ഗുരുവായൂര്‍: 12 സംഗീതോപകരണങ്ങളിലായി 12 വയസ്സുകാരനായ അനന്തകൃഷ്ണന്‍ സംഗീതവിസ്മയം തീര്‍ത്തു. ഗുരുവായൂര്‍ മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ച രാവിലെ 7.45 മുതല്‍ 12.45 വരെയായിരുന്നു ഇത് അരങ്ങേറിയത്. നവരാഗമാലികയില്‍ ഗണപതിസ്തുതി പാടിയായിരുന്നു തുടക്കം.
തുടര്‍ന്ന് മൃദംഗം, ബുള്‍ബുള്‍, തബല, കീബോര്‍ഡ്, ഗഞ്ചിറ, മാന്റൊലിന്‍, ഘടം, ഫ്‌ളൂട്ട്, ഗിത്താര്‍, വയലിന്‍, വീണ, ഹാര്‍മോണിയം എന്നീ ഉപകരണങ്ങള്‍ നിരത്തിവെച്ച് അനന്തകൃഷ്ണന്‍ ആസ്വാദകര്‍ക്കുമുന്നില്‍ സംഗീതമാന്ത്രികനായി. ഹിന്ദുസ്ഥാനിയും കര്‍ണാട്ടിക്കും മാറ്റിമറിച്ചുള്ള ഈ വേറിട്ട സംഗീതരീതി പുതുമയുള്ളതുമായി.
മൃദംഗത്തില്‍ പത്തുമിനിട്ട് ആദിതാളത്തിലൂടെയുള്ള യാത്ര, പിന്നീട് ബുള്‍ബുളില്‍ വാതാപി, തബലയില്‍ തീംതാള്‍, കീബോര്‍ഡില്‍ 'കൃപയ പാലയ', ഗഞ്ചിറയില്‍ മിശ്രചാപ്പ് തുടങ്ങിയവ അവതരിപ്പിച്ചശേഷം ഫ്‌ളൂട്ടും ഗിത്താറും വയലിനും വീണയും ഹാര്‍മോണിയവും ചേര്‍ത്തുള്ള പഞ്ചരത്‌നകീര്‍ത്തനംകൂടി വായിച്ച് ഈ കൊച്ചുമിടുക്കന്‍ അല്ഭുതം തീര്‍ക്കുകയായിരുന്നു.
കൊല്ലത്ത് ബിസിനസ്സുകാരനായ മംഗലത്ത് സുരേഷ്‌കുമാറിന്റെയും കേരള യൂണിവേഴ്‌സിറ്റി ടെക്‌നിക്കല്‍ അസിസ്റ്റന്റായ രമാദേവിയുടെയും മകനാണ് അനന്തകൃഷ്ണന്‍. മൂന്നുവയസ്സുമുതല്‍ സംഗീതം അഭ്യസിച്ചുതുടങ്ങി. പ്രശസ്ത സംഗീതജ്ഞന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കിയത്. പിന്നീട് ടി.എന്‍. സരസ്വതിയമ്മയുടെ ശിഷ്യത്വം സ്വീകരിച്ചു. 12 ഉപകരണങ്ങളിലും പ്രശസ്തരായവരാണ് അനന്തകൃഷ്ണന്റെ ഗുരുക്കന്മാര്‍. മൂന്നു വര്‍ഷം മുമ്പാണ് എല്ലാ ഉപകരണങ്ങളും ചേര്‍ത്തുള്ള വേറിട്ട സംഗീതപരിപാടി ചിട്ടപ്പെടുത്തിയത്. തിരുവനന്തപുരം പാങ്ങോട് ആര്‍മി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് അനന്തകൃഷ്ണന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.