പേജുകള്‍‌

K M AKBAR എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
K M AKBAR എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 മേയ് 17, ചൊവ്വാഴ്ച

ചേറ്റുവ അഴിമുഖം മല്‍സ്യത്തൊഴിലാളികളുടെ പേടി സ്വപ്നമായി മാറുന്നു

കെ.എം.അക്ബര്‍
ചാവക്കാട്: ഒരിടളവേളക്കു ശേഷം അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ ചേറ്റുവ അഴിമുഖം മല്‍സ്യത്തൊഴിലാളികളുടെ പേടി സ്വപ്നമായി മാറുന്നു. ഒരാഴ്ച്ചക്കിടെ അഞ്ചു ബോട്ടുകളാണ് ഇവിടെ മണല്‍ത്തിട്ടയിലിടിച്ച് അപകടത്തില്‍പ്പെട്ടത്. രണ്ട് ബോട്ട് പൂര്‍ണമായും തകരുകയും  ഇരുപതോളം തൊഴിലാളികള്‍ അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു.

2011 മാർച്ച് 23, ബുധനാഴ്‌ച

കടല്‍ത്തീരത്ത് ഡോള്‍ഫിന്‍ ചത്ത് കരക്കടിഞ്ഞു

കെ.എം.അക്ബര്‍
ചാവക്കാട്: കടപ്പുറം  അഞ്ചങ്ങാടി വളവില്‍ കടല്‍ത്തീരത്ത് ഡോള്‍ഫിന്‍ ചത്ത് കരക്കടിഞ്ഞു. കഴിഞ്ഞ ദിവസമാണ് ആറടിയോളം നീളമുള്ള ഡോള്‍ഫിന്റെ ജഡം കടല്‍ തീരത്തെ കരിങ്കല്‍ ഭിത്തിക്കു മുകളില്‍ അടിഞ്ഞത്. വിവരമറിഞ്ഞ് പഞ്ചായത്ത് അധികൃതരെത്തി കടല്‍തീരത്തു തന്നെ കുഴിച്ചുമൂടി. മല്‍സ്യ ബന്ധന ബോട്ടുകളുടെ പ്രൊപ്പല്ലറുകളില്‍ തട്ടി ഡോള്‍ഫിനുകള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്.

കടന്നല്‍ കുത്തേറ്റ് മൂന്ന് കുട്ടികള്‍ക്ക് പരിക്ക്

കെ.എം.അക്ബര്‍
ചാവക്കാട്: എടക്കഴിയൂരില്‍ മൂന്ന് കുട്ടികള്‍ക്ക് കടന്നല്‍ കുത്തേറ്റു. എടക്കഴിയൂര്‍ ആറാംകല്ല് പടിഞ്ഞാറ് കല്ലുവളപ്പില്‍ വീട്ടില്‍ റഫീഖിന്റെ മക്കളായ റിംഷ (11), റിംഷാദ് (എട്ട്), റഫീഖിന്റെ സഹോദരന്‍ റൈഫുവിന്റെ മകന്‍ റിഹാന്‍ (രണ്ടര) എന്നിവര്‍ക്കാണ് കുത്തേറ്റത്.

2011 മാർച്ച് 21, തിങ്കളാഴ്‌ച

മെഹ്ദി ആവാസ്: പ്രായം തളര്‍ത്താത്ത ചൈതന്യവുമായി ഹൈദ്രേസ് കോയ തങ്ങള്‍

കെ.എം അക്ബര്‍
മലബാറിന്റെ കവാടം എന്നറിയപ്പെടുന്ന ചാവക്കാട്. സമയം രാത്രി ഏഴുമണി. വാഹനങ്ങള്‍ ഹോണടിച്ച് ചീറിപ്പായുന്നു. കടകളടച്ചും മറ്റു ജോലികള്‍ കഴിഞ്ഞും വീടെത്തി കിട്ടാന്‍ നെട്ടോട്ടമോടുന്ന ചിലര്‍. ഇതിനിടെ ഒരുസംഘം തിരക്കിട്ട് ഒരു പഴയ കോണ്‍ക്രീറ്റ് കെട്ടിടം ലക്ഷ്യം വെച്ച് വിവിധയിടങ്ങളില്‍ നിന്നും വരുന്നുാവും. ഗസലിന്റെ സംഗീത തലങ്ങള്‍ തേടിയാണ് ആ സംഘത്തിന്റെ യാത്ര. വര്‍ഷം ആറായി. ചാവക്കാട് അരിയങ്ങാടിയിലെ പഴയ കോണ്‍ക്രീറ്റ് കെട്ടിടത്തിനുള്ളില്‍ നിന്നും ഗസലുകള്‍ അലയടിച്ചുയരുകയാണ്. പഴമയുടെ പ്രൌഡിയില്‍ ഉയര്‍ന്നു നില്‍ക്കുന്ന ആ കെട്ടിടത്തിനകത്തെത്തി ഗസലിന്റെ പെരുമഴയില്‍ കുളിരു കോരുകയാകും ആ സംഘം.

2011 മാർച്ച് 20, ഞായറാഴ്‌ച

കരകാണാക്കടലലമേലേ.... മോഹപ്പൂങ്കുരുവി പറന്നേ....

