പേജുകള്‍‌

2010 ഡിസംബർ 9, വ്യാഴാഴ്‌ച

‘പ്രോഗ്രസീവ്‌ ചാവക്കാട്‌’ ഭാരവാഹികള്‍

ദുബായ്:  ചാവക്കാട്  പ്രദേശത്തെ പ്രവാസി കളുടെ   ദുബായിലെ കൂട്ടായ്മ ‘പ്രോഗ്രസീവ്‌ ചാവക്കാട്‌’  ജനറല്‍ ബോഡി യോഗവും ലോഗോ പ്രകാശനവും നടന്നു.
ഭാരവാഹികള്‍ : പ്രസിഡന്‍റ്. ഷാഹുല്‍ കണ്ണാട്ട് മണത്തല,  വൈസ്‌ പ്രസിഡന്‍റ്. മുട്ടില്‍ അനില്‍, സെക്രട്ടറി. ബോസ് കുഞ്ചേരി, ജോയിന്‍റ് സെക്രട്ടറി. വി. ബി. അജയ ഘോഷ്‌,  ട്രഷറര്‍. എം. എസ്. ശ്രീജിത്ത്. സൈഫു മണത്തല(പബ്ലിക്‌ റിലേഷന്‍), ഷരീഫ് ചാവക്കാട്(ഫിനാന്‍സ്‌), സതീശന്‍ തിരുവത്ര(ആര്‍ട്സ്‌).
പ്രസിഡന്‍റ് ഷാഹുല്‍ കണ്ണാട്ട് അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥി യായി പങ്കെടുത്ത ഗുരുവായൂര്‍ എം. എല്‍. എ.  കെ. വി. അബ്ദുല്‍ ഖാദര്‍  ലോഗോ പ്രകാശനം ചെയ്തു.   ദേര മലബാര്‍ റസ്റ്റോറണ്ടില്‍ നടന്ന പരിപാടി യോടനുബന്ധിച്ച്  ഗസല്‍, നാടന്‍ പാട്ടുകള്‍ എന്നിവ അവതരിപ്പിച്ചു.


ഗള്‍ഫില്‍ പുതിയതായി എത്തിച്ചേര്‍ന്ന തൊഴില്‍ അന്വേഷകര്‍ക്കും, പ്രവാസി കളില്‍ ജോലി നഷ്ടപ്പെടുന്ന വര്‍ക്കും  തൊഴില്‍ കണ്ടെത്തുവാന്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുക, തൊഴില്‍ അവസരങ്ങള്‍ അംഗങ്ങളിലേക്ക് എത്തിച്ചു കൊടുക്കുക  തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ കൂട്ടായ്മ യുടെ ഉദ്ദേശ ലക്ഷ്യങ്ങളില്‍ പെട്ടതാണ് എന്ന് സംഘാടകര്‍ അറിയിച്ചു.

ഇന്റര്‍നെറ്റ് അടിമത്തം അപകടം

ആധുനിക ജീവിത സൗകര്യങ്ങളില്‍ ഒഴിവാക്കാനാവാത്ത ഒന്നായി ഇന്റര്‍നെറ്റ് വളര്‍ന്നുകഴിഞ്ഞു. ഇ-മെയിലും ചാറ്റിങ്ങും ബ്രൗസിങ്ങുമെല്ലാം ശരാശരി മലയാളിയുടെ ശീലമായിക്കഴിഞ്ഞു. ഇതേസമയം തന്നെ, ഇന്റര്‍നെറ്റ് ദുരുപയോഗത്തിന്റെയും സൈബര്‍ കുറ്റകൃത്യങ്ങളുടെയും വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. യുവതലമുറയില്‍ 'ഇന്റര്‍നെറ്റ് അടിമത്തം' ഒരു പ്രശ്‌നമായി മാറുന്ന കാഴ്ചയാണ് കുറച്ചുനാളായി നാം കാണുന്നത്.
ഇന്റര്‍നെറ്റ് അഡിക്ഷന്‍
ജോലിയുമായി ബന്ധപ്പെട്ടല്ലാതെ, ഒരു വ്യക്തി ദീര്‍ഘനേരം ഇന്റര്‍നെറ്റ് ഉപയോഗിക്കുകയും അത് ആ വ്യക്തിയുടെ ജോലിയെയും സാമൂഹികജീവിതത്തെയും ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് 'ഇന്റര്‍നെറ്റ് അഡിക്ഷന്‍'. ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്:

' ജോലിയുമായി ബന്ധപ്പെട്ടല്ലാതെ ദിവസേന ആറ് മണിക്കൂറിലധികം ഇന്റര്‍നെറ്റിനു മുന്നില്‍ ചെലവിടുക; ഈ അവസ്ഥ മൂന്ന് മാസത്തിലേറെ നീണ്ടുനില്‍ക്കുക.

' നിത്യജീവിതത്തിലെ ബുദ്ധിമുട്ടുകളൊഴിവാക്കാനായി ഇന്റര്‍നെറ്റിനു മുന്നില്‍ സമയം ചെലവിടുക.

' ദോഷകരമാണെന്നറിഞ്ഞിട്ടും ഇന്റര്‍നെറ്റ് ഉപയോഗം നിയന്ത്രിക്കാന്‍ കഴിയാതെ വരിക.

' മറ്റെന്ത് പ്രധാനപ്പെട്ട ഉത്തരവാദിത്വമുണ്ടെങ്കിലും അതെല്ലാം അവഗണിച്ച് ഇന്റര്‍നെറ്റിന് മുന്നിലിരിക്കുക.

' ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ദൈര്‍ഘ്യം ദിനംപ്രതി വര്‍ധിച്ചുവരിക.

' നെറ്റ് ഉപയോഗിക്കാന്‍ പറ്റാത്ത ദിവസങ്ങളില്‍ അമിതദേഷ്യവും അസ്വസ്ഥതയും പ്രകടിപ്പിക്കുക.

' പത്രംവായന, ടി.വി. കാണല്‍, സംഗീതം തുടങ്ങി മറ്റ് വിനോദങ്ങളിലൊന്നും തീരെ താത്പര്യമില്ലാത്ത അവസ്ഥ.
ഇന്റര്‍നെറ്റിന് അടിമപ്പെട്ടവര്‍ നെറ്റിന്റെ സഹായത്തോടെ ലൈംഗിക ചിത്രങ്ങള്‍ കാണുക, ചൂതാട്ടം, ചാറ്റിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍സമയം ചെലവിടുന്നത്. ഈ ശീലം കൗമാരപ്രായക്കാര്‍ക്കിടയിലാണ് കൂടുതലായി കണ്ടുവരുന്നത്. ഇത്തരക്കാര്‍ ചീത്ത കൂട്ടുകെട്ടുകളില്‍ ചെന്ന് ചാടാനും പഠനം മോശമായി ഭാവിജീവിതം നശിപ്പിക്കാനും സാധ്യതയേറെയാണ്. 'സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്' സൈറ്റുകളിലൂടെ പ്രായത്തിനനുസൃതമല്ലാത്ത ബന്ധങ്ങള്‍ വളരുന്നതും കൗമാരക്കാരുടെയിടയില്‍ വര്‍ധിച്ചുവരുന്നുണ്ട്.

കാരണങ്ങള്‍
വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയും മാതാപിതാക്കളുടെ ശ്രദ്ധക്കുറവും പലപ്പോഴും കാരണമാണെന്ന് പറയാറുണ്ടെങ്കിലും ചില പ്രത്യേക വ്യക്തിത്വ സവിശേഷതകളുള്ളവര്‍ ഇന്റര്‍നെറ്റ് അടിമകളാകാന്‍ സാധ്യത കൂടുതലാണ്. ജന്മനാ ലജ്ജാശീലരും ആത്മവിശ്വാസം കുറവുള്ളവരുമായ കുട്ടികള്‍ കൗമാരമെത്തുമ്പോള്‍ ഇന്റര്‍നെറ്റിന് മുന്നില്‍ ചടഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. അമിതമായ പരീക്ഷണസ്വഭാവം പ്രകടിപ്പിക്കുന്ന, എപ്പോഴും പുതുമകള്‍ തേടുന്ന കുട്ടികളും ഈ ശീലത്തിന് അടിമകളായേക്കാം. ഇന്റര്‍നെറ്റ് അടിമകളായ കൗമാരക്കാര്‍ക്ക് ആശയവിനിമയശേഷി, സമ്മര്‍ദങ്ങളെ നേരിടാനുള്ള കഴിവ് എന്നിവ കുറവാണ്.
പൊതുവെ സ്വപ്നജീവികളായ, സുഹൃദ്ബന്ധങ്ങള്‍ അധികമില്ലാത്ത കുട്ടികളും വേഗം ഇന്റര്‍നെറ്റിന് അടിമകളായേക്കാം. മാതാപിതാക്കള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍, അമിതസ്വാതന്ത്ര്യമുള്ള ഗൃഹാന്തരീക്ഷം, ആവശ്യങ്ങള്‍എല്ലാം സാധിച്ചുകൊടുക്കുന്ന മാതാപിതാക്കള്‍, മാതാപിതാക്കളുടെ അമിത ഇന്റര്‍നെറ്റ് ഉപയോഗം തുടങ്ങിയവയും കുട്ടികളില്‍ ഈ ശീലം വളര്‍ത്താന്‍ കാരണമായേക്കാം. കൗമാരപ്രായക്കാര്‍ ഇന്റര്‍നെറ്റിനെ ഒരു 'സുഹൃത്തായി' കണ്ട് സമയം ചെലവഴിക്കാന്‍ തുടങ്ങുന്നതാണ് ഇന്റര്‍നെറ്റ് അടിമത്തത്തിന്റെ മനശ്ശാസ്ത്രം.ഇന്റര്‍നെറ്റ് അടിമകളുടെ മസ്തിഷ്‌കത്തിനും മറ്റ് ലഹരിവസ്തുക്കള്‍ക്ക് അടിമകളായവരുടേതിന് സമാനമായ ചില വ്യതിയാനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മസ്തിഷ്‌കത്തിലെ 'ഡോപ്പമിന്‍' എന്ന രാസപദാര്‍ഥത്തിന്റെ അളവിലുള്ള വ്യതിയാനം, മസ്തിഷ്‌കത്തിന്റെ ഇടതുഭാഗത്തിന്റെ വളര്‍ച്ചക്കുറവ് എന്നിവ അവയില്‍ ചിലതാണ്.

പ്രത്യാഘാതങ്ങള്‍
പഠനത്തില്‍ പിന്നോക്കാവസ്ഥ, സാമൂഹികജീവിതത്തിലും കുടുംബജീവിതത്തിലുമുള്ള തകരാറുകള്‍, ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ജോലിയിലെ പരാജയം, മാനസിക രോഗങ്ങള്‍ തുടങ്ങി പലവിധ പ്രശ്‌നങ്ങള്‍ ഇന്റര്‍നെറ്റ് അടിമകള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാഴ്ചക്കുറവ്, വിട്ടുമാറാത്ത തലവേദന, ശാരീരിക വേദനകള്‍, ക്ഷീണം തുടങ്ങി ദുര്‍മേദസ്സ്, ഹൃദ്രോഗം വരെയുള്ള വിവിധ ആരോഗ്യ പ്രശ്‌നങ്ങളും ഇവര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയേറെയാണ്.
മണിക്കൂറുകളോളം നീണ്ട 'ഓണ്‍ലൈന്‍ ഗെയിം' കളിച്ച ഒരു ഇരുപത്തെട്ടുകാരന്‍ ഗെയിമിന്റെ ഒടുവില്‍ മരണമടഞ്ഞ വാര്‍ത്ത 2005-ല്‍ ബി.ബി.സി. ന്യൂസ് പുറത്തുവിട്ടിരുന്നു! വിഷാദരോഗം, ശ്രദ്ധക്കുറവ്, ഉത്കണ്ഠ, അക്രമസ്വഭാവം തുടങ്ങിയ മാനസിക അസ്വാസ്്ഥ്യങ്ങള്‍ ഇത്തരക്കാരില്‍ കാണപ്പെടാറുണ്ട്.

