പേജുകള്‍‌

2011, സെപ്റ്റംബർ 10, ശനിയാഴ്‌ച

കോടികള്‍ ചെലവാക്കിയിട്ടും അറ്റം കാണാതെ കണ്ണോത്ത്-പുല്ലഴി ലിങ്ക് ഹൈവേ


പാവറട്ടി: കോടികള്‍ ചെലവാക്കിയിട്ടും അറ്റം കാണാതെ കണ്ണോത്ത്-പുല്ലഴി ലിങ്ക് ഹൈവേ റോഡിന്റെ നിര്‍മാണം നിലച്ചു. വടക്കു-പടിഞ്ഞാറന്‍ മേഖലയില്‍നിന്നു ജില്ലാ ആസ്ഥാനത്തേക്ക് എളുപ്പത്തില്‍ എത്താന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ റോഡ്. ഏഴു വര്‍ഷം മുന്‍പ് മുന്‍ എംഎല്‍എ എം.കെ. പോള്‍സണനാണു റോഡ് കൊണ്ടുവന്നത്. 

റോഡ് യാഥാര്‍ഥ്യമായാല്‍ ദേശീയപാത 17ല്‍നിന്നു പുളിക്കക്കടവ് പാലം വഴി തൃശൂരിലെത്താനും എളുപ്പമാണ്. അടാട്ട് പടവുവഴി റോഡിനെ അമല നഗറുമായി മുട്ടിച്ചാല്‍ നിര്‍ദിഷ്ട അമല-മണ്ണുത്തി ബൈപാസിലെത്താനും എളുപ്പം. തൃശൂര്‍ നഗരത്തെ ഒഴിവാക്കി ദേശീയപാത 17ല്‍നിന്നു ദേശീയപാത 47ലേക്കു ഗതാഗതക്കുരുക്കില്ലാതെ ഏറ്റവും എളുപ്പത്തില്‍ എത്താനും ഈ റോഡ് ഉപകരിക്കും.

വെങ്കിടങ്ങ് പഞ്ചായത്തിലെ കണ്ണോത്തുനിന്നു തുടങ്ങി ഏലമുത, മണല്‍പ്പുഴ, പൊണ്ണമുത, കരിമ്പാടം, അടാട്ട് പടവ്, കോഞ്ചിറ പടവ് തുടങ്ങി പത്തിലധികം കോള്‍നിലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് അയ്യന്തോളില്‍ എത്തിക്കുകയായിരുന്നു പദ്ധതി. 12 കിലോമീറ്ററുള്ള റോഡിനുവേണ്ട ഭൂമി കെഎല്‍ഡിസി അധികൃതര്‍ മരാമത്തിനു കൈമാറി. നബാര്‍ഡ് ഏറ്റെടുത്ത റോഡിനായി 3.5 കോടി രൂപ ചെലവിട്ടു. അടിയില്‍ 13 മീറ്ററും മുകളില്‍ എട്ടു മീറ്ററും വീതിയില്‍ റോഡ് മണ്ണിട്ടുയര്‍ത്തി. കോള്‍ ചാലുകള്‍ക്കു മീതെ രണ്ടു പാലങ്ങള്‍ പണിതു. 

റോഡ് പുല്ലഴി വലിയ പാലത്തിനടുത്തെത്തിയപ്പോള്‍ ഭരണം മാറി. അതോടെ റോഡിന്റെ നിര്‍മാണം നിലച്ചു. തുടര്‍ന്നു വന്ന എംഎല്‍എ ഈ റോഡിനായി പ്രത്യേക താല്‍പര്യം കാട്ടിയില്ല. 7.25 കോടി രൂപയായിരുന്നു റോഡിന് അനുവദിച്ചിരുന്നത്. ചെലവാക്കിയതിന്റെ ബാക്കി തുക ലാപ്സായി. റോഡ് ഉയര്‍ത്താനായി അടിച്ച മണ്ണ് പലയിടത്തും ഒലിച്ചുപോയി. ചില കോള്‍പടവുകാര്‍ പാടശേഖരത്തിലെ ബണ്ട് ബലപ്പെടുത്താന്‍ റോഡിനടിച്ച മണ്ണ് കവര്‍ന്നു. ചിലയിടത്ത് റോഡ് ഇപ്പോള്‍ നടപ്പാതയായി. 

പാവറട്ടി, മുല്ലശേരി, വെങ്കിടങ്ങ് പ്രദേശത്തുള്ളവര്‍ക്കു  റോഡ്പണി നടന്നിരുന്നെങ്കില്‍ തൃശൂരിലെത്താന്‍ 10 കിലോമീറ്റര്‍ ലാഭിക്കാമായിരുന്നു. സമയലാഭവും ഏറെ. തൃശൂര്‍-വാടാനപ്പള്ളി സംസ്ഥാന പാതയിലെ തിരക്കും ഒഴിവാക്കാമായിരുന്നു. അടിയന്തര പ്രാധാന്യമുള്ള ഈ ലിങ്ക് ഹൈവേ റോഡ് എത്രയും വേഗം പുനര്‍നിര്‍മിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. ഇതിനായി നാട്ടുകാര്‍ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. 

2 അഭിപ്രായങ്ങൾ:

  1. എല്ലാ വികസന നടപടികളും ഇങ്ങനെ ആണ് രാഷ്ട്രീയക്കാരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളില്‍ പെട്ട് മുരടിക്കുന്നു.. ജാതി മത രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ ഒന്നിച്ചാലെ ഇതിനൊരു അറുതി വരൂ ...വാര്‍ത്തക്ക് നന്ദി

    മറുപടിഇല്ലാതാക്കൂ
  2. todays most of the politicions are not serving others/nation. they are only thinking about selfish devolopments. so the non-donkey people have to find out the right people, & choose & elect them for the actual devolopment for the nation.

    മറുപടിഇല്ലാതാക്കൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.