കെ.എം.അക്ബര്‍
ചേറ്റുവ അഴിമുഖം. തൃശൂര്‍ ജില്ലയിലെ ചാവക്കാടിനടുത്തെ ഈ അഴിമുഖം പ്രാചീന തുറമുഖങ്ങളിലൊന്നായിരുവെന്ന് ലോകം സാക്ഷ്യപ്പെടുത്തുന്നു. കൊളോണിയല്‍ കാലഘട്ടത്തിലെ വാണിജ്യ മല്‍സരങ്ങളില്‍ ചേറ്റുവയുടെ ആധിപത്യത്തിനായുള്ള യുദ്ധങ്ങള്‍ നിര്‍ണായകമായിരുന്നു. ടിപ്പു സുല്‍ത്താനും ഡച്ചുകാരും ഇംഗ്ളീഷുകാരും സാമൂതിരിയും അങ്ങനെ ചേറ്റുവ തുറമുഖത്തിന്റെ അധിപന്‍മാരായി.

2011 മാർച്ച് 2, ബുധനാഴ്‌ച

യു.ഡി.എഫ് അഴിമതിക്കാരുടെ മുന്നണി: മന്ത്രി സി ദിവാകരന്‍

കെ എം അക്ബര്‍
ചാവക്കാട്: കുഞ്ഞാലികുട്ടിമാര്‍ക്കും പി ജെ ജോസഫുമാര്‍ക്കുമുള്ള മുന്നണിയാണ് യു.ഡി.എഫ് എന്ന് ഭക്ഷ്യ മന്ത്രി സി ദിവാകരന്‍ അഭിപ്രായപ്പെട്ടു. എല്‍.ഡി.എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ചാവക്കാട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. യു.ഡി.എഫില്‍ അഴിമതി നടത്തുന്നവരും സമൃദിയാണെന്നും ഇത്ര കാലം ഭരിച്ച എല്‍.ഡി.എഫ് മന്ത്രിമാര്‍ക്ക് തങ്ങളുടെ കൈകള്‍ ശുദ്ധമാണെന്ന് പറയാന്‍  പേടിയില്ലെന്നും അദേഹം പറഞ്ഞു.
യു.ഡി.എഫിനെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ ചില മാധ്യമങ്ങള്‍ മൊത്തക്കരാര്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി എം എ ബേബി പറഞ്ഞു.

എല്ലാവരും ഒരുപോലെയാണെന്നുള്ള ഇത്തരം പത്രങ്ങളുടെ നിലപാട് ആപല്‍ക്കരമാണ്.  പി ടി കുഞ്ഞു മുഹമ്മദ് അധ്യക്ഷത വഹിച്ചു.  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എം.എല്‍.എ മാരായ കെ വി അബ്ദുല്‍ ഖാദര്‍, ബാബു എം പാലിശേരി, എ.എ അസീസ്, ബേബി ജോണ്‍, ഉഴവൂര്‍ വിജയന്‍, സി കെ നാണു, സ്കറിയ തോമസ്, എ കെ സതീരത്നം, ടി ടി ശിവദാസ്, കെ കെ സുധീരന്‍, പി കെ സെയ്താലിക്കുട്ടി, എം കൃഷ്ണദാസ്, എന്‍ കെ അക്ബര്‍, സുരേഷ് വാര്യര്‍ സംസാരിച്ചു.

2011 ഫെബ്രുവരി 26, ശനിയാഴ്‌ച

ഗുരുവായൂരില്‍ സംസ്ഥാന ഹൈജമ്പ് ജേതാവിന് നേരെ ആക്രമണം


കെ എം അക്ബര്‍
ഗുരുവായൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയ ശ്രീനിത്ത് മോഹന് നേരെ ആക്രമണം. ഇന്നലെ വൈകീട്ട് സ്കൂളില്‍ പരിശീലനത്തിനായി ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്കൂളില്‍ എത്തിയ ശ്രിനിത്തിനെ പത്താം ക്ളാസിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. പരിക്കേറ്റ ശ്രിനിത്തിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് സംഭവം. പരിശീലനത്തിനായി സ്കൂളിലെത്തിയപ്പോള്‍ അക്രമികള്‍ മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നതു കണ്ട് തിരിച്ചു പോകാന്‍ ശ്രമിക്കുന്നതിനിടെ സംഘം തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ശ്രീനിത്ത് പറഞ്ഞു. ഹൈജമ്പിനായി ഉപയോഗിക്കുന്ന കിടക്കകളില്‍ മറ്റു വിദ്യാര്‍ത്ഥികള്‍ ചാടുന്നത് അദ്ധ്യാപകന്റെ നിര്‍ദ്ദേശ പ്രകാരം ആഴ്ചകള്‍ക്കു മുമ്പ് ശ്രീനിത്ത് തടഞ്ഞിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നറിയുന്നു. ഗുരുവായൂര്‍ ദേവസ്വത്തിലെ താല്‍ക്കാലിക ജീവനക്കാരനായ താമരയൂര്‍ തേക്കെ വീട്ടില്‍ മോഹനന്റെ മകനായ ശ്രീനിത്ത് മോഹന്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്ക്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥിയാണ്. 16 വര്‍ഷം മുമ്പുണ്ടായിരുന്ന 1.9 മീറ്റര്‍ റെക്കോര്‍ഡ് മറികടന്ന് 1.98 മീറ്റര്‍ ചാടി സ്വര്‍ണ്ണം നേടിയ ശ്രീനിത്ത് ദേശീയ തലത്തിലുള്ളതടക്കം നിരവധി മല്‍സരത്തില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