പരിഹാരം
കുട്ടികളില്‍ ഇന്റര്‍നെറ്റ് ഉപയോഗം പരിമിതപ്പെടുത്തുക എന്നതാണ് പ്രധാന മാര്‍ഗം. കമ്പ്യൂട്ടര്‍, കുട്ടിയുടെ സ്വകാര്യ മുറിയില്‍ വെക്കാതെ ഹാളില്‍ത്തന്നെ വെക്കുക, അശ്ലീല സൈറ്റുകളും മറ്റും ബ്ലോക്ക് ചെയ്യുക, മാതാപിതാക്കള്‍ ഉള്ള സമയത്തുമാത്രം ഇന്റര്‍നെറ്റ് ഉപയോഗം അനുവദിക്കുക എന്നതും സഹായകമാണ്. അന്തര്‍മുഖരായ കുട്ടികളെ ആശയവിനിമയശേഷി മെച്ചപ്പെടുത്താനുള്ള പരിശീലനങ്ങള്‍ നല്‍കുന്നതും പ്രയോജനകരമാണ്.

'ഇന്റര്‍നെറ്റ് അടിമത്തം' ബാധിച്ചുകഴിഞ്ഞവരെ ശാസ്ത്രീയമായ ചികിത്സാരീതികള്‍ കൊണ്ട് അതില്‍നിന്ന് മോചിപ്പിക്കാന്‍ സാധിക്കും. ചിന്താഗതികളെയും പെരുമാറ്റങ്ങളെയും നിയന്ത്രിക്കാനുള്ള കൗണ്‍സിലിങ്, ജീവിതശൈലി ക്രമീകരണം, റിലാകേ്‌സഷന്‍ വ്യായാമങ്ങള്‍, യോഗ, കുടുംബാംഗങ്ങള്‍ക്കുള്ള കൗണ്‍സിലിങ് എന്നിവ ചികിത്സയിലെ പ്രധാന ഘടകങ്ങളാണ്. അനുബന്ധമായി വിഷാദരോഗം, ഉത്കണ്ഠാരോഗം, അമിതവികൃതി എന്നിവ ഉള്ളവര്‍ക്ക് ഔഷധചികിത്സയും വേണ്ടിവന്നേക്കാം.
കൗമാരപ്രായക്കാരില്‍ ജീവിതനൈപുണ്യങ്ങള്‍ വികസിപ്പിക്കാനായി 'ലൈഫ് സ്‌കില്‍സ് ട്രെയിനിങ്' പോലെയുള്ള വ്യക്തിത്വ വികസന പരിശീലനങ്ങള്‍ നല്‍കുന്നത് ഇന്റര്‍നെറ്റ് അടിമത്തത്തിന് കാരണമാകുന്ന പല അടിസ്ഥാന വ്യക്തിത്വ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സഹായിക്കും. മദ്യത്തിന്റെ ദുരുപയോഗം പ്രധാന ആരോഗ്യപ്രശ്‌നമായി വളര്‍ന്നുകഴിഞ്ഞ കേരളത്തില്‍, ഇന്റര്‍നെറ്റ് അടിമത്തം ഒരു പ്രശ്‌നമാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാന്‍ നാം ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്.

2010 ഡിസംബർ 8, ബുധനാഴ്‌ച

മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്കാരം ഗുരുവായൂര്‍ എം.എല്‍.എ. അബ്ദുല്‍ ഖാദറിന്

ദുബയ്: യു.എ.ഇ.യിലെ ഗുരുവായൂര്‍ നിവാസികളുടെ കൂട്ടാമയായ ഗുരുവായൂര്‍ എന്‍. ആര്‍.ഐ. ഫോറം സംഗമം ദുബയ് ശൈഖ്്് റാഷിദ് ഓഡിറ്റോറിയത്തില്‍ റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ശംസുദ്ദീന്‍ ബിന്‍ മൊഹിയുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്കാരം ഗുരുവായൂര്‍ എം.എല്‍.എ. അബ്ദുല്‍ ഖാദറിന് റീജന്‍സി ഗ്രുപ്പ് എം.ഡി. അന്‍വര്‍ അമീന്‍ സമ്മാനിച്ചു. മികച്ച വ്യാപാര പ്രമുഖനുള്ള പുരസ്കാരം ഫ്ളോറ ഗ്രൂപ്പ് ചെയര്‍മാന്‍ ഹസ്സന് സമ്മാനിച്ചു. തുടര്‍ന്ന് അഫ്സല്‍, ബിജു നാരായണന്‍ എന്നിവര്‍ നയിച്ച ഗാനമേളയും അരങ്ങേറി.

2010 ഡിസംബർ 7, ചൊവ്വാഴ്ച

കുട്ടികള്‍ക്ക് മുന്‍‌തൂക്കം നല്‍കി ഖത്തറില്‍ ആദ്യമായി കിഡ് മാള്‍ ഒരുങ്ങുന്നു

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: കുട്ടികള്‍ക്ക് മുന്‍‌തൂക്കം നല്‍കി ഖത്തറില്‍ ആദ്യമായി കിഡ് മാള്‍ ഒരുങ്ങുന്നു.ദുബൈ ആസ്ഥാനമായ പാര്‍ക്കോ, ഖത്തറിലെ ഫുഡ്‌വേള്‍ഡ് എന്നീ ഗ്രൂപ്പുകളുടെ സംയുക്ത സംരംഭമായാണ്‌ പാര്‍ക്കോ മാള്‍  എന്നു പേരിട്ടിരിക്കുന്ന ഈ മാളിള്‍ അത്യാധുനിക സംവിധാനങ്ങളോടെ മഅ്മൂറയിലാണ്‌ വരുന്നത് . മൂന്ന് നിലകളിലായി ഒരു ലക്ഷം ചതുരശ്രയടി വിസ്തൃതിയില്‍ ഷോപ്പിംഗിനും വിനോദത്തിനും വിപുലമായ സൗകര്യമൊരുക്കിയാണ് പാര്‍ക്കോ മാള്‍ ഡിസംബര്‍ രണ്ടാം വാരം  ഉപഭോക്താക്കള്‍ക്ക് സമര്‍പ്പിക്കുന്നത്.
കുട്ടികള്‍ക്കായി  ഒരു പ്രത്യേക മേഖല മാളില്‍ സജ്ജീകരിക്കുന്നുണ്ട്. ടോയ് സ്റ്റോര്‍‍ , കിഡ്‌സ് വെയര്‍ ഷോപ്പ്, കിഡ്‌സ് ഷൂ ഷോപ്പ്, കിഡ്‌സ് സ്റ്റേഷനറി ഷോപ്പ്, കിഡ്‌സ് ബുക്ക് സ്റ്റോര്‍ ‍, കിഡ്‌സ് സലൂണ്‍ ‍, കിഡ്‌സ് മാജിക് ഷോപ്പ്, കിഡ്‌സ് ഹോബി സ്റ്റോര്‍ എന്നിവ ഇതിലുള്‍പ്പെടുന്നു. 600 ചതുരശ്ര മീറ്ററില്‍ സര്‍ക്കസ് ലാന്റുമായി ചേര്‍ന്ന് കളിസ്ഥലവും വ്യത്യസ്ത വിനോദോപാധികളും കുട്ടികള്‍ക്കായി ഒരുക്കുന്നുണ്ട്.  പരിസ്ഥിതി സൗഹൃദ സങ്കല്‍പ്പത്തിന് ഊന്നല്‍ നല്‍കുന്ന മാളില്‍ സസ്യങ്ങളടങ്ങിയ തോട്ടവും കൂറ്റന്‍ അക്വേറിയവും സ്ഥാപിക്കും.
മൂന്നാം നിലയില്‍ 300 പേര്‍ക്ക് ഇരിക്കാവുന്ന ഫുഡ്‌കോര്‍ട്ടുമുണ്ട്. ദോഹ ബാങ്ക്, അല്‍ദാര്‍  എക്‌സ്‌ചേഞ്ച് എന്നിവയുടെ ശാഖകളും മാളിനോടനുബന്ധിച്ച് 350 കാറുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവുമുണ്ടായിരിക്കും. ഖത്തറില്‍ 10 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഫുഡ്‌വേള്‍ഡിന്റെ അഞ്ചാമത്തെ വ്യാപാര കേന്ദ്രമാണിത്.

എന്‍ ആര്‍ ഐകള്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍


നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ എന്‍.ആര്‍.ഐകള്‍ക്കും പാന്‍ (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍) നിര്‍ബന്ധമാണ്. അതുകൊണ്ട് തന്നെ വിദേശത്ത് നിന്നും പാന്‍കാര്‍ഡിനായി എങ്ങനെ അപേക്ഷ സമര്‍പ്പിക്കാമെന്നത് വിദേശ ഇന്ത്യക്കാര്‍ തിര്‍ച്ചയായും അറിഞ്ഞിരിക്കണം. ഇതിന് മുന്‍പ് പാന്‍ കാര്‍ഡ് എന്താണെന്ന് നോക്കാം?
ആദായ നികുതി വകുപ്പ് നല്‍കുന്ന പത്തക്ക ആല്‍ഫാ ന്യൂമറിക്ക് അക്കത്തോട് കൂടിയ തിരിച്ചറിയല്‍ കാര്‍ഡാണ് പാന്‍കാര്‍ഡ്. ഈ അക്കം ഉപയോഗിച്ചാണ് ആദായ നികുതി വകുപ്പ് നികുതി ദായകരെ തിരിച്ചറിയുന്നത്. നികുതിവെട്ടിപ്പും നികുതി സംബന്ധിച്ച ക്രമക്കേടുകളും തടയുന്നതിനാണ് നികുതി ദായകര്‍ക്ക് സര്‍ക്കാര്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യയില്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. വിദേശ ഇന്ത്യക്കാര്‍ ഇതിന് വേണ്ടി അപേക്ഷ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കുകയാണ് ഇവിടെ.
ഇന്ത്യന്‍ പൗരനാണെങ്കിലും അപേക്ഷ നല്‍കുന്ന സമയത്ത് വിദേശത്ത് ജോലി ചെയ്യുന്നവരെയാണ് ആദായ നികുതി വകുപ്പ് എന്‍.ആര്‍.ഐ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നികുതി അടയ്‌ക്കേണ്ട വിദേശ പൗരത്വമുളളവരെയും നോണ്‍ റെസിഡന്റ് ഗണത്തിലാണ് ആദായ നികുതി വകുപ്പ് പരിഗണിക്കുന്നത്.
വിദേശ ഇന്ത്യക്കാര്‍ പാന്‍കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
ഇന്റര്‍നാഷണല്‍ ടാക്‌സേഷന്‍ ഡയറക്ടറേറ്റില്‍ നിന്നുള്ള എ.ഒ കോഡ് നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.
നാട്ടിലെ മേല്‍വിലാസം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വിദേശത്തെ മേല്‍വിലാസം നല്‍കാവുന്നതാണ്. വിദേശത്തെ വീട്ട് അഡ്രസ്സോ, ഓഫീസ് അഡ്രസ്സോ നല്‍കാവുന്നതാണ്. വിദേശ അഡ്രസ്സാണ് നല്‍കുന്നതെങ്കില്‍ അപേക്ഷ നല്‍കുമ്പോള്‍ തന്നെ പാന്‍കാര്‍ഡ് അയച്ചു തരുന്നതിനായുള്ള കൊറിയര്‍ ചാര്‍ജ് നല്‍കണം.
മേല്‍വിലാസം നല്‍കുന്ന അവസരത്തില്‍ പൂര്‍ണമായ മേല്‍വിലാസം ഉള്‍ക്കൊള്ളിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പിന്‍ കോഡ് രേഖപ്പെടുത്താന്‍ മറക്കരുത്. ശരിയായ ഇ-മെയില്‍ വിലാസം നല്‍കേണ്ടതും നിര്‍ബന്ധമാണ്. വിദേശത്തെ വീട്ട് അഡ്രസ്സാണ് നല്‍കുന്നതെങ്കില്‍ അത് തെളിയിക്കുന്ന രേഖകളുടെ കോപ്പി നല്‍കണം.
ഇതെല്ലാം കഴിഞ്ഞാല്‍ പിന്നെ വേണ്ടത് അപേക്ഷകന്റെ പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോയാണ്. അപേക്ഷയില്‍ ഒപ്പിടേണ്ടതുമുണ്ട്.

