പേജുകള്‍‌

2011, സെപ്റ്റംബർ 6, ചൊവ്വാഴ്ച

സൌഹാര്‍ദ വടംവലി മത്സരം കുന്നംകുളത്തിന് വേറിട്ടൊരു അനുഭവമായി

കുന്നംകുളം: വിവിധ സംഘടനകളിലെ അംഗങ്ങളെ പങ്കെടുപ്പിച്ച് സൌഹാര്‍ദ വടംവലി മത്സരം കുന്നംകുളത്തിന് വേറിട്ടൊരു അനുഭവമായി. കുന്നംകുളം പോലീസ്, പ്രസ് ക്ളബ്, ചേംബര്‍ ഓഫ് കൊമേഴ്സ്, യൂത്ത് വിംഗ് എന്നിവരുടെ നേതൃത്വത്തിലാണ് വടംവലി മത്സരം സംഘടിപ്പിച്ചത്. 
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനു കുന്നംകുളം ജവഹര്‍ സ്ക്വയറില്‍ ആരംഭിച്ച മത്സരത്തില്‍ ആദ്യം ശക്തിപരീക്ഷിച്ചത് നഗരസഭയിലെ പുരുഷ കൌണ്‍സിലര്‍മാരായിരുന്നു.ലയണ്‍സ് ക്ളബുമായി വലിയിലെ ശക്തി പരീക്ഷിച്ച കൌണ്‍സിലര്‍മാര്‍ അടിയറവു പറഞ്ഞു. പിന്നീട് മത്സരിച്ചത് കുന്നംകുളം പോലീസിലെ വനിതാ വിഭാഗവും നഗരസഭയിലെ വനിതാ കൌണ്‍സിലര്‍മാരുമായിരുന്നു.

ഇഞ്ചോടിഞ്ച് വലി മുറുകിയപ്പോള്‍ വനിതാ കൌണ്‍സിലര്‍മാരും അടിപതറി. തുടര്‍ന്ന് നടത്തിയ വിവിധ മത്സരങ്ങളില്‍ ഫയര്‍ഫോഴ്സും, പ്രസ് ക്ളബും, ഡെന്റല്‍ അസോസിയഷനും, കോമേഴ്സ് സര്‍ക്കിളും, ബാങ്ക് ഓഫീസര്‍മാരും, വൈസ്മെന്‍ ക്ളബും ഒന്നാം റൌണ്ട് വിജയം കണ്ടു. അവസാന റൌണ്ടില്‍ കുന്നംകുളം പോലീസും ചേംബര്‍ ഓഫ് കോമേഴ്സുമാണ് ശക്തിപരീക്ഷിച്ചത്. ഏറെനേരം നീണ്ടുനിന്ന വലിയില്‍ പോലീസിനെ തോല്പിച്ച് ചേംബര്‍ ഓഫ് കോമേഴ്സ് ജേതാക്കളായി. 

കുന്നംകുളത്ത് സജീവമായി നില്ക്കുന്ന എല്ലാ സംഘടനകളെയും ഒരേ വേദിയില്‍ അണിനിരത്തി സൌഹാര്‍ദത്തിന്റെ ഒരു പുതിയ വേദി ഒരുക്കാന്‍ ശ്രമിച്ച സംഘാടകസമിതിയെ എല്ലാവരും അഭിനന്ദിച്ചു. നേരത്തെ ടൌണ്‍ ചുറ്റി ആന, വാദ്യമേളം, കലാരൂപങ്ങള്‍ എന്നിവ അണിനിരത്തി സാംസകാരിക ഘോഷയാത്രയും ഉണ്ടായിരുന്നു.

വിജയികള്‍ക്ക് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുന്നംകുളം പോലീസ് സബ് ഇന്‍സ്പെക്ടര്‍ മഹേന്ദ്ര സിംഹന്‍ അധ്യക്ഷനായിരുന്നു. നടന്‍ വി.കെ. ശ്രീരാമന്‍ ഓണസന്ദേശം നല്കി. കണ്‍വീനര്‍മാരായ എം. ബിജുബാല്‍, എ.പി. കബീര്‍, ലെബീസ് ഹസന്‍, ജോസ് മാളിയേക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.