പോപുലര്‍ ഫ്രണ്ട് 'പ്രിയപ്പെട്ട നബി' മീലാദ് മീറ്റ്

കെ എം അക്ബര്‍    
വടക്കേകാട്: 'പ്രിയപ്പെട്ട നബി' മീലാദ് മീറ്റിനോടനുബന്ധിച്ച് പോപുലര്‍ ഫ്രണ്ട് കല്ലൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ മീലാദ് മീറ്റ് നടത്തി. മൂന്നാംകല്ല് സെന്ററില്‍ നടന്ന മീറ്റില്‍ അബ്ദുള്‍ നാസര്‍ ബാഖവി മുഖ്യ പ്രഭാഷണം നടത്തി. ഷാഫി ഞമനേങ്ങാട് അധ്യക്ഷത വഹിച്ചു. റാഫി കല്ലൂര്‍, ശരീഫ് കല്ലൂര്‍, ഹിഷാം കല്ലൂര്‍, സ്വബിര്‍ ആറ്റുപുറം സംസാരിച്ചു. ദഫ്മുട്ട്, അറബനമുട്ട് തുടങ്ങി കലാപരിപാടികളും അരങ്ങേറി.
ചാവക്കാട്: പോപുലര്‍ ഫ്രണ്ട് ബ്ളാങ്ങാട് ബീച്ച് യൂണിറ്റിന്റെ നേതൃത്വത്തില്‍ 'പ്രിയപ്പെട്ട നബി' മീലാദ് മീറ്റ് നടത്തി. ബ്ളാങ്ങാട് ബീച്ചില്‍ നടന്ന മീറ്റ് പി.എം അഷറഫ് ഉദ്ഘാടനം ചെയ്തു. ഷിഹാബുദീന്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ഫൈസല്‍, യൂണിറ്റ് സെക്രട്ടറി ഷറഫു, മുസ്തഫ സംസാരിച്ചു.


പാവറട്ടി: പോപുലര്‍ ഫ്രണ്ട് പാവറട്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ 'പ്രിയപ്പെട്ട നബി' മീലാദ് മീറ്റ് നടത്തി. വെണ്‍മേനാട് നടന്ന മീറ്റില്‍ സെയ്നുദീന്‍ മൌലവി മുഖ്യ പ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് ഷറഫുദീന്‍ തങ്ങള്‍, യൂണിറ്റ് സെക്രട്ടറി ഷമീര്‍ പാവറട്ടി സംസാരിച്ചു.

വെങ്കിടങ്ങ്: പോപുലര്‍ ഫ്രണ്ട് വെങ്കിടങ്ങ് യൂണിറ്റിന്റെ നേതൃത്വത്തില്‍ 'പ്രിയപ്പെട്ട നബി' മീലാദ് മീറ്റ് നടത്തി. മുപ്പട്ടിത്തറയില്‍ നടന്ന മീറ്റില്‍ കബീര്‍ വടക്കാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ആസിഫ്, സുബൈര്‍, ഷറഫു തങ്ങള്‍ സംസാരിച്ചു.

ചെന്ത്രാപ്പിന്നി: 'പ്രിയപ്പെട്ട നബി' മീലാദ് മീറ്റിനോടനുബന്ധിച്ച് പോപുലര്‍ ഫ്രണ്ട് കൈപ്പമംഗലം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ വാഹന ജാഥ നടത്തി. മതിലകത്ത് നിന്നും ആരംഭിച്ച ജാഥ ചെന്ത്രാപ്പിന്നി സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമാപന പൊതുസമ്മേളനത്തില്‍ ഷിഹാബ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. ഏരിയ പ്രസിഡന്റ് റഫീഖ് മൂന്നുപീടിക അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷെമീര്‍ ചെന്ത്രാപ്പിന്നി, ഹംസ കൊപ്രക്കളം സംസാരിച്ചു.