പുന്നയൂര്‍ കനോലി കനാലിലേക്കുള്ള ബണ്ട് തകര്‍ന്ന് ഉപ്പുവെള്ളം കയറി

ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തില്‍ കനോലി കനാലിലേക്കുള്ള വശങ്ങളിലെ ബണ്ട് തകര്‍ന്ന് ഉപ്പുവെള്ളം കയറി പുഞ്ചപ്പാടശേഖരം നശിക്കുന്നു. ശുദ്ധജലസ്രോതസ്സുകളെ മലിനമാക്കുമെന്ന ആശങ്കയും വ്യാപകമായി. 20-ാം വാര്‍ഡില്‍ അകലാട് മൂന്നയിനി മുതല്‍ ബദര്‍പള്ളിവരെയുള്ള ഭാഗത്ത് ബണ്ട് തകര്‍ന്നുണ്ടായ രണ്ടുകുഴികളിലൂടെയാണ് കനോലി കനാലില്‍ നിന്നു ഉപ്പുവെള്ളം കയറുന്നത്.
പുഞ്ചപ്പാടശേഖരത്തില്‍ കൃഷി നടന്നിരുന്ന കാലത്ത് കഴകള്‍ കര്‍ഷകര്‍ താല്‍ക്കാലികമായി ബണ്ടുണ്ടാക്കി അടയ്ക്കുകയും തുറക്കുകയും പതിവായിരുന്നു. രണ്ടു പതിറ്റാണ്ടായി കര്‍ഷകര്‍ പുഞ്ചപ്പാടത്ത് കൃഷിയിറക്കാറില്ല. കഴകളില്‍ രണ്ടിടത്തും ശാസ്ത്രീയമായി ചീര്‍പ്പ് നിര്‍മിക്കണമെന്ന ആവശ്യം അധികൃതര്‍ അവഗണിച്ചപ്പോഴാണ് പാടശേഖരത്തിലേക്ക് ഉപ്പുവെള്ളം കയറുന്നത് പതിവായത്. കനോലി കനാലിനും പുഞ്ചപ്പാടത്തിനും തൊട്ടടുത്തുള്ള കിണറുകളിലെ വെള്ളം ഉപ്പുകലര്‍ന്ന് കഴിഞ്ഞു. കനോലികനാലിന്റെ ബണ്ട് തകര്‍ന്ന് രണ്ടുകഴകളിലും ചീര്‍പ്പ് നിര്‍മിച്ചില്ലെങ്കില്‍ സമീപപ്രദേശങ്ങളിലെ കിണറുകളെല്ലാം മലിനമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. രണ്ടുഭാഗത്തും ഉടന്‍ ചീര്‍പ്പുകള്‍ നിര്‍മിക്കണമെന്നും പുഞ്ചപ്പാടശേഖരത്തില്‍ ഇത്തവണ പുഞ്ചകൃഷിയിറക്കാന്‍ ആവശ്യമായ സഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് അകലാട് ഹരിതകലാ സാംസ്‌കാരികവേദി കണ്‍വീനര്‍ സലാം കോഞ്ചേടത്ത് പഞ്ചായത്തിനും ബ്ലോക്ക്പഞ്ചായത്തിനും ജില്ലാപഞ്ചായത്തിനും പരാതി നല്‍കി.

മത്സ്യ സംസ്കരണശാല തീവച്ചു സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു


ചാവക്കാട്: പുത്തന്‍കടപ്പുറത്ത് കോണ്‍ഗ്രസ് നേതാവിന്റെ മത്സ്യസംസ്കരണശാല സാമൂഹ്യവിരുദ്ധര്‍ തീവച്ച് നശിപ്പിച്ചു. ചാവക്കാട് നഗരസഭ 28-ാം വാര്‍ഡ് കൌണ്‍സിലറായ പി.എം.നാസറിന്റെ പിതാവ് പുത്തന്‍കടപ്പുറം പാണ്ടികശാലപറമ്പില്‍ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള മത്സ്യസംസ്കരണശാലയാണ് കത്തിനശിച്ചത്. ഞായറാഴ്ച രാത്രിയിലാണ് സംഭവം.
ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. ഓലമേഞ്ഞ മത്സ്യസംസ്കരണശാല പൂര്‍ണമായും കത്തിനശിച്ചു. മീന്‍വലകളും, വടങ്ങളും കത്തിനശിച്ചു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഗുരുവായൂരില്‍ തുണിക്കട കത്തി; ലക്ഷങ്ങളുടെ നഷ്ടം

ഗുരുവായൂര്‍: പടിഞ്ഞാറെ നടയിലെ റെഡിമെയ്ഡ് വസ്ത്രവ്യാപാരസ്ഥാപനമായ അണിയറയുടെ ഗോഡൌണില്‍ തീപിടിത്തം. തിങ്കളാഴ്ച്ച രാവിലെ 9.30-ഓടെയാണ് തീപിടിത്തം ഉണ്ടായത്. തുണിക്കടയുടെ പിന്‍വശത്ത് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ സ്റോക്ക് ചെയ്തിരുന്ന മുറിയും, തൊട്ടടുത്ത് സിഡികള്‍ സ്റ്റോക്ക് ചെയ്തിരുന്ന മുറിയുമാണ് കത്തിയത്. സിഡികള്‍ മുഴുവനായും കത്തിനശിച്ചു.
ശബരിമല സീസണായതിനാല്‍ ഭക്തിഗാന കാസറ്റുകളുടെ വന്‍ ശേഖരമാണ് സിഡി ഗോഡൌണില്‍ ഉണ്ടായിരുന്നത്. സീസണില്‍ സിഡികള്‍ സൂക്ഷിക്കുന്നതിനായി പഴഞ്ഞി സ്വദേശി വര്‍ഗീസ് താല്ക്കാലികമായി വാടകയ്ക്കെടുത്തതാണ് ഈ മുറി.
തൊട്ടടുത്ത മുറിയിലാണ് അണിയറയുടെ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ഗോഡൌണ്‍. ഈ മുറിയിലേക്ക് തീപടര്‍ന്ന് ഇവിടെ സൂക്ഷിച്ചിരുന്ന റെഡിമെയ്ഡ് വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും കത്തിനശിച്ചിട്ടുണ്ട്. ആകെ 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
രാവിലെ ഒമ്പരതോടെ തൊട്ടടുത്ത കടയിലെ ആളാണ് കടയുടെ പിന്നില്‍നിന്ന് പുക വരുന്നത് ആദ്യം കണ്ടത.് പെട്ടന്ന് തീപടരുകയായിരുന്നു.
ഗുരുവായൂര്‍ ഫയര്‍ഫോഴ്സെത്തി പത്തരയോടെ തീയണച്ചു. സ്റ്റേഷന്‍ ഓഫീസര്‍ ലാസര്‍, അസി. ഓഫീസര്‍ എന്‍.സി. കുട്ടന്‍, ഫയര്‍മാന്‍മാരായ ഷാജി, സാബു, സുരേഷ്, രഞ്ജിത്ത്, സജി പോള്‍, പ്രവീണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
താമരയൂര്‍ കല്ലായില്‍ സുകുമാരന്റെ ഉടമസ്ഥതയിലുള്ളതാണ് തുണിക്കട. മകന്‍ സുധീഷാണ് കട നടത്തുന്നത്. ഗുരുവായൂര്‍ അഡീഷണല്‍ എസ്ഐ മുരളീകൃഷ്ണദാസിന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.

ഒരുമനയൂര്‍ പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിലെ അപാകത പരിഹരിക്കണം

ചാവക്കാട്: ഒരുമനയൂര്‍ പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് റെജീന മൊയ്‌നുദ്ദീന്റെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് നിവേദനം നല്‍കി. പഞ്ചായത്ത് പൊതുടാപ്പിനു പ്രതിവര്‍ഷം 10 ലക്ഷം രൂപ പഞ്ചായത്ത് വാട്ടര്‍ അതോറിറ്റിക്ക് അടയ്ക്കുന്നുണ്ട്. ടാപ്പുകളില്‍ പലതും ഉപയോഗശൂന്യമായിട്ടും അറ്റകുറ്റപ്പണികള്‍ നടത്തുന്നില്ലെന്നും കുടിവെള്ളം യഥാസമയം വിതരണം ചെയ്യുന്നില്ലെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

അനാസ്ഥയെത്തുടര്‍ന്ന് സമരം നടത്തുമെന്നും മുന്നറിയിപ്പ് നല്‍കി. വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, എ.ഇ. എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്. പഞ്ചായത്തംഗം നളിനി, പൊതുപ്രവര്‍ത്തകന്‍ കെ.വി. അബ്ദുള്‍ഖാദര്‍, താലൂക്ക് വികസനസമിതിയംഗം എം.കെ. ഷംസുദ്ദീന്‍ എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു.

2010 ഡിസംബർ 6, തിങ്കളാഴ്‌ച

അവസരോചിത ഇടപെടലുകളുടെ അഭാവം ഭാവിതലമുറയില്‍ ദുരന്തങ്ങള്‍ക്ക് വഴിവെക്കും

ദുബായ്: മുന്‍തലമുറ അനുഭവിച്ച ജീവിത ചുററുപാടുകളില്‍ ഇന്നത്തെ കുട്ടികളെ വിലയിരുത്തരുതെന്നും അവരോടുള്ള നമ്മുടെ കാഴ്ചപ്പാടുകളില്‍ മാററം വരുത്താന്‍ സമയം അതിക്രമിച്ചുവെന്നും എം.എസ്.എം. സംസ്ഥാനപ്രസിഡന്റ് സാബിര്‍ നവാസ് അഭിപ്രായപ്പെട്ടു. നമ്മുടെ ശ്രദ്ധ മററു കാര്യങ്ങളിലേതുപോലെ   മക്കളുടെ കാര്യത്തിലുംനല്‍കുക. . അവസരോചിതമായ ഇടപെടലുകളുടെ അഭാവം വന്‍ദുരന്തങ്ങള്‍ക്കായിരിക്കും വഴിവെക്കുകയെന്ന് ഉദാഹരണങ്ങള്‍ സഹിതം അദ്ദേഹം പറഞ്ഞു. ജനുവരിയില്‍ കോട്ടക്കലില്‍ വെച്ച് നടക്കുന്ന കേരള സ്റുഡന്‍സ് കോണ്‍ഫ്രന്‍സിന്റെ പ്രചരണാര്‍ഥം യു.എ.ഇ.യില്‍ ദുബായ് സോണിലെ വിവിധ വേദികളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അറിവെന്നത് അനുഗ്രഹിക്കപ്പെട്ട ഒന്നാണ്. അതിനെ നാം കൈകാര്യചെയ്യുന്നതില്‍ സൂക്ഷമത കാണിച്ചേ തീരൂ. തലമുറകള്‍ കൈമാറി ഏല്‍പ്പിക്കേണ്‍ടതാണത്. അതിന് കോട്ടം തട്ടാതെ സൂക്ഷിക്കേണ്‍ത് അതത് കാലത്തുള്ളവരുടെ ദൌത്യമാണ്. നിഷ്ക്കളങ്കരാണ് നമ്മുടെ മക്കള്‍. അവരുടെ മനസ്സില്‍ നന്‍മയുടെ തിരിനാളമാണ് കത്തേണ്‍ടത്. അതണയാതെ സൂക്ഷിക്കുകയും വേണം. അതിനിടയില്‍ കടന്ന് വരുന്ന ഈയ്യാംപാററകളെ നാം മുന്‍കൂട്ടി കാണുകതന്നെ വേണം. സദാ ജാഗ്രതായാണാവശ്യം.
ഏററവും വലിയ വിജ്ഞാനം തന്നെ സ്യഷ്ടിച്ചവനെകുറിച്ച് അറിയുക എന്നതാണ്. അതിനെ നല്ല ഫലമാകട്ടെ വിനയവും. വിനയമുള്ളവര്‍ക്കേ ശാശ്വതവിജയമുള്ളൂ. പക്വതയും പാകതയും ഇത് മൂലം കൈവരിക്കും. അപക്വമതികളുടെ കയ്കളില്‍ വിജ്ഞാനമെത്തിയപ്പോഴാണ് ദുരന്തങ്ങള്‍ക്ക് വഴിമരുന്നിട്ടത്. അതിന്റെ വിപത്താണ് സൈബര്‍സെക്സും മൊബൈല്‍ദുരുപയോഗവും. വേണ്‍ടസമയത്ത് ദിശാബോധം നല്‍കാത്തതിന്റെ അനിവാര്യദുരന്തമാണിത്. നമ്മുടെ മക്കള്‍ പക്ഷെ ചുററുപാടുകളുടെ  കാന്തികവലയത്തില കപ്പെടുന്നുണ്‍ടോ എന്ന് സദാ ശ്രദ്ധിക്കേണ്‍ടിയിരിക്കുന്നു.

