പേജുകള്‍‌

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

പൊട്ടിയ ലൈന്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിലെ വീഴ്ചയാണ് പാലയൂര്‍ ദുരന്തത്തിനു കാരണം: വൈദ്യുതി വകുപ്പ്

ചാവക്കാട്: ഗാര്‍ഹിക കണക്ഷന്‍ നല്‍കിയതിലെ അപാകതയും പൊട്ടിയ ലൈന്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിലെ വീഴ്ചയുമാണ് പാലയൂര്‍ ദുരന്തത്തിനു കാരണമെന്ന് വൈദ്യുതി വകുപ്പ് സമ്മതിക്കുന്നു. പാലയൂരില്‍ സ്കൂളിലേക്കു പോകുകയായിരുന്ന അച്ഛനും മകനും വൈദ്യുതാഘാതമേറ്റു മരിച്ച സംഭവം സംബന്ധിച്ച് ഗുരുവായൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ. പ്രസാദ് ചീഫ് എന്‍ജിനീയര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് വീഴ്ച സമ്മതിച്ചത്.

ദുരന്തത്തിന്റെ യഥാര്‍ഥ കാരണവും ജീവനക്കാരുടെ ഭാഗത്തെ വീഴ്ചയും കണ്ടെത്തുന്നതിന് വിശദമായ അന്വേഷണം വേണമെന്നും വൈദ്യുതി വകുപ്പ് തയാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു. വൈദ്യുതി വിതരണ സംവിധാനത്തിലെ ഗുരുതരമായ വീഴ്ചയാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. തെക്കന്‍ പാലയൂര്‍ റോഡില്‍ സ്ഥാപിച്ച പോസ്റ്റില്‍നിന്നു തൊട്ടടുത്ത വീട്ടിലേക്ക് വൈദ്യുതി നല്‍കുന്നതിനാണ് സര്‍വീസ് കേബിള്‍ വലിച്ചിരുന്നത്. 

സര്‍വീസ് കണക്ഷന്‍ നല്‍കിയതില്‍തന്നെ അപാകതയുണ്ട്. ആവശ്യമായ സുരക്ഷ ഉറപ്പാക്കാതെയാണ് കണക്ഷന്‍ നല്‍കിയിരിക്കുന്നത്. പോസ്റ്റില്‍നിന്നു നേരിട്ട് വീട്ടിലെ മീറ്റര്‍ ബോര്‍ഡിലേക്കാണ് ലൈന്‍ വലിച്ചിരിക്കുന്നത്. ലൈന്‍ സുരക്ഷിതമാക്കുന്നതിന് ഇടയ്ക്കു പോസ്റ്റ് സ്ഥാപിക്കുകയോ, വീട്ടില്‍നിന്ന് സപ്പോര്‍ട്ട് പോസ്റ്റ് സ്ഥാപിക്കുകയോ വേണം. സപ്പോര്‍ട്ട് പോസ്റ്റ് സ്ഥാപിക്കാതെ കണക്ഷന്‍ നല്‍കുമ്പോള്‍ താഴ്ന്നു പോകുന്ന സര്‍വീസ് കേബിളിനെ ഉയര്‍ത്തുന്നതിന് ജിഐ കമ്പി എല്‍ടി ലൈനിന്റെ താഴെ കെട്ടിയതെന്നാണ് സൂചന. 

ജിഐ കമ്പി വൈദ്യുതി പ്രവഹിക്കുന്ന ഗാര്‍ഹിക ലൈനിന്റെ മുകളില്‍ കെട്ടിയതുമൂലമാണ് അപകടത്തിന് ഇടയായത്. ലൈന്‍ പൊട്ടിയ വിവരം സെക്ഷന്‍ ഓഫിസില്‍ അറിയിച്ച സുനില്‍ എന്നയാളില്‍നിന്നു വൈദ്യുതി വകുപ്പ് മൊഴിയെടുത്തു. എന്നാല്‍, വിവരം തങ്ങള്‍ അറിഞ്ഞില്ലെന്ന നിലപാടില്‍ ജീവനക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. ഫോണ്‍ ആരാണെടുത്തതെന്ന് അറിയാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. ലൈന്‍ പൊട്ടിക്കിടക്കുന്ന അവസ്ഥയിലും സമീപ പ്രദേശത്തെ പാണഞ്ചേരി ലൈന്‍ ചാര്‍ജ് ചെയ്തതാണ് സുധീഷിന്റെയും വാസുദേവിന്റെയും മരണത്തിന് ഇടയാക്കിയത്. 

ആ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മൂന്നുപേരെയാണ് സസ്പെന്‍ഡ് ചെയ്തത്. ജീവനക്കാരുടെ എണ്ണത്തിലെ കുറവാണ് സമയോചിതമായി നടപടി എടുക്കുന്നതിന് തടസ്സം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 25000 കണക്ഷനുള്ള ചാവക്കാട് സെക്ഷനില്‍ ലൈന്‍മാന്‍മാരുടെയും വര്‍ക്കര്‍മാരുടെയും കുറവുണ്ട്. ആറു വര്‍ക്കര്‍മാര്‍ വേണ്ടിടത്ത് മൂന്നുപേരാണുള്ളത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.