ചാവക്കാട്ട് കാര്‍ വൈദ്യുത പോസ്റ്റിലിടിച്ച് അഞ്ചു പേര്‍ക്ക് പരിക്ക്

കെ എം അക്ബര്‍
ചാവക്കാട്: നിയന്ത്രണം വട്ട് ട്രാന്‍സ്ഫോര്‍മര്‍ ഘടിപ്പിച്ച വൈദ്യുത പോസ്റ്റിലിടിച്ച് അഞ്ചു പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച പുലര്‍ച്ചെ നാലിന് ഓവുങ്ങലിലായിരുന്നു അപകടം. തിരുവനന്തപുരം ചെറിയകൊള്ളി കുന്നത്തു വീട്ടില്‍ പൊന്നമ്മ (48), മാതാവ് ഈശ്വരിയമ്മ (68), പൊന്നമ്മയുടെ മകള്‍ അമൃത (17), കാര്‍ ഡ്രൈവര്‍ മുരളീധരന്‍ നായര്‍ (50), തിരുവനന്തപുരം വഞ്ചിയൂര്‍ പ്രദീപ്കുമാര്‍ (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ഹൈടെക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും ഗുരുവായൂരിലേക്ക് വരുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. പരിക്കേറ്റ മൂന്ന് പേര്‍ ബാങ്ക് ഓഫ് ബറോഡ വഞ്ചിയൂര്‍ ശാഖയിലെ ജീവനക്കാരാണ്. എറണാകുളത്ത് ഇന്ന് നടക്കുന്ന ബാങ്കിന്റെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി പുറപ്പെട്ട സംഘം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി പോകാനായിരുന്നു തീരുമാനം. ഇടിയുടെ അഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

പ്രതീക്ഷയുടെ ചൂളംവിളിയുമായി ഗുരുവായൂര്‍-തിരുനാവായ പാത

കെ എം അക്ബര്‍
ഗുരുവായൂര്‍: ഗുരുവായൂര്‍-തിരുനാവായ പാതക്ക് 6.66 കോടി രൂപ അനുവദിച്ചതോടെ ഗുരുപവനപുരിയില്‍ പ്രതീക്ഷയുടെ ചൂളംവിളി. 15 വര്‍ഷം മുമ്പ് നടന്ന നിര്‍മാണ ഉദ്ഘാടനം ഒഴിച്ചാല്‍ പിന്നീട് പരസ്പരം പഴിചാരല്‍ മാത്രമാണ് ഗുരുവായൂര്‍-തിരുനാവായ പാതയുടെ പേരില്‍ നടന്നത്. 1994ല്‍ ഗുരുവായൂര്‍ റെയില്‍വെ സ്റ്റേഷന്‍ നിലവില്‍ വന്നപ്പോള്‍ ഗുരുവായൂര്‍ കുറ്റിപ്പുറം പാതക്കായാണ് ആദ്യം ആവശ്യമുയര്‍ന്നത്. 95 ല്‍ അന്നത്തെ കേന്ദ്ര റെയില്‍വെ സഹമന്ത്രി സുരേഷ് കല്‍മാഡി പാതയുടെ ഉദ്ഘാടനം നടത്തി. എന്നാല്‍ കുറ്റിപ്പുറത്തേക്ക് ലൈന്‍ നീട്ടിയാല്‍ കൂടുതല്‍ കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരുമെന്നതിനാല്‍ പാത താനൂരിലേക്ക് മാറ്റി. അതും ബുദ്ധിമുട്ടാണെന്ന് കണ്ടതോടെയാണ് പാതയുടെ ദിശ തിരുനാവായയിലേക്ക് മാറ്റിയത്. എന്നാല്‍ തുടരെ തുടരെ ദിശ മാറ്റിയതല്ലാതെ പാതയുടെ പണി ആരംഭിച്ചില്ല.  സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാത്തതു കൊണ്ടാണ് പണി വൈകുന്നതെന്നായിരുന്നു റെയില്‍വെ അധികൃതരുടെ വാദം. എന്നാല്‍ പാതയുടെ രൂപരേഖ പോലും നല്‍കാതെ എങ്ങനെ ഭൂമി ഏറ്റെടുക്കുമെന്ന് റവന്യു വകുപ്പിന്റെ ചോദ്യത്തില്‍ പാതയുടെ നിര്‍മാണം നിലച്ചു. ഗുരുവായൂരിലേക്ക് ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്നത് മലബാര്‍ മേഖലയില്‍ നിന്നായതിനാല്‍ ഗുരുവായൂര്‍-തിരുനാവായ പാത തീര്‍ഥാടകര്‍ക്കായിരിക്കും ഗുണം ചെയ്യുക.

ഗള്‍ഫില്‍ പണം തട്ടിപ്പ്: പിതാവിനും മകനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

കെ എം അക്ബര്‍
ഗുരുവായൂര്‍: ഗള്‍ഫില്‍ നിന്നും പണം തട്ടിപ്പ് നടത്തിയ കേസില്‍ പിതാവിനും മകനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ഗുരുവായൂര്‍ കണ്ടാണശേരി ചൊവ്വല്ലൂര്‍പ്പടി സ്വദേശി ഇ ഇ ഷറഫുദീന്റെ പരാതിയിലാണ് കാസര്‍കോഡ് ഹോസ്ദുര്‍ഗ് താലൂക്കില്‍ കാഞ്ഞങ്ങാട് കോവല്‍സ്റ്റോര്‍ റഷിദ് മന്‍സിലില്‍ അബ്ദുള്‍ റഹ്മാന്‍, മകന്‍ സിറാജുദീന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ചാവക്കാട് ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ഗുരുവായൂര്‍ പോലീസിനോട് ഉത്തരവിട്ടത്. ഷാര്‍ജയില്‍ ജോലി ചെയ്യുന്നതിനിടയില്‍ അബ്ദുള്‍ റഹ്മാനും സിറാജുദീനും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപ വാങ്ങുകയും രണ്ടര ലക്ഷം രൂപ തിരികെ നല്‍കിയ ശേഷം ബാക്കി തുക നല്‍കാതെ മുങ്ങിയെന്നും കാണിച്ചാണ് ഷറഫുദീന്‍ പരാതി നല്‍കിയത്. വാദിക്കു വേണ്ടി അഡ്വ. ബിജു വലിയപറമ്പില്‍ ഹാജറായി.

വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം നടത്താനൊരുങ്ങുന്നു

 കെ എം അക്ബര്‍
ചാവക്കാട്: സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടപ്പുറം തൊട്ടാപ്പില്‍ നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം നടത്താനൊരുങ്ങുന്നു. തിങ്കളാഴ്ച വീടുകളുടെ താക്കോല്‍ ദാനം മന്ത്രി കെ പി രാജേന്ദ്രനെ കൊണ്ട് നടത്താനാണ് റവന്യൂ അധികൃതര്‍ ശ്രമിക്കുന്നത്. 224 വീടുകളില്‍ 40 വീടുകളാണ് ഇപ്പോള്‍ പണിപൂര്‍ത്തിയാക്കിയിട്ടുള്ളത്. 7.14 ഏക്കര്‍ ഭൂമിയില്‍ ഫെബ്രുവരി 11നാണ് നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. 2010 ഏപ്രിലില്‍ വിഷുകൈനീട്ടമായി വീടുകളുടെ താക്കോല്‍ ദാനം നടത്തുമെന്ന് പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ മന്ത്രി കെ പി രാജേന്ദ്രന്‍ അറിയി ക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വീടുകളുടെ നിര്‍മാണം നടക്കുന്നത് ഇവിടെയാണ്. 224 വീടുകളില്‍ 40 വീടുകളുടെ മാത്രം പണി പൂര്‍ത്തിയായിരിക്കെ ബാക്കിയുള്ള 184 കുടുംബങ്ങള്‍ക്ക് എന്ന് വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് അധികൃതര്‍ ഇപ്പോഴും വ്യക്തമാക്കുന്നില്ല. അന്‍പതോളം വീടുകള്‍ക്ക് തറ മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്. സുനാമി പുനരധിവാസ പദ്ധതി പ്രകാരമുള്ള വീടുകളുടെ നിര്‍മാണം അടുത്ത മാസം 31നു മുമ്പ് പൂര്‍ത്തിയാക്കണമെന്ന നിയമസഭാ സമതിയുടെ ശുപാര്‍ശയാണ് വീടുകളുടെ നിര്‍മാണം മുഴുവന്‍ പൂര്‍ത്തിയാക്കാതെ ഉദ്ഘാടനം നടത്തുന്നതിന് കാരണമെന്നാണ് അധികൃതരുടെ വാദം. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മുഴുവന്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെ താക്കോല്‍ദാന ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന പരാതിയും വ്യാപകമായിട്ടുണ്ട്.

2011 ഫെബ്രുവരി 25, വെള്ളിയാഴ്‌ച

ജനസംഖ്യ കണക്കെടുപ്പ്: എല്‍.ആര്‍.യു.ആര്‍ പ്രസിദ്ധീകരിച്ചു

  കെ എം അക്ബര്‍
ചാവക്കാട്: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്‍.പി.ആറിന്റെ രൂപീകരണവുമായി ബന്നപ്പെട്ട് തീരദേശ വില്ലേജുകളില്‍ വിവരം ശേഖരിച്ചവരുടെ എല്‍.ആര്‍.യു.ആര്‍ തീരദേശത്തെ വലപ്പാട്, നാട്ടിക, വാടാനപ്പള്ളി, തളിക്കുളം, ഏങ്ങണ്ടിയൂര്‍, കടപ്പുറം, ഒരുമനയൂര്‍, കുണ്ടലിയൂര്‍, എടക്കഴിയൂര്‍ കടിക്കാട്, പുന്നയൂര്‍ എന്നീ വല്ലേജുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് മേല്‍പറഞ്ഞ വില്ലേജുകളില്‍ ഉള്‍പ്പെട്ട എന്യൂമറേഷന്‍ ബ്ളോക്കുകള്‍ പരിശോധിക്കാവുന്നതും പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും തെറ്റുകള്‍ തിരുത്തുന്നതിനും മരിച്ചവരുടെ പേരുകള്‍ ഒഴിവാക്കുന്നതിനും ഉള്‍പ്പെടുത്താത്ത പേരുകള്‍ ചേര്‍ക്കുന്നതിനും ആവശ്യമായ ഫോറങ്ങള്‍ വില്ലേജ്ആഫീസുകളില്‍ ലഭ്യമാണ്. പരാതികളും ആക്ഷേപങ്ങളും ബന്ധപ്പെട്ട തദ്ദേശ രജിസ്ട്രായ വില്ലേജ് ഓഫീസര്‍ക്ക് പ്രസിദീകരണ തിയ്യതി മുതല്‍ 20 ദിവസത്തിനുള്ളില്‍ നല്‍കേണ്ടതാണ്. ദേശീയ പ്രാധാന്യമായ വിഷയമായതിനാല്‍ എല്‍.ആര്‍.യു.ആര്‍ രജിസ്റ്റര്‍ പരിശോധിച്ച് തങ്ങളുടെ പേര്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് തഹസില്‍ദാര്‍ കെ മൂസക്കുട്ടി അറിയിച്ചു. 