എല്ലാം കാണുന്ന സ്രഷ്ടാവിനെ കുറിച്ചുള്ള അറിവ് നല്‍കുക എന്നത് മാത്രമാണ് നാമിന്നനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരം. അവര്‍ക്കേ അറിവിനെ ശാശ്വതസമാധാനത്തിനായി വിനിയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ.
രക്ഷിതാക്കളും മക്കളും തമ്മിലുള്ള സുതാര്യബന്ധത്തിന്റെ ഭൂമികയില്‍നിന്നായിരിക്കണം നമ്മുടെ ദൌത്യം തുടങ്ങേണ്‍ടത്. അതിനാശ്യം മാതൃകാ മാതാപിതാക്കളാവുക എന്നത് തന്നെ. നമ്മുടെ മക്കളുടെ ഏററവും നല്ല കൂട്ടുകാര്‍  സ്വന്തം മാതാപിതാക്കളാകാനുള്ള ശ്രമമാണിന്നാവശ്യം.
അറിവിന്റെ  ചക്രവാളങ്ങളിലെത്തുമ്പോഴും മാനവമൂല്യങ്ങളെ വിലമതിക്കുന്ന ഒരു തലമുറയെയാണ് ഭാവിലോകം ഉററുനോക്കുന്നതെന്നും മാതൃപിതൃസഹോദരബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത സര്‍വ്വരാലും വെറുക്കപ്പെട്ട, മദ്യമയക്കുമരുന്നുകള്‍ക്കടിമപ്പെട്ട ഒരു തലമുറ ഭൂമിക്ക് തന്നെ ഭാരമാണെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് സോണില്‍ അല്‍മനാര്‍ ഖുര്‍ആന്‍ സ്റഡി സെന്റര്‍, ദേര ഇസ്ളാഹി സെന്റര്‍, ഖുസൈസ് ഇസ്ളാഹി സെന്റര്‍, അല്‍ബറഹ അല്‍മനാര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ സാബിര്‍ നവാസ് പ്രസംഗിച്ചു. ദേര അല്‍ബറാഹയില്‍ നടന്ന പൊതുയോഗത്തില്‍ ദേര ഇന്ത്യന്‍ ഇസ്ളാഹി സെന്റര്‍ പ്രസിഡന്റ് അഷ്റഫ് വെല്‍കം അദ്ധ്യക്ഷത വഹിച്ചു. നിസാര്‍ എന്‍.വി, നസീര്‍ പി.എ., അഷ്റഫ് പി.കെ. സംസാരിച്ചു. ഖുസൈസ് ഇന്ത്യന്‍ ഇസ്ളാഹി സെന്റര്‍ ഓഡിറേറാറിയത്തില്‍ നടന്ന പ്രചരണ പരിപാടിയില്‍ സെന്റര്‍ പ്രസിഡന്റ് ഹുസൈന്‍ കക്കാട് അദ്ധ്യക്ഷത വഹിച്ചു. ബൈജു സയ്യദ്, ഉബൈദ് സി.പി, അബ്ദുനസ്സീര്‍ പെരുമ്പാവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അല്‍മനാര്‍ ഖുര്‍ആന്‍ സ്റഡി സെന്ററില്‍ നടന്ന സ്വീകരണപരിപാടിയിലും സാബിര്‍ നവാസ് പ്രസംഗിച്ചു. യു.എ.ഇ.ഇന്ത്യന്‍ ഇസ്ളാഹി സെന്റര്‍ പ്രസിഡന്റ് എ.പി.അബ്ദുസ്സമദ് സാബീല്‍, ജ:സെക്രട്ടറി സി.ടി.ബഷീര്‍, അബ്ദുറഹ്മാന്‍ പറവണ്ണൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍ എം.എസ്.എം. പ്രസിഡന്റ് സാബിര്‍ നവാസ് പ്രസംഗിക്കും. വിവിധ എമിറേററ്സുകളില്‍ നടക്കുന്ന സ്റുഡന്‍സ്മീററിലും സാബിര്‍ കുട്ടികളുമായി സംവദിക്കും. വെള്ളിയാഴ്ച ദുബായില്‍  ടീനേജ് കുട്ടികള്‍ക്ക് മാത്രമായി  നടക്കുന്ന നോളജ്ടെന്റിന്  സാബിറാണ് നേതൃത്വം നല്‍കുന്നത്. 
നോളജ്ടെന്റില്‍ സുബൈര്‍ പീടിയേക്കലും  (നിച്ച് ഓഫ് ട്രൂത്ത്) പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേരള സ്റുഡന്‍സ് കോണ്‍ഫ്രന്‍സിന്റെ സമ്മേളന പ്രചരണങ്ങള്‍ക്ക് യു.എ.ഇ.യില്‍ തുടക്കം കുറിച്ചത.്  

പ്രിയദര്‍ശന്‍ പൂര്‍ണചന്ദ്രനെപ്പോലെ ഉദിച്ചുയര്‍ന്ന രാത്രി

ദുബായ്: ദുബായിയുടെ മണ്ണില്‍ മലയാളികള്‍ മാത്രമല്ല, ഇന്ത്യ മുഴുവനാണു പ്രിയ സംവിധായകനെ ആദരിച്ചത്. സിനിമയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രിയദര്‍ശനെ ആദരിക്കാന്‍ മലയാള മനോരമയും ഇൌസ്റ്റേണും ചേര്‍ന്നു നടത്തിയ 'പ്രിയന്‍ പ്രിയങ്കരന്‍ താരനിശ ദുബായിയുടെ ഉല്‍സവമായി. ഹിന്ദിയില്‍നിന്നും തമിഴില്‍നിന്നുമെത്തിയ താരനിരയും മലയാള താരങ്ങളോടൊപ്പം പ്രിയനെ ആദരിക്കാന്‍ അണിനിരന്നു. മലയാളത്തില്‍നിന്നുയര്‍ന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ സിംഹാസനം സ്വന്തമാക്കിയ പ്രിയദര്‍ശന്റെ 30 വര്‍ഷം ഒാര്‍മകളിലൂടെ ഇതള്‍ വിരിഞ്ഞപ്പോള്‍ സിനിമയിലെ സ്നേഹത്തിന്റെ കടല്‍ കൂടിയാണു കാണികള്‍ക്കു മുന്നില്‍ തിരയടിച്ചത്. പലരും വികാരഭരിതരായി, വാക്കുകളില്ലാതെ വിഷമിച്ചു.
താരോല്‍സവത്തില്‍ അന്‍പതോളം താരങ്ങളും അതിലേറെ സാങ്കേതിക വിദഗ്ധരും അണിനിരന്നു. സംവിധായകന്‍ ടി.കെ.രാജീവ്കുമാര്‍ അണിയിച്ചൊരുക്കിയ വര്‍ണവിസ്മയത്തില്‍ ഹിറ്റുകളുടെ വഴിയിലൂടെ ആരാധകര്‍ വര്‍ഷങ്ങള്‍ പിന്നിലേക്കു സഞ്ചരിച്ചു. ഇരുവശത്തെയും കൂറ്റന്‍ സ്ക്രീനുകളില്‍ പ്രിയദര്‍ശന്റെ മായാമുദ്രകള്‍ പതിഞ്ഞ ഇടവഴികളും കലാലയമുറ്റങ്ങളും തെളിഞ്ഞു. തന്റെ തൂലികയില്‍ നിന്നു ബിഗ്സ്ക്രീനിലേക്കു നടന്നുകയറിയ കഥാപാത്രങ്ങള്‍ക്കു നടുവില്‍ പ്രിയന്‍ യൂണിവേഴ്സിറ്റി കോളജിലെ പഴയ യുവാവായി നിന്നു. മേഘങ്ങള്‍ക്കിടയില്‍ നിന്നും സ്വപ്നലോകത്തുനിന്നും ഇറങ്ങി വന്ന പ്രിയ താരങ്ങള്‍ ആസ്വാദകരെ നാടകീയ മുഹൂര്‍ത്തങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോയി.
പ്രിയദര്‍ശന്‍ ഹിറ്റുകളിലെ അവിസ്മരണീയ രംഗങ്ങള്‍ അതേ താരങ്ങള്‍ അവതരിപ്പിച്ചത് അപൂര്‍വ ദൃശ്യവിരുന്നായി. സിനിമയിലെ പ്രിയന്‍ ടച്ചിന്റെ മാസ്മരികത കാട്ടിത്തരുന്നതായിരുന്നു പാട്ടും നൃത്തവും ചേര്‍ന്നുള്ള 'രസികപ്രിയ. തുടര്‍ന്നു സിഗ്നേച്ചര്‍ ചിത്രത്തിന്റെ പ്രദര്‍ശനം. പ്രിയനുമായുള്ള ആത്മബന്ധം മോഹന്‍ലാല്‍ സദസ്സുമായി പങ്കുവച്ചു. കോളജ് ജീവിതകാലത്തു വഴക്കടിച്ചും വികൃതികള്‍ കാട്ടിയും വളര്‍ന്ന സൌഹൃദം ചലച്ചിത്രലോകത്ത് എക്കാലത്തെയും മാതൃകയായി തുടരുന്നതിന്റെ രഹസ്യം നര്‍മത്തില്‍ ചാലിച്ചു വിശദീകരിച്ച ലാല്‍ ചിലപ്പോഴൊക്കെ വികാരാധീനനായി.
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സംവിധായകരില്‍ ഒരാളായ പ്രിയനെ പരേഷ് റാവലിന്റെ നേതൃത്വത്തില്‍ ഹിന്ദി താരങ്ങള്‍ പൊന്നാട അണിയിച്ച് ആദരിച്ചു. മലയാളത്തിന്റെ ഊഴമായിരുന്നു അടുത്തത്. സംവിധായകരായ ഐ.വി.ശശി, ജോഷി, നിര്‍മാതാവ് അരോമ മണി എന്നിവര്‍ക്കൊപ്പം ജനപ്രിയ നായകന്‍ ദിലീപും ഉണ്ടായിരുന്നു. മാധവന്‍, പ്രകാശ്രാജ്, പ്രഭു, രമ്യാകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തമിഴ് ചലച്ചിത്രലോകത്തിന്റെ ആദരം. പ്രിയന്റെ ആദ്യചിത്രമായ 'പൂച്ചയ്ക്കൊരു മൂക്കുത്തിയുടെ ഒാര്‍മകള്‍ പങ്കുവച്ചപ്പോള്‍ അതിലെ താരങ്ങളായ മോഹന്‍ലാല്‍, ശങ്കര്‍, നെടുമുടി വേണു, മേനക, സുകുമാരി തുടങ്ങിയവര്‍ അണിനിരന്നു. പ്രിയന്റെ ഭാര്യ ലിസി ഇവരെ ആദരിച്ചു.
തിരക്കഥാകൃത്ത് ടി.ദാമോദരന്‍, മുകേഷ്, കെ.ബി. ഗണേശ്കുമാര്‍, സമീറ റെഡ്ഡി, ലക്ഷ്മി റായ്, റോമ, ഇടവേള ബാബു, വിജയ് യേശുദാസ്, ജ്യോല്‍സന, മോഹന്‍ലാലിന്റെ പത്നി സുചിത്ര, പ്രിയന്റെ മകള്‍ കല്യാണി തുടങ്ങിയവരും വിവിധ ഘട്ടങ്ങളിലായി വേദിയിലെത്തി. വമ്പന്‍ താരനിരയെ സാക്ഷിനിര്‍ത്തി 'മലയാള മനോരമ ഡപ്യൂട്ടി എഡിറ്റര്‍ ജയന്ത് മാമ്മന്‍ മാത്യുവും അസിസ്റ്റന്റ് എഡിറ്റര്‍ ഹര്‍ഷ മാത്യുവും പ്രിയദര്‍ശന് ഉപഹാരം സമ്മാനിച്ചു. സ്പോണ്‍സര്‍മാരെ പ്രതിനിധീകരിച്ച് ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം. ഇ. മീരാന്‍, മലബാര്‍ ഗോള്‍ഡ് ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് എംഡി: എം. പി. ഷംലാല്‍ അഹമ്മദ്, മിസ്റ്റര്‍ ലൈറ്റ് സിഇഒ: അബ്ദുല്‍ ഗഫൂര്‍, യുഎഇ എക്സ്ചേഞ്ച് സിഒഒ: വൈ. സുധീര്‍കുമാര്‍ ഷെട്ടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പാപങ്ങളുടെ അത്താണിയായി ആലൂര്‍ കുഞ്ഞി തങ്ങള്‍

