അരുളിക്കയും വിശുദ്ധരുടെ തിരുസ്വരൂപങ്ങളും റോസാപൂക്കളും ദീപാലങ്കാരത്തില്‍ മിന്നി തെളിഞ്ഞതോടെ തീര്‍ഥകേന്ദ്രത്തില്‍ തിങ്ങിനിറഞ്ഞ ജനക്കൂട്ടം കരഘോഷം മുഴക്കി

കാഴ്ചയോടൊപ്പം പള്ളിമണികളുടെ സംഗീതവും മറ്റും കാഴ്ചക്കാരുടെ മനം നിറച്ചു. പാവറട്ടി സിജെ ലൈറ്റ് ആന്‍ഡ് സൌണ്ട്സിലെ ജെന്‍സന്‍ വയനാടനും സംഘവും വര്‍ണമനോഹരമായ ദീപവിതാനം അണിയിച്ചൊരുക്കിയത്. ദീപാലങ്കാരം സ്വിച്ച് ഓണ്‍ ചെയ്തതോടെ തീര്‍ഥകേന്ദ്രത്തിന്റെ തിരുമുറ്റത്ത് ഇലക്ട്രിക്കല്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ സാംപിള്‍ വെടിക്കെട്ട് നടന്നു. വാനില്‍ വര്‍ണപൂക്കള്‍ വിരിയിച്ച വെടിക്കെട്ട് ആയിരങ്ങള്‍ക്ക് ഹരമായി. തെക്ക് സൌഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ വൈക്കം ചന്ദ്രനും സംഘവും നയിച്ച പഞ്ചവാദ്യ സന്ധ്യ തിരുനാളിന്റെ ഇമ്പം കൂട്ടി.

ഇന്നാണ് പ്രസിദ്ധമായ ഊട്ടുസദ്യ. രാവിലെ പത്തിന് തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്റെ കാര്‍മികത്വത്തില്‍ നൈവേദ്യ പൂജ നടത്തി നേര്‍ച്ച ഭക്ഷണം ആശിര്‍വദിക്കുന്നതോടെ ഊട്ടുസദ്യ തുടങ്ങും. ഞായറാഴ്ച ഉച്ചവരെ തുടരുന്ന ഊട്ടുസദ്യയില്‍ ഒന്നര ലക്ഷം വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഉച്ചയ്ക്ക് 1.30 മുതല്‍ മട്ടന്നൂരിന്റെ നടയ്ക്കല്‍ മേളം അരങ്ങേറും. വൈകിട്ട് 5.30ന് അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ തിരുനാള്‍ ഒൌദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബിഷപ്പിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സമൂഹബലിയര്‍പ്പണം നടക്കും. തുടര്‍ന്നാണ് തിരുനാളിന്റെ മുഖ്യ ആകര്‍ഷണമായ കൂടുതുറക്കല്‍ ചടങ്ങ്.

7.30ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ മുഖമണ്ഡപത്തിലെ രൂപക്കൂടില്‍ പ്രതിഷ്ഠിക്കുന്നതോടെ ആദ്യവെടിക്കെട്ടിന് തിരി കൊളുത്തും. പള്ളികമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈ വെടിക്കെട്ട്. കുണ്ടന്നൂര്‍ സുന്ദരാക്ഷനാണ് വെടിക്കെട്ടിന്റെ അമരത്ത്. രാത്രി 12ന് വളയെഴുന്നള്ളി പ്പുകള്‍ ദേവാലയത്തില്‍ സമാപിക്കുന്നതോടെ വടക്കു വിഭാഗം വെടിക്കെട്ട് നടത്തും. അത്താണി ജോഫിയാണ് വടക്കു വിഭാഗത്തിന് വെടിക്കൊട്ടൊരു ക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മുതല്‍ ഒന്‍പതു വരെ തുടര്‍ച്ചയായി ദിവ്യബലി. പത്തിന് തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ഡേവിസ് പുലിക്കോട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും.

ഫാ. വിന്‍സന്റ് കുണ്ടുകുളം സന്ദേശം നല്‍കും. തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടക്കും. പ്രദക്ഷിണം ഇറങ്ങുന്ന സമയത്ത് നിര്‍മാണ തൊഴിലാളികളുടെ നേതൃത്വത്തില്‍ പ്രദക്ഷിണ വെടിക്കെട്ട് ഉണ്ടാകും. വൈകിട്ട് അഞ്ചിനും ഏഴിനും ദിവ്യബലി. രാത്രി 8.30നാണ് തെക്കു വിഭാഗത്തിന്റെ വെടിക്കെട്ട്. വടകര രാജീവാണ് വെടിക്കൊട്ടൊരുക്കുന്നത്. വിശുദ്ധ യൌസേപ്പിതാവിന്റെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ തീര്‍ഥാടകര്‍ക്ക് പള്ളി ഓഫിസില്‍ നിന്നു ലഭിക്കും. വിശുദ്ധന്റെ ലില്ലിപൂ, വള എന്നിവ സമര്‍പ്പണത്തിന് മുഖമണ്ഡപത്തില്‍ പ്രത്യേകം സൌകര്യമുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.