ജനസംഖ്യ കണക്കെടുപ്പ്
ചാവക്കാട്: തലൂക്ക് പരിധിയില്‍ ജനസംഖ്യ കണക്കെടുപ്പിനായി ഏതെങ്കിലും വീട്ടില്‍ ഈ മാസ് 28 നുള്ളില്‍ എന്യുമറേറ്റര്‍മാര്‍ വരാത്തപക്ഷം സെന്‍സസ് കണ്‍ട്രോള്‍ റൂം നമ്പറായ 0487 2507350 എന്ന നമ്പറില്‍ അറിയിക്കണമെന്ന് തഹസില്‍ദാര്‍ കെ മൂസക്കുട്ടി അറിയിച്ചു.

2011 ജനുവരി 28, വെള്ളിയാഴ്‌ച

മണത്തല ചന്ദനക്കുടം നേര്‍ച്ചക്ക് തുടക്കമായി


കെ എം അക്ബര്‍
ചാവക്കാട്: പ്രസിദ്ധമായ മണത്തല ചന്ദനക്കുടം നേര്‍ച്ചക്ക് തുടക്കമായി. ഇന്ന് പുലര്‍ച്ചെ ചാവക്കാട് ടൌണില്‍ നിന്നും ആരംഭിച്ച പ്രജ്യോതിയുടെ കാഴ്ചയോടെയാണ് നേര്‍ച്ചക്ക് തുടക്കമായത്. പിന്നീട് വര്‍ണകാഴ്ച, മഹോല്‍സവ കാഴ്ച, മുഹബത്തിന്‍ കാഴ്ച, കാത്തിരുന്ന കാഴ്ച, റെയിന്‍ബോ കാഴ്ച, വോള്‍ഗ കാഴ്ച, നക്ഷത്ര സന്ധ്യ, വര്‍ണ മഹോല്‍സവം, അലയന്‍സ് കാഴ്ച, മത സൌഹാര്‍ദ കാഴ്ച, ജൂബിലി ദേശ കാഴ്ച, എച്ച്.എം.സി ഓട്ടോ ഡ്രൈവേഴ്സ് കാഴ്ച, ആലംബന കാഴ്ച, മതസ്ഹാര്‍ദ കാഴ്ച, നാട്ടുകാഴ്ച, വീട്ടു കാഴ്ച, തനിമ കാഴ്ച എന്നിവ ജാറം അങ്കണത്തിലെത്തി. നേര്‍ച്ചയിലെ പ്രധാന കാഴ്ചകളിലൊന്നായ താബൂത്ത് കാഴ്ച നാളെ രാവിലെ ഏഴിന് തെക്കഞ്ചേരിയില്‍ നിന്നും ആരംഭിച്ച് 11.30ന്് ജാറം അങ്കണത്തിലെത്തും. കൊടികയറ്റ കാഴ്ച ചാവക്കാട്, ബീച്ച്, കോട്ടപ്പുറം എന്നിവിടങ്ങളില്‍ നിന്നായി രാവിലെ 10ന് ആരംഭിച്ച് ഉച്ചക്ക് 12ന് 6ജാറം അങ്കണത്തിലെത്തി കൊടിയേറ്റും. തുടര്‍ന്ന് വിവിധ സംഘടനകളുടെയും ക്ളബുകളുടെയും നേതൃത്വത്തില്‍ പുലര്‍ച്ചെ വരെ കാഴ്ചകള്‍ തുടരും.

2011 ജനുവരി 2, ഞായറാഴ്‌ച

ഗുരുവായൂര്‍-തിരുനാവായ റെയില്‍പാത; അധിക കാലതാമസമുണ്ടാകില്ലെന്ന് റെയില്‍വെ മന്ത്രി കെ എച്ച് മുനിയപ്പ

കെ എം അക്ബര്‍
ഗുരുവായൂര്‍: റെയിവെ സ്റ്റേഷനില്‍ കൂടുതല്‍ പ്ളാറ്റ്ഫോമുകളുള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂമിയേറ്റെടുത്ത് നല്‍കുന്ന മുറയ്ക്ക് നടപ്പാക്കുമെന്ന് കേന്ദ്ര റെയില്‍വെ സഹമന്ത്രി കെ എച്ച് മുനിയപ്പ. ഇന്നലെ രാവിലെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഗുരുവായൂര്‍ തിരുനാവായ റെയില്‍പാത നിര്‍മ്മാണം ആംഭിക്കാന്‍ ഇനി അധികം കാലതാമസമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ദര്‍ശനത്തിനും തുലാഭാര വഴിപാടിനും ശേഷം അദ്ദേഹം ഗുരുവായൂര്‍ റെയിവെ ഗസ്റ്റ് ഹൌസിലെത്തി ഉന്നത ഉദ്യോഗസ്ഥരുമായി വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഭാര്യ നാഗരത്നമ്മ, അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വെ മാനേജര്‍ വി രാജീവന്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ കെ ബാലാജി, കൊമേഴ്സ്യല്‍ മാനേജര്‍ എം ടി ചെറിയാന്‍, ഇന്‍സ്പെക്ടര്‍മാരാായ കെ ഭാസ്കരന്‍, മനോജ്, ഗുരുവായൂര്‍ റെയില്‍വെ സൂപ്രണ്ട് എ എസ് നടരാജന്‍ എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു.