കൊന്നാര് തങ്ങന്മാരുടെ ബ്രട്ടീഷ് അധിനിവേശ സമരത്തിന് 90 വയസ്സ് പൂര്ത്തി യാകുമ്പോള്‍ ആ പരമ്പരയിലെ കണ്ണി അസ്സയ്യിദ് മുഹമ്മദ്‌ കുഞ്ഞി തങ്ങളെ കുറിച്ച് കൊന്നാര ചോലക്കര വീട്ടില്‍ പോയി നേരില്‍ കണ്ടു നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത്ത ഭാഗമാണ് ലേഖകന്‍ ആലൂര്‍ ടി.എ.മഹമൂദ് ഹാജി ഇവിടെ കുറിക്കുന്നത്.
1921ല്‍ ബ്രട്ടീഷ് കോളനി വാഴ്ച്ചക്കെതിരെ നാടിന്റെ   പൊന്നോമന മക്കളുടെ രക്ത രൂഷിത പോരാട്ടങ്ങള്ക്കും  പടക്ക നീക്കങ്ങള്ക്കും  സാക്ഷ്യംവഹിച്ച വീരേതിഹാസങ്ങളുടെ ചരിത്ര ഭൂമിയാണ്‌ കൊന്നാര്.
  കൊന്നാര് തങ്ങന്മാരുടെ ബ്രട്ടീഷ് അധിനിവേശ സമരത്തിന് 90വയസ്സ് പൂര്ത്തി യാകുമ്പോള്‍ ആ സയ്യിദ് പരമ്പരയിലെ
അസ്സയ്യിദ് മുഹമ്മദ്‌ കുഞ്ഞി തങ്ങളെ കുറിച്ച് ഒരു ഹ്രസ്വ വിവരമാണിവിടെ.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട്‌ താജുല്‍ ഉലമാ സയ്യിദ് അബ്ദുല്റചഹിമാന്‍ കുഞ്ഞിക്കോയ തങ്ങളുടെ മൂത്ത സഹോദരിയുടെ മകന്‍ കൂടിയാണ് നമ്മുടെ കഥാപുരുഷന്‍ സയ്യിദ് മുഹമ്മദ്‌ തങ്ങള്‍.
  1977ല്‍ കേരള നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന കാലം. വാശിയേറിയ മല്സ‌രം.വാശിയേറാന്‍ കാരണവുമുണ്ട്. മുസ്ലിംലീഗില്‍ ഒന്നാമത്തെ പിളര്പ്പു ണ്ടായപ്പോള്‍ സി.എച്ച്.
മുഹമ്മദ്‌ കോയയുടെ നേത്രത്വത്തിലുള്ള കോയാ ലീഗും സികെപി മമ്മുക്കേയി  നേത്രത്വം  നല്കുമന്ന കേയീ ലീഗും (അഖിലേന്ത്യാ ലീഗും യൂണിയന്‍ ലീഗും) തമ്മില്‍ കാസര്കോ്ട്ട് മത്സരിക്കുന്നു.പരേതരായ ടി.എ.ഇബ്രാഹീം,ബി.എം. അബ്ദുല്റ‍ഹിമാന്‍ എന്നിവര്‍ സ്ഥാനാര്ഥി്കള്‍, അന്ന് എവിടെയും മുസ്ലിം രാഷ്ട്രീയ സംഘടനകള്‍ പള്ളി മദ്രസകളില്‍ പോലും ഉദ്ധ്യോഗസ്ഥരെ നിയമിക്കുന്നതില്‍ ഉസ്താദുമാരുടെ   രാഷ്ട്രീയ നിറം നോക്കുന്ന കാലം. ഇദ്ദേഹം വിമതനോ? അമതനോ ? ഇവര്‍ വായിക്കുന്ന പത്രം ചന്ദ്രികയോ?  ലീഗ്ടൈംസോ ?എന്ന് സൂക്ഷ്മ പരിശോധന നടത്തി മഹല്ല് മേനേജുമെന്റ്റുുകള്‍ നിയമനം.നല്കുിന്ന കാലം.
  ഈ സന്ദര്ഭരത്തിലാണ് ആലൂര്‍ ജുമാമസ്ജിദില്‍ നിഷ്പക്ഷ മതിയായ ഒരു ഖത്തീബിനെ കൊണ്ടുവരാന്‍ ആലൂര്‍ ജമഅത്ത് കമ്മിറ്റി എന്നെ ചുമതലപ്പെടുത്തുന്നത്. അപ്പോഴാണ്‌ ജോലി ആവശ്യാര്ത്ഥം  മൊഗ്രാല്‍ കടപ്പുറം ജുമാമസ്ജിദില്‍ നമ്മുടെ.കുഞ്ഞിതങ്ങള്‍ എത്തിപ്പെടുന്നത്. ഞാനന്ന് മൊഗ്രാല്‍ കടപ്പുറത്തെ ജുമുഅത്ത് പള്ളിയില്‍  യു.എം. അബ്ദുല്റഞഹിമാന്‍ മുസ്ലിയാരുടെ ദര്സിുല്‍ പഠിക്കുന്നു. തങ്ങളുമായി ഞാന്‍ പരിചയപ്പെട്ടു.തങ്ങളെ കുറിച്ചെല്ലാം ഞാന്‍ വിശദമായി ചോദിച്ചറിഞ്ഞു.നേരെ തങ്ങളേയും കൂട്ടി ഞാന്‍ ആലൂരില്‍ വന്നു.നാട്ടുകാര്ക്ക്റ തങ്ങളെ പരിജയപ്പെടുത്തി.തങ്ങള്‍ ജുമുഅ ഖുതുബ നിര്വചഹിച്ചു. ഖുതുബയും നിസ്കാരവും ഖുര്ആ്ന്‍ പാരായണവും ഗംഭീരമായിരുന്നു . സര്വ്വിര്ക്കും  സുസമ്മതം. ജുമുആനന്തരം ആലൂരില്‍ ഖത്തീബായി തങ്ങള്‍ ചുമതലയേറ്റു.
    തെങ്ങിന് രോഗമുണ്ടായപ്പോള്‍  വെള്ളം മന്ത്രിച്ചു നല്കിള നല്ല ഫലവും അവര്ക്ക്വ ലഭിച്ചു തുടങ്ങി  ഇതു മിഖേനയാണ് തങ്ങളുടെ ദുആ  ഫലവും  അപാരമായ പാണ്ടിത്വവും കഴിവും നാട്ടുകാര്‍ മനസ്സിലാക്കുന്നതും തങ്ങളുടെ ദുആയുടെയും മന്ത്രത്തിന്റെയും ഫലങ്ങള്‍ അനുഭവിച്ചറിയുകയും തദ്വാരാ വിദൂരങ്ങളില്‍ നിന്ന് പോലും തങ്ങളെ തേടി ജാതി  മത
ഭേത മന്യേ ജനങ്ങള്‍ ആലൂരിലേക്ക് പ്രവഹിക്കാനും തുടങ്ങിയത്. ഇങ്ങിനെയാണ്‌  കുഞ്ഞി തങ്ങള്‍ ആലൂര്‍ തങ്ങള്‍ എന്ന അപര നാമത്തില്‍ പ്രശസ്തനായത്. ആലൂര്‍ തങ്ങളെ കുറിച്ച് അറിയാത്തവര്‍  കാസറഗോഡ് ജില്ലയില്‍ വിരളമായിരിക്കും.
. തങ്ങള്‍ ആലൂര്‍ കാരനല്ല ,  കോഴിക്കോട് മാവൂര്‍ എളമരം കൊന്നാര് ചോലക്കര സ്വദേശിയുമാണ് കൊന്നാര് ബുഖാരിയ കുടുംബത്തിലെ അംഗവുമാണ്. എളമരം കടവ് കടന്നു പോയാല്‍ ചോലക്കരയിലെ തങ്ങളുടെ വീട്ടില്‍ എത്താം.
    കാസറഗോഡ് ബോവിക്കാനത്തിനടുത്തുള്ള ആലൂര്‍ പ്രദേശത്തെ പരാമര്ശിബക്കുന്നവര്ക്കൊതക്കെ ആലൂര്‍ തങ്ങളെ കുറിച്ചായിരിക്കും ആദ്യം പറയാനുണ്ടാവുക. മുളിയാര്‍ പഞ്ചായത്തിലും സമീപ പ്രദേശ വാസികള്ക്കെമല്ലാം ആലൂര്‍ തങ്ങള്‍ ഒരു അത്താണി തന്നെയായിരുന്നു. വിവാഹ നിക്ഷയം, കുട്ടിയടിക്കല്‍ , തറക്കല്ലിടല്, ഗ്രഹപ്രവേശനം, വിദേശയാത്ര, ആഗ്രഹ സഫലീകരണം, എന്നിവക്കെല്ലാം എത്തുന്നവരില്‍. പണക്കാരനും പണിക്കാരനും അശരണരും അഗധികളും അന്യ മതസ്ഥരും എല്ലാവരും ഉള്പ്പെകടുന്നു. അവരൊക്കെ തങ്ങളുടെ മുമ്പില്‍ സമന്നരാണ്. എല്ലാ പ്രശ്നത്തിനും തങ്ങളുടെ സാന്ത്വന വാക്കുകളും പ്രാര്ഥംനയും, അതാണ്‌ അവര്ക്കെ ല്ലാം വേണ്ടതും, സാമ്പത്തിക വിഷമം പറഞ്ഞു വരുന്നവര്ക്കൊ ക്കെ തങ്ങള്‍ ദുആ ചെയ്യുന്നതോടൊപ്പം കീശയില്‍ ഉണ്ടാകുന്ന പണവും നല്കു്ന്നത് തങ്ങളുടെ പതിവാണ്.  രോഗ ശമാനത്തിനെത്തിയവര്ക്കുംം വിഷവാദ ഏറ്റവര്ക്കും  തങ്ങള്‍ മന്ത്രിച്ചു നല്കുാന്ന വെള്ളം കിട്ടണം അതിന്നു വേണ്ടി തങ്ങളുടെ മുമ്പിലെ നീണ്ട നിരയില്‍ എത്ര നേരം കാത്തു നില്ക്കാ നും അവര്‍ തയ്യാര്‍.
  ഇനി തങ്ങളുടെ കുടുംബത്തെ കുറിച്ചുള്ള ഒരുഹ്രസ്വ വിവരണത്തിലേക്ക് കടക്കാം.
പേര്:സയ്യിദ് മുഹമ്മദ്‌ കെ.സി.കുഞ്ഞി തങ്ങള്‍,
പിതാവ്:നെല്ലാര് നെച്ചിക്കാട്ടില്‍ സയ്യിദ് അബ്ദുല്റ്ഹിമാന്‍ കുഞ്ഞിക്കോയ തങ്ങള്‍,
മാതാവ്: കരുവന്‍ തുരുത്തി സയ്യിദ ശരീഫ ആറ്റബീവി
(താജുല്‍ ഉലമാ ഉള്ളാള്‍ സയ്യിദ് അബ്ദുല്റിഹിമാന്‍ കുഞ്ഞിക്കോയ തങ്ങളുടെ മൂത്ത സഹോദരി)
ഭാര്യ: വെള്ളാംപറമ്പത്ത് സയ്യിദ് ഹാമിദ് വലൂണ്ണി തങ്ങളുടെ മകള്‍ സയ്യിദ ഫാത്തിമ മുത്ത് ബീവി
ജനനം:1933 ആഗസ്റ്റ്‌ രണ്ട് ബുധന്‍ ഹിജ്റ1352റബീഉല്‍ ആഖിര്‍10
സഹോദരങ്ങള്‍:
1,വെളിമുക്ക് കൂമണ്ണ് ചെറുകോയ തങ്ങളുടെ ഭാര്യ സയ്യിദ കുഞ്ഞിബീവി,
2,കാസര്കോ്ട്ടെ  ആദൂര്‍  ഉമ്പു തങ്ങളുടെ ഭാര്യസയ്യിദ നബീസബീവി,
3,ഉള്ളാള്‍ മുദര്രിതസ് സയ്യിദ് ഹാമിദ് ചെറുകുഞ്ഞി തങ്ങള്‍,
4,നെല്ലാര കെ.സി.കെ.തങ്ങളുടെ ഭാര്യ സയ്യിദ ശരീഫ
ആറ്റബീവി,
പഠനവും ഉസ്താദുമാരും:
1,കൂമണ്ണ് മുദര്രിരസായിരുന്ന വെളിമുക്ക് മയമുട്ടി മുസ്ലിയാര്‍,
2,സമസ്ത പ്രസിടണ്ടായിരുന്ന കണ്ണിയത്ത് അഹമദ്മുസ്ലിയാരുടെ വാഴക്കാട് ദര്സിീല്‍(ഇവിടെ വെച്ചാണ് തങ്ങള്ക്ക്ാ വിലായത്തിന്റെ മര്ത്വവയുടെ തുടക്കമായി ജനങ്ങള്‍ കണക്കാക്കപ്പെടുന്ന  മാനസീക  അസ്വസ്ഥത (രോഗം) പിടിപെടുന്നത്)
3,അമ്മാവനായ ഉള്ളാള്‍ സയ്യിദ് അബ്ദുല്റപഹിമാന്‍ കുഞ്ഞിക്കോയ തങ്ങളുടെ ദര്സി്ല്‍ (ഉള്ളാളത്ത്) ഇഹ്യാ ഉലൂമുദ്ദീന്‍, മഹല്ലി, തഫ്സീര്‍ ജലാലൈനി, തുടങ്ങിയ കിത്താബുകളെല്ലാം ഓതി തീര്ത്തു . ഉപരി പഠനത്തിന്‌ ബെല്ലൂര്‍ ബാഖിയാത്തുസ്സാലിയാത്ത് കോളേജില്‍ പോകാന്‍ തീരുമാനിച്ചെങ്കിലും രോഗം മൂര്ച്ചി ച്ചത് കാരണം അതിന്ന്‌  സാധിച്ചില്ല.
സന്താനങ്ങള്‍: കാസറഗോഡ് ബോവിക്കാനം മുതലപ്പാറ ബുഖാരിയ ഇസ്ലാമിക് കോംപ്ലക്സ് ചെയര്മാ്ന്‍ സയ്യിദ് അബ്ദുല്‍ ഖാദര്‍ കെ.സി.ആറ്റകോയ തങ്ങള്‍, സയ്യിദ് കെ.സി. സയ്യിതലവിക്കോയ  തങ്ങള്‍, കൊടുവള്ളി പൂക്കോയ തങ്ങളുടെ ഭാര്യ ശരീഫ ആറ്റബീവി, കൊടിയത്തൂര്‍ ഇസ്മായീല്‍ കോയ തങ്ങളുടെ ഭാര്യ സുഹ്റ ബീവി, മണ്ണാര്ക്കാറട് സൈനുദ്ദീന്‍ തങ്ങളുടെ ഭാര്യ സൗദാബീവി,
കൊന്നാര സയ്യിദ് ബുഖാരിയ കുടുംബത്തിലെ ഏറ്റവും പ്രായം ചെന്നവരും ബ്രിട്ടീഷകാരോട് പോരാടുകയും ബ്രിട്ടീഷ്കാരുടെ വെടിയുണ്ടകള്‍ ഏറ്റ പാട് ഇന്നും മങ്ങാതെ മായാതെ കിടക്കുന്ന കൊന്നാര ജുമാ മസ്ജിദില്‍ അന്ത്യവിശ്രമം കൊള്ളുന്ന  വിരവധി അമാനുഷിക ദിര്ഷ്ടാ ന്തം കാണിച്ചു പ്രസിദ്ധരായ കൊഞ്ഞുള്ള ഉപ്പാപ്പ അപര നാമത്തില്‍ അറിയപ്പെട്ടിരുന്ന സയ്യിദ് അഹമ്മദ് ജലാലുദ്ദീന്‍ ബുഖാരി, സയ്യിദ് മുഹമ്മദുല്‍ ബുഖാരി,സയ്യിദ്അബ്ദുല്റ ഹിമാന്‍ ബുഖാരി,സയ്യിദ് ഇസ്മായില്‍ ബുഖാരി, എന്നിവരുടെ സന്താന പരമ്പരയില്‍ പെട്ട കൊന്നാര സയ്യിദ് ബുഖാരിയ കുടുംബത്തിലെ അംഗവും
സൂഫീ വര്യനായ സയ്യിദ് ഫസല്‍ കൊയമ്മ തങ്ങള്‍ (കുറ  തങ്ങളുടെ) പിതാവിന്റെ മരുമകന്‍ കൂടിയാണ് നമ്മുടെ കഥാ പുരുഷന്‍ സയ്യിദ് മുഹമ്മദ്‌ കെ.സി.കുഞ്ഞി തങ്ങള്‍ അഥവാ ആലൂര്‍ തങ്ങള്‍.
.  ഇപ്പോള്‍ അനാരോഗ്യം കാരണം കൊന്നാര ചോലക്കര വീട്ടില്‍ തങ്ങള്‍ വിശ്രമിക്കുകയാണ്. ഇപ്പോള്‍ പിതാവിന്റെ സര്ഗര വൈഭവം രക്തത്തില്‍ കലര്ന്നയ മൂത്ത മകന്‍ സയ്യിദ് അബ്ദുല്‍ഖാദര്‍ ആറ്റക്കോയ തങ്ങള്‍ പിതാവിന്റെ ആശീര്‍ വാദത്തില്‍ ആലൂരിനടുത്ത മുതലപ്പാരയില്‍ പത്ത് വര്ഷം് മുമ്പ് ആരംഭിച്ച  “ബുഖാരിയ്യ ഇസ്ലാമിക് കോംപ്ലക്സ്‌” എന്ന ഇസ്ലാമിക കലാലയം നല്ലനിലയില്‍ അഭിവിര്ധിിയോടെ ഇന്ന് നടത്തിവരികയും പിതാവിന്റെ പാത പിന്തുടര്ന്ന്  ജനസേവനവും പൊതു പ്രവര്ത്തതനവും ആത്മീയ ചികിത്സയും ദിക്ര്ഹ്ല്ഖവയും നടത്തി വരികയും ചെയ്യുന്നു.

ആലൂര്‍ ടി.എ.മഹമൂദ് ഹാജി ദുബായ്

തൃശൂര്‍ അസോസിയേഷന്‍ ''രക്തം'' ദാനം ചെയ്തു

കുവൈറ്റ്‌: തൃശൂ ര്‍അസോസിയേഷന്റെ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുവൈറ്റ്‌ സെന്‍ട്രല്‍ ബ്ലഡ്‌ ബാങ്കില്‍ അസോസിയേഷന്‍അംഗങ്ങള്‍ഒരുരക്ത ദാന ചടങ്ങ് നടത്തി.കുവൈറ്റിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകര്‍ ഈരക്തദാനചടങ്ങില്‍ പങ്കെടുത്തു.
കുവൈറ്റിലെ ബ്ലഡ്‌ബാങ്കില്‍ രക്തത്തിന്റെ ലഭ്യത കുറവാണെന്ന് കിട്ടിയ അറിയീപ്പിനെ തുടര്‍നാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്തരത്തിലുള്ള രക്ത ദാന ചടങ്ങ് സംഘടിപ്പിച്ചത്. പ്രവാസികള്‍ക്ക് ജീവിത സാഹചര്യം ഒരുക്കി തന്ന കുവൈറ്റ്‌ സമൂഹത്തിനോടുള്ള നമ്മുടെ കടമ നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഇത്തരം കര്‍ത്തവ്യങ്ങള്‍ എന്ന് ഈ ചടങ്ങിനു നേതൃത്ത്വം കൊടുത്ത അസോസിയേഷന്റെ നേതാക്കള്‍  ഈ അവസരത്തില്‍ അറിയീച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ കുവൈറ്റിലെ അസോസിയേഷന്റെ വിവിധ ഏരിയ കമ്മിറ്റികളില്‍ നിന്നും 50 ഓളം പ്രവര്‍ത്തകരെ എത്തിക്കാനായത്തിന് വെല്‍ഫെയര്‍  കണ്‍വീനര്‍ ശ്രീ അജിത്ത് നന്ദി പറഞ്ഞു. അസോസിയേഷന്റെ ഇത്തരത്തിലുള്ള സാമൂഹിക പ്രതിബദ്ധതയേയും,ചിട്ടയായ ശൈലിയിലും അച്ചടക്കത്തോടെയുള്ള അംഗങ്ങളുടെ സേവനങ്ങളെ തദ്ദവസരത്തില്‍ ബ്ലഡ്‌ ബാങ്ക് ജീവനക്കാര്‍ പ്രത്യേകം അഭിനന്ദിച്ചു.

2010 ഡിസംബർ 4, ശനിയാഴ്‌ച

മലയാളക്കരയില്‍ ഇനി ചാനലുകളുടെ പ്രളയം


മ­ല­യാ­ള­ത്തി­ലെ ചാ­നല്‍ പ്ര­ള­യ­ത്തി­ലേ­ക്ക് പ്രമു­ഖ ത­മി­ഴ്­ചാ­ന­ലാ­യ രാ­ജ് ടി­വിയും എ­ത്തുന്നു. വി­നോ­ദ­ത്തിനും വാര്‍­ത്ത­കള്‍ക്കും ഒരുപോ­ലെ പ്ര­ധാന്യം നല്‍­കു­ന്ന ചാ­നല്‍ അ­ടു­ത്ത വര്‍­ഷം ആദ്യം സം­പ്രേഷ­ണം തു­ട­ങ്ങു­മെ­ന്നാ­ണ് അ­റി­യു­ന്നത്.
എം.വി.നി­കേ­ഷ് കു­മാ­റി­ന്റെ നേ­തൃ­ത്വ­ത്തി­ലു­ള്ള റി­പ്പോര്‍­ട്ടര്‍, സൂര്യാ ടി­വി­യു­ടെ ന്യൂ­സ് ചാനല്‍, മ­നോ­ര­മ­യു­ടെ വി­നോ­ദ ചാനല്‍, മാ­ധ്യമം, കേര­ളാ കൗ­മു­ദി, മംഗ­ളം എ­ന്നീ പ­ത്ര­സ്ഥാ­പനങ്ങളു­ടെ ചാ­ന­ലുകള്‍, മാ­തൃ­ഭൂ­മി­യു­ടെ മൂ­ന്നു ചാ­ന­ലു­കള്‍, മുസ്ലീം ലീഗി­ന്റെ നി­യ­ന്ത്ര­ണ­ത്തി­ലു­ള്ള ദര്‍ശ­ന, കെ.മു­ര­ളീ­ധര­ന്റെ ജനപ്രിയ, ഇ­ന്ത്യാ­വിഷ­ന്റെ വി­നോ­ദ ചാ­നലാ­യ യെ­സ് എന്നിങ്ങനെ എ­ണ്ണി­യാല്‍ ഒ­ടു­ങ്ങാ­ത്ത അ­ത്രയും ചാ­ന­ലു­ക­ളാ­ണ് അ­ണി­യ­റ­യില്‍ ഒ­രു­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്നത്.
രാ­ജ് ടി­വി­യു­ടെ മ­ല­യാ­ളം പ­തി­പ്പ് ഡി­സം­ബര്‍ ഒ­ന്നി­ന് ട്ര­യല്‍ റണ്‍ ആ­രം­ഭി­ക്കു­മെ­ന്നാ­ണ് സൂച­ന. മ­ല­ബാര്‍ മേ­ഖ­ല­യി­ലെ ആ­സ്വാ­ദക­രെ ഉ­ദ്ദേ­ശി­ച്ചു­ള്ള ചാ­ന­ലി­ലേ­ക്ക് പ­രി­ച­യ­സ­മ്പ­ന്നരാ­യ മാ­ധ്യ­മ­പ്ര­വര്‍­ത്ത­ക­രേയും പ്രോഗ്രം ഡ­യ­റ­ക്ടര്‍­മാ­രേയും നി­യ­മി­ച്ചു­ക­ഴി­ഞ്ഞു­വെ­ന്നാ­ണ് അ­റി­യു­ന്നത്. തി­രു­വ­ന­ന്ത­പു­ര­മാ­ണ് ആ­സ്ഥാ­ന­മെ­ങ്കിലും കോ­ഴി­ക്കോടും തൃ­ശൂരും പുതി­യ ചാ­ന­ലി­ന്റെ സ്റ്റുഡിയോ ഉ­ണ്ടാ­യി­രി­ക്കും. മ­ല­യാ­ളി­ക­ളു­ടെ സ്വീക­ര­ണ മു­റി യു­ദ്ധ­ക്ക­ള­മാ­ക്കാ­നു­ള്ള ഒ­രു­ക്ക­മാ­യി­രിക്കും ഇ­നി ചാ­നല്‍­പ്രള­യം സൃ­ഷ്ടി­ക്കു­ക­യെ­ന്ന് ഉ­റപ്പ്.

2010 ഡിസംബർ 3, വെള്ളിയാഴ്‌ച

സ്മാര്‍ട്സിറ്റി: എം എ യൂസഫലി മധ്യസ്ഥന്‍


സ്മാര്‍ട്സിറ്റി വിഷയത്തില്‍ ഒടുവില്‍ പ്രമുഖ വ്യവസായിയായ എം എ യൂസഫലി മധ്യസ്ഥന്‍. ടീകോമുമായുള്ള ചര്‍ച്ചയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ യൂസഫലിയെ ചുമതലപ്പെടുത്തി. മുമ്പൊരിക്കല്‍ മധ്യസ്ഥനാകാന്‍ സ്വയം മുമ്പോട്ടുവന യൂസഫലി ഒടുവില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍‌വാങ്ങിയിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ ഈ ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചത് കാലത്തിന്‍റെ കാവ്യനീതി.

എന്നാല്‍ ടീകോമിനും സര്‍ക്കാരിനുമിടയില്‍ സ്വതന്ത്രമായൊരു നിലപാടെടുക്കാന്‍ യൂസഫലിക്ക് കഴിയില്ല. സര്‍ക്കാരും ടീകോമും തമ്മില്‍ ഏര്‍പ്പെട്ടിട്ടുള്ള ഫ്രെയിം‌വര്‍ക്ക് എഗ്രിമെന്‍റിന്‍റെ ചട്ടക്കൂടിനുള്ളിലായിരിക്കണം ചര്‍ച്ച. ഏറ്റവും പ്രധാനമായ തര്‍ക്കവിഷയമായ 246 ഏക്കറിന്‍റെ കാര്യത്തിലായിരിക്കും യൂസഫലി മുഖ്യമായ ചര്‍ച്ച നടത്തുക.

സ്മാര്‍ട്സിറ്റി പദ്ധതി ഒരു അനിശ്ചിതാവസ്ഥയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് യൂസഫലിയെ മധ്യസ്ഥനായി ക്ഷണിച്ചിരിക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും സ്വാധീനമുള്ള മലയാളി, നോര്‍ക്കയുടെ വൈസ് ചെയര്‍മാന്‍, അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ ചെയര്‍മാന്‍ എന്നീ നിലകളില്‍ യൂസഫലിക്ക് കേരളത്തിനനുകൂലമായ രീതിയിലുള്ള ചര്‍ച്ച നടത്താനും ടീകോമിനെ വരുതിയിലെത്തിക്കാനും കഴിയുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്

മുല്ലശേരി ഉപജില്ല സ്കൂള്‍ കലോത്സവം

വെങ്കിടങ്ങ്: മുല്ലശേരി ഉപജില്ല സ്കൂള്‍ കലോത്സവം മുല്ലശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുരളി പെരുനെല്ലി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ മുല്ലശേരി പഞ്ചായത്ത് പ്രസിഡന്റ് ഗീത ഭരതന്‍ അധ്യക്ഷത വഹിച്ചു.
കലാമണ്ഡലം ഗീതാ നന്ദന്‍ കലോത്സവ സന്ദേശം നല്‍കി. കലോത്സവങ്ങള്‍ കലാകാരന്‍മാരെ സൃഷ്ടിക്കാന്‍ കഴിവുള്ളതാക്കണമെന്ന് മോഹന്‍ സിത്താരയും കലാമണ്ഡലം ഗീതാ നന്ദനും പറഞ്ഞു.

ബസ് യാത്രക്കിടെ യുവതിയുടെ 31900 രൂപ നഷ്ടപ്പെട്ടു

ചാവക്കാട്: ചാവക്കാട്ടുനിന്നും ഗുരുവായൂരിലേക്കുള്ള യാത്രാമധ്യേ സ്വകാര്യ ബസിലെ യാത്രക്കാരിയുടെ ബാഗില്‍ നിന്നും 31900 രൂപ നഷ്ടപ്പെട്ടതായി പരാതി. ഒരുമനയൂര്‍ ആറ്റൂര്‍ വീട്ടില്‍ ജ്യോതി രാജിന്റെ ഭാര്യ മിനിയാണ് (33) പോലീസില്‍ പരാതി നല്‍കിയത്. ചാവക്കാട് എവറഡി ബാറ്ററി ഏജന്‍സിയിലെ ജീവനക്കാരിയാണ് മിനി.
ജോലി ചെയ്യുന്ന സ്ഥാപനത്തിനടുത്ത കടയിലെ സുഹൃത്തും ജീവനക്കാരിയുമായ യുവതിയുടെ സ്വര്‍ണമാല പണയം വച്ച് കിട്ടിയ പണമാണ് നഷ്ടപ്പെട്ടതെന്ന് മിനി പറഞ്ഞു. ചാവക്കാട് സൌത്ത് ഇന്ത്യന്‍ ബാങ്കിലാണ് പണയം വച്ചത്. ബാഗില്‍ വേറെ പണമുണ്ടായിരുന്നെങ്കിലും അത് നഷ്ടപ്പെട്ടിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് 12നാണ് സംഭവം. മമ്മിയൂരില്‍ എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരമറിയുന്നത്. ഗുരുവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഓട്ടോറിക്ഷ മതിലില്‍ ഇടിച്ച് പിഞ്ചുകുഞ്ഞടക്കം നാലുപേര്‍ക്കു പരിക്ക്

ചാവക്കാട്: ദേശീയപാത 17ല്‍ തിരുവത്ര കോട്ടപ്പുറത്ത് റോഡ് മറികടക്കുന്ന വിദ്യാര്‍ഥിനിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലില്‍ ഇടിച്ച് ഒരു പിഞ്ചുകുഞ്ഞും വിദ്യാര്‍ഥിനിയുമടക്കം നാലുപേര്‍ക്ക് പരിക്കേറ്റു.
ഓട്ടോറിക്ഷ ഡ്രൈവര്‍ എടക്കഴിയൂര്‍ പീടിയേക്കല്‍ റഫീക്ക് (28), ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന ഭാര്യ സൌദ, ഒന്നര വയസുള്ള മകന്‍ ഫഹിം, ചാവക്കാട് രാജ സ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ഥിയായ തിരുവത്ര ചിങ്ങനാത്ത് സലാമിന്റെ മകള്‍ ഫാത്തിമ (9) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാലുപേരെയും മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫഹീമിന്റെ പരിക്ക് സാരമായതിനാല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
എടക്കഴിയൂരില്‍ നിന്നും ചാവക്കാട്ടേയ്ക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലൂടെ ഫാത്തിമ റോഡ് മറികടക്കുന്നതിനിടെ നിര്‍ത്താന്‍ ശ്രമിച്ച ഓട്ടോ നിയന്ത്രണം വിട്ട് ചോഴീരകത്ത് മുഹമ്മദിന്റെ വീട്ടുമതിലില്‍ ഇടിക്കുകയായിരുന്നു. ഓടികൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്

2010 ഡിസംബർ 2, വ്യാഴാഴ്‌ച

ഗള്‍ഫ് നാടുകളില്‍ ആര്‍ എസ് സി അംഗത്വകാലത്തിന് തുടക്കം - ഡിസംബര്‍ മൂന്നിന് മെമ്പര്‍ഷിപ്പ് ദിനം

രിസാല സ്റഡി സര്‍ക്കിള്‍ അംഗത്വപക്ഷാചരണം ഗള്‍ഫ് രാജ്യങ്ങളില്‍ തുടക്കമായി. ഡിസംബര്‍ മൂന്നിന് വെള്ളിയാഴ്ച ഗള്‍ഫില്‍ മെമ്പര്‍ഷിപ്പ് ദിനമായി ആചരിക്കും. അന്ന് യൂണിറ്റുകളില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ നടക്കും. സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് 'ഒറ്റപ്പെട്ടവരെ ചെന്നായ പിടിക്കും (നബി വചനം); ധര്‍മപക്ഷത്ത് സംഘം ചേരുക' എന്ന തലവാചകത്തില്‍ അംഗത്വകാലം ആചരിക്കുന്നത്. കൂടുതല്‍ അംഗങ്ങള്‍, കൂടുതല്‍ യൂണിറ്റുകള്‍ എന്ന ലക്ഷ്യത്തോടെ ആറു ഗള്‍ഫ് രാജ്യങ്ങളിലും ക്രമബദ്ധമായ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചു വരുന്നത്. 
ഡിസംബര്‍ 10നകം അംഗ്വത്വ അപേക്ഷാശേഖരണം പൂര്‍ത്തിയാക്കി യൂണിറ്റുകളില്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും. സമ്മേളനങ്ങളില്‍ യൂണിറ്റുകളില്‍ പുതിയ നേതൃത്വം തിരഞ്ഞെടുക്കപ്പെടും. ഡിസംബര്‍ 18 മുതല്‍ സോണ്‍ പ്രതിനിധി സമ്മേളനം ആരംഭിക്കും. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ സമഗ്ര വിശകലനത്തിനു വിധേയമാക്കി അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനരേഖ സമ്മേളനം ചര്‍ച്ച ചെയ്യും. സോണ്‍ സമ്മേളനങ്ങള്‍ക്കു ശേഷം ജനുവരി ആദ്യവാരത്തില്‍ എല്ലാ രാജ്യങ്ങളിലും ദേശീയ സമ്മേളനങ്ങള്‍ നടക്കും. സംഘടനയുടെ നയസമീപനങ്ങള്‍ ചര്‍ച്ചചെയ്യുന്ന സമ്മേളനങ്ങളില്‍ നാഷണല്‍ കമ്മിറ്റികള്‍ തിരഞ്ഞെടുക്കപ്പെടും. തുടര്‍ന്ന് ജനുവരി 28നു ദേശീയനേതാക്കള്‍ പ്രതിനിധികളാകുന്ന ജി സി സി സമ്മിറ്റ് ചേര്‍ന്ന് കീഴ്ഘടകങ്ങള്‍ ചര്‍ച്ച ചെയ്തു സമര്‍പ്പിച്ച സംഘടനയുടെ സമീപനരേഖ അംഗീകരിക്കും. ജി സി സി കമ്മിറ്റി പ്രഖ്യാപനവും സമ്മിറ്റില്‍ നടക്കും.
മെമ്പര്‍ഷിപ്പ്, തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതവും ശാസ്ത്രീയമായും നടത്തുന്നതിന് മുഴുവന്‍ പ്രവര്‍ത്തകര്‍ക്കുമുള്ള പരിശീലനം സോണ്‍ ശില്‍പശാലയകളിലൂടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജി സി സി ഇലക്ഷന്‍ ചീഫിന്റെ നേതൃത്വത്തില്‍ നാഷണല്‍ ചീഫുമാരാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. സോണ്‍, യൂണിറ്റ് തലങ്ങളിലും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്നതുള്‍പ്പെടെ മുഴുവന്‍ നടപടികളും ഓണ്‍ലൈന്‍ വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്. കേരളത്തില്‍ എസ്എസ്എഫിന്റെയും പ്രവാസി ഘടകമായ രിസാല സ്റഡി സര്‍ക്കിളിന്റെയും ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ ഒരേ കാലയളവിലാണ് നടക്കുന്നത്. ഗള്‍ഫ് ചാപ്റ്ററിനു കീഴിലായി ആറ് നാഷണല്‍ കമ്മിറ്റികളുടെയും അമ്പത്തൊന്ന് സോണ്‍ കമ്മിറ്റികളുടെയും നാനൂറോളം യൂനിറ്റ് കമ്മിറ്റികളുടെയും അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജനുവരി ആദ്യവാരത്തോടെ പൂര്‍ത്തിയാവും.

2022 ലെ ലോകകപ്പ് ഖത്തറില്‍


മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഖത്തറിന്റെ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ സ്വപ്‌നമായ 2022ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥ്യമരുളാനുള്ള ഖത്തറിന്റെ മാസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ സാക്ഷാത്കാരം.

2018ലെ ലോകകപ്പ് റഷ്യയിലും 2022ലെ ലോകകപ്പ് ഖത്തറിലും നടക്കുമെന്ന് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ പ്രഖ്യാപിച്ചു. 22 അംഗ ഫിഫ എക്‌സിക്യൂട്ടിവ് കമ്മിറ്റി വോട്ടെടുപ്പിലൂടെയാണ് ലോകകപ്പിന്റെ ആതിഥേയരെ തെരഞ്ഞെടുത്തത്.

എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ലോകത്തിന്റെ ഫുട്ബാള്‍ മാമാങ്കം തങ്ങളിലൂടെ ഇതാദ്യമായി പശ്ചിമേഷ്യന്‍ മണ്ണിലേക്ക് കൊണ്ടുവരാനായതിന്റെ സന്തോഷത്തിലാണ് ഖത്തര്‍ ‍.

2018 ലോകകപ്പിന്റെ വേദിക്കായി ബെല്‍ജിയം, നെതര്‍ലന്‍ന്റ്‌സ്, ഇംഗ്ലണ്ട്, റഷ്യ, പോര്‍ച്ചുഗല്‍ ‍, സ്‌പെയിന്‍ എന്നിവയാണ്‌ ഇതില്‍ പോര്‍ച്ചുഗല്‍ , സ്‌പെയിന്‍ എന്നീ രാജ്യങ്ങളും ബെല്‍ജിയം, നെതര്‍ലാന്റ്‌സ് എന്നിവയും സംയുക്തമായാണ് ബിഡ് സമര്‍പ്പിച്ചിരുന്നത്.

2022ലെ വേദിക്കായി ഖത്തറിന് പുറമെ ആസ്‌ത്രേലിയ, ജപ്പാന്‍ , ദക്ഷിണ കൊറിയ, അമേരിക്ക എന്നിവയുടെയും ബിഡുകളാണ് ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പരിഗണയിലുണ്ടായിരുന്നത്.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ അറബ് രാജ്യമാണ് ഖത്തര്‍ . പുതിയ ഒമ്പത് സ്‌റ്റേഡിയങ്ങളുടെ നിര്‍മാണത്തിനും നിലവിലുള്ള മൂന്ന് സ്‌റ്റേഡിയങ്ങളുടെ നവീകരണത്തിനുമായി 400 കോടി ഡോളറിന്റെ പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്.

ലോകകപ്പ് നടക്കുന്ന ജൂണ്‍ , ജൂലൈ മാസങ്ങളിലെ ഉയര്‍ന്ന ചൂടാണ് ഖത്തര്‍ ഇക്കാര്യത്തില്‍ നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ ‍, സ്‌റ്റേഡിയങ്ങളും ഗാലറികളും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ശീതീകരിക്കുന്നതിലൂടെ പ്രശ്‌നം പരിഹരിക്കാമെന്നതാണ് അധികാരികള്‍ പ്രതീക്ഷിക്കുന്നത്.

അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി,പത്‌നി ശൈഖ മൗസ ബിന്‍ത് നാസിര്‍ അല്‍മിസ്‌നദ്, പുത്രനും ഖത്തര്‍ ബിഡ് കമ്മിറ്റി ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ആല്‍ഥാനി,പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ആല്‍ഥാനിയും ചടങ്ങിന് സാക്ഷിയായി.

മത്സ്യ-മാംസ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി

പാവറട്ടി: മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം കണക്കിലെടുക്കാതെ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി. അതോടെ വഴിയോര മത്സ്യ-മാംസ കച്ചവടം പാവറട്ടി ടൌണില്‍ നിരോധിച്ചു.  പാവറട്ടി-ചിറ്റാട്ടുകര റോഡിലെ വഴിയോര മത്സ്യമാംസ കച്ചവടം നിരോധിക്കുകയും കുണ്ടുവക്കടവ് റോഡിലെ പഞ്ചായത്തിന്റെ മത്സ്യമാംസ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തത്. വഴിയോര മത്സ്യകച്ചവടക്കാരെ മുഴുവന്‍ പഞ്ചായത്തിന്റെ മാര്‍ക്കറ്റില്‍ ഉള്‍ക്കൊള്ളാത്തതിലും വെള്ളം, വൈദ്യുതി തുടങ്ങിയ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിലുമാണ് മത്സ്യത്തൊഴിലാളികള്‍ക്കു പ്രതിഷേധം.
ഇന്നലെമുതല്‍ വഴിയോര കച്ചവടം നിരോധിച്ചതോടെ മത്സ്യമാര്‍ക്കറ്റിലെ അനധികൃത കച്ചവടം അനുവദിക്കില്ലെന്നും അത്തരക്കാര്‍ക്കെതിരേ നിയമന നടപടി സ്വീകരിക്കുമെന്നും കാണിച്ച് പഞ്ചായത്ത ്അധികൃതര്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പട്ടിണിക്കിടുന്ന പാവറട്ടി പഞ്ചായത്തിന്റെ നയം മാറ്റണമെന്നും മുഴുവന്‍ മത്സ്യത്തൊഴിലാളികള്‍ക്കും മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യുന്നതിന് സൌകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി സ്വതന്ത്ര യൂണിയന്റെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി.
റോഡരുകിലെ മലിനീകരണം ഒഴിവാക്കുന്നതിനും ജനങ്ങളുട ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും മത്സ്യതൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനുമായി മാസങ്ങള്‍ക്കുമുമ്പ് പഞ്ചായത്ത് മത്സ്യമാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും തുറന്ന് പ്രവര്‍ത്തിച്ചിരുന്നില്ല.
പുതിയ ഭരണസമിതി അധികാരമേറ്റശേഷം പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ റപ്പായിയും വാര്‍ഡ് മെമ്പര്‍ ബഷീര്‍ ജാഫ്്നയും മുന്‍കൈ എടുത്താണ് വഴിയോരകച്ചവടം നിരോധിച്ച് മത്സ്യമാര്‍ക്കറ്റ് തുറന്നത്. മത്സ്യത്തൊഴിലാളികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെ വരും ദിവസങ്ങളില്‍ മാര്‍ക്കറ്റിലെ കച്ചവടം പ്രതിസന്ധിയിലാകാനാണ് സാധ്യത.

ഒമാനിലെ അവധി പ്രഖ്യാപിച്ചു

മസ്ക്കത്ത് : ഒമാനിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും 1432 ഹിജ്റ അവധി പ്രഖ്യാപിച്ചു. മുഹറം ഒന്ന് മുതല്‍ ഡിസംബര്‍ 11 വരെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് ദീവാന്‍ റോയല്‍  കോര്‍ട്ട് മന്ത്രി സയ്യിദ്  അലി ബിന്‍ ഹമൂദ് അല്‍ ബുസയിദി അറിയിച്ചു.  12 നു ഞായറാഴ്ച്ച പതിവുപോലെ സര്‍ക്കാര്‍ ഓഫ്ഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതായിരിക്കും. മുഹറം ഒന്നുമുതല്‍ ഡിസംബര്‍ ഒമ്പതുവരെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 10  വെള്ളിയാഴ്ച്ചത്തെ പൊതു അവധിക്കു ശേഷം ശനിയാഴ്ച്ച സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു.
 ഈ വര്‍ഷത്തെ കലണ്ടര്‍ പ്രകാരം ദുല്‍ഹജ്ജ് 29 ഡിസംബര്‍ 5 ഞായറാഴ്ച്ച ആയിരിക്കും. മാസപിറവി കാണുന്നതിനനുസരിച്ച് മുഹറം ഒന്ന് കണക്കാകുമെന്ന് ദീവാന്‍ കോര്‍ട്ട് മന്ത്രി വ്യ്ക്തമാക്കി.

ബൈക്ക് തടഞ്ഞുനിര്‍ത്തിയ പത്തംഗസംഘം യുവാവിന്റെ മുഖം കല്ലുകൊണ്ട് ഇടിച്ചുകീറി

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി ആശുപത്രി റോഡില്‍ രാത്രിയില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തിയ പത്തംഗസംഘം യുവാവിന്റെ മുഖം കല്ലുകൊണ്ട് ഇടിച്ചുകീറി. കൊലവിളി നടത്തിയ സംഘത്തിന്റെ ആക്രമണത്തില്‍ മാരകമായ പരുക്കേറ്റ അഞ്ചങ്ങാടി ആനാംകടവില്‍ സെയ്താലിയുടെ മകന്‍ അബ്ദുല്‍ ലത്തീഫി(31)നെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 11.30നാണ് ആക്രമണം. അഞ്ചങ്ങാടിയില്‍നിന്ന് ആശുപത്രി റോഡിലുളള തന്റെ സഹോദരിയുടെ വീട്ടിലേക്കു പോകുംവഴി ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നുവത്രെ. ഇടിക്കട്ട, ഇരുമ്പു പൈപ്പ്, കല്ല് എന്നിവ ഉപയോഗിച്ചു ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് അബ്ദുല്‍ ലത്തീഫ് പറഞ്ഞു. മുഖത്തും കണ്ണിനും സാരമായ പരുക്കേറ്റിട്ടുണ്ട്. രക്തത്തില്‍ കുളിച്ചു നിലവിളിച്ച ഇയാളെ ഒാടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സിഐ എസ്. ഷംസുദ്ദീന്റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മുന്‍ വൈരാഗ്യമാണ് ആക്രമണ കാരണമെന്ന് എസ്ഐ പി. അബ്ദുല്‍ മുനീര്‍ പറഞ്ഞു.

2010 ഡിസംബർ 1, ബുധനാഴ്‌ച

എം.എസ്.എം. കോണ്‍ഫ്രന്‍സ് യു.എ.ഇ.തല പ്രചരണോദ്ഘാടനം വെള്ളിയാഴ്ച

ദുബൈ: ‘’അറിവ് സമാധാനത്തിന്’’ എന്ന പ്രമേയവുമായി ജനുവരി 7,8,9 തിയ്യതികളില്‍ കെ.എന്‍.എമ്മിന്റെ പോഷകസംഘടനയായ എം.എസ്.എം. (മുജാഹിദ് സ്റുഡന്റ്സ് മൂവ്മെന്റ്) സംഘടിപ്പിക്കുന്ന സ്റുഡന്‍സ് കോണ്‍ഫ്രന്‍സിന്റെ യു.എ.ഇ.തല പ്രചരണോദ്ഘാടനം വെള്ളിയാഴ്ച  (03/12/10) വൈകുന്നേരം ദുബായില്‍ നടക്കും. അല്‍മനാര്‍ ഖുര്‍ആന്‍ സ്റഡിസെന്റര്‍ അങ്കണത്തില്‍ നടക്കുന്ന പരിപാടി ഇ.ടി.മുഹമ്മദ് ബഷീര