കാണാതായ ഗൃഹനാഥനായുള്ള കുടുംബത്തിന്റെ കാത്തിരിപ്പിന് നാലര വര്‍ഷം

റാണാ പ്രതാപ്‌  
പുന്നയൂര്‍ക്കുളം: ചികില്‍സക്കായി ആശുപത്രിയിലേക്ക് പോയി കാണാതായ ഗൃഹനാഥനായി കുടുംബത്തിന്റെ കാത്തിരിപ്പിന് നാലര വര്‍ഷം. അകലാട് സ്കൂളിനടുത്ത് ചക്കിയാംപറമ്പില്‍ ലത്തീഫി(45)നെയാണ് 2006 ഫെബ്രുവരി 16 മുതല്‍ കാണാതായത്. ബൈക്ക് അപകടത്തില്‍പ്പെട്ട് വലതു കൈയുടെ സ്വാധീനം നഷ്ടപ്പെട്ട ലത്തീഫ് ചികില്‍സക്കായി മകന്‍ ഷംസുദീനുമൊപ്പം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ചികില്‍സക്ക് പോയതായിരുന്നു. ഡോക്ടറെ കണ്ട് മടങ്ങി വരും വഴി കോഴിക്കോട് പ്രൈവറ്റ് സ്റ്റാന്റില്‍ വെച്ചാണ് ലത്തീഫിനെ കാണാതായത്. തന്നെ ബസ് സ്റ്റാന്റില്‍ നിര്‍ത്തി ഉടന്‍ തിരികെ വരാമെന്ന് പറഞ്ഞ് പോയതായിരുന്നു പിതാവെന്ന് മകന്‍ ഷംസുദീന്‍ പറയുന്നു. കോഴിക്കോട് പോലീസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നെങ്കിലും ഇതു വരെ ഒരു വിവരവും ലഭ്യമായിട്ടില്ല. 12 വര്‍ഷത്തോളം അല്‍ഐനില്‍ ജോലി ചെയ്തു വരികയായിരുന്ന ലത്തീഫ് 2000 ത്തിലാണ് നാട്ടിലെത്തിയത്. ലത്തീഫിന്റെ വരവും കാത്തിരിക്കുകയാണ് ഭാര്യയും അഞ്ചു മക്കളും.

നാടിനു വേണ്ടത് കര്‍മനിരതരാകുന്ന സമൂഹം: ഹൈദരലി ശിഹാബ് തങ്ങള്‍

കെ എം അക്ബര്‍
ചാവക്കാട്: മനുഷ്യ നന്‍മയുടെ പക്ഷത്ത് ചേര്‍ന്ന് കാരുണ്യത്തിന് വേണ്ടി കര്‍മനിരതരാകുന്ന സമൂഹമാണ് നാടിനു വേണ്ടതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. തിരുവത്ര വാദീനൂര്‍ ഇസ്ലാമിക്ക് അക്കാദമിയുടെ കീഴിലുള്ള ഗില്‍ഡ് സ്പെഷ്യല്‍ സ്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം. എം കെ എ കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ, അബ്ദുസമദ് പൂക്കോട്ടൂര്‍, ത്രീസ്റ്റാര്‍ കെ കുഞ്ഞിമുഹമ്മദ് ഹാജി, എസ് എം കെ തങ്ങള്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എ കെ സതിരതനം, ഹംസ ഉസ്താദ് റംലി, ഡോ.കുഞ്ഞാമുട്ടി, പി ടി കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍, ഇ പി മൂസ ഹാജി, എം വി കുഞ്ഞിമുഹമ്മദ് ഹാജി തടാകം, സി എച്ച് റഷീദ്, ആര്‍ പി ബഷീര്‍, കെ വി ഷാനവാസ്, എം ആര്‍ രാധാകൃഷ്ണന്‍, ഇന്ദിരാ രാമു, തേര്‍ളി നാരാണന്‍, നാസര്‍ ഫൈസി തിരുവത്ര, സി എ മുഹമ്മദ് റഷീദ് സംസാരിച്ചു.

മതസൌഹാര്‍ദം നിലനിര്‍ത്താന്‍ മുസ്ലിം ലീഗ് എന്നും മുന്‍പന്തിയില്‍: പി കെ കുഞ്ഞാലിക്കുട്ടി

കെ എം അക്ബര്‍
ചാവക്കാട്: മതസൌഹാര്‍ദം നിലനിര്‍ത്താന്‍ മുസ്ലിം ലീഗ് എന്നും മുന്‍പന്തിയിലുണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ഒരുമനയൂര്‍ ടോള്‍ പരിസരത്ത് ശബരിമല തീര്‍ഥാടകര്‍ക്ക് ഖത്തര്‍ കെ.എം.സി.സി നടത്തിയ ഇളനീര്‍ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ജില്ലാ ജനറല്‍ സെക്രട്ടറി സി എച്ച് റഷീദ്, പി വി അബ്ദുള്‍ വഹാബ്, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ഇഖ്ബാല്‍, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റജീനാ മൊയ്നുദീന്‍, വി കെ ഷാഹു ഹാജി, പി എം മുജീബ്, തെക്കരകത്ത് കരീം ഹാജി, വി കെ കുഞ്ഞാലു, വി പി ബക്കര്‍ ഹാജി, ഫൌസിയ ഇഖ്ബാല്‍, പി സി കോയമോന്‍, കെ ജെ ചാക്കോ, വി പി മന്‍സൂര്‍ അലി അബൂബക്കര്‍, ബദറു, എ കെ സെയ്തു മുഹമ്മദ് ഹാജി സംബന്ധിച്ചു.

അജീമീര്‍ സ്ഫോടനം: പോപുലര്‍ ഫ്രണ്ട് പ്രകടനം നടത്തി

കെ എം അക്ബര്‍
ചാവക്കാട്: അജ്മീര്‍ സ്ഫോടനത്തില്‍ കുറ്റക്കാരായ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിന് പ്രസിഡന്റ് ബി ടി സലാഹുദീന്‍ തങ്ങള്‍, സെക്രട്ടറി ഫൈസല്‍ തൊട്ടാപ്പ്, യൂണിറ്റ് പ്രസിഡന്റുമാരായ സുഫിയാര്‍, അമീര്‍, നസറുല്ല, അനസ് നേതൃത്വം നല്‍കി. പുന്നയൂര്‍ക്കുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടത്തിന് പ്രസിഡന്റ് മജീദ് തെക്കേക്കാട്ടില്‍, സെക്രട്ടറി നസീര്‍ നാലാംകല്ല്, യൂണിറ്റ് പ്രസിഡന്റുമാരായ ഷഫീഖ്, മുസമ്മില്‍, സഹ്ബീര്‍, അയൂബ് നേതൃത്വം നല്‍കി. 

കാഴ്ചയുടെ വിരുന്നൊരുക്കി വെള്ളരി കൊക്കുകള്‍ വരവായി

കെ എം അക്ബര്‍
കൊക്കുകളെ പിടിക്കാന്‍ വേട്ടക്കാരും രംഗത്ത്
ചാവക്കാട്: തിരുവത്ര മുട്ടില്‍ മത്തിക്കായല്‍ കോള്‍പടവില്‍ കാഴ്ചയുടെ വിരൊന്നൊരുക്കി വെള്ളരി കൊക്കുകള്‍ വരവായി. മുണ്ടകന്‍ കൃഷിക്കൊരുക്കിയ പാടത്ത് തൂവെള്ള നിറം പരത്തിയ വെള്ളരി കെക്കുകളെ കാണാനും ചിത്രം പകര്‍ത്താനും നിരവധി പേരാണ് ഇവിടെയെത്തുന്നുണ്ട്. പെരുമുണ്ടി, ചെറുമുണ്ടി, ഇടമുണ്ടി ഇനങ്ങളില്‍പ്പെട്ട വെള്ളരി കൊക്കുകളാണ് ഇവയിലധികവും. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ വെള്ളരി കൊക്കുകള്‍ കോള്‍പടവിലെത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ മാത്രം കണ്ടുവരുന്ന കാലിമുണ്ടി ഇനത്തില്‍പ്പെട്ട വെള്ളരി കൊക്കുകളും ഇവയിലുണ്ടെന്ന് ഗുരുവായൂരിലെ പക്ഷിനിരീക്ഷകനായ പി പി ശ്രീനിവാസന്‍ പറഞ്ഞു. അമിത മല്‍സ്യ സമ്പത്തുള്ള കേരളത്തിലെ കോള്‍പടവുകളില്‍ ഭക്ഷണത്തിന് വേണ്ടിയാണ് ഇവ ഇവിടെയെത്തുന്നതത്രേ. പകല്‍ നേരങ്ങളില്‍ പാടത്തെ പ്രാണികളെയും ചെറു മീനുകളെയും ഭക്ഷിച്ചു കഴിയുന്ന ഇവ രാത്രിയായാല്‍ സമീപപ്രദേശങ്ങളിലെ മരങ്ങളിലാണ് വസിക്കുക. കീട ബാധ ചെറുക്കാന്‍ നെല്‍ച്ചെടികളില്‍ തളിക്കുന്ന മരുന്നുകള്‍ കലര്‍ന്ന വെള്ളവും മൂലം കൊക്കുകളില്‍  പലതും ചത്തൊടുങ്ങുന്നുണ്ട്. കൂടാതെ കൂട്ടത്തോടെ കോള്‍പടങ്ങളിലിറങ്ങുന്ന വെള്ളരി കൊക്കുകളെ വെടിവെച്ച് പിടിക്കുന്നതും മേഖലയില്‍ വ്യാപകമാവുന്നുണ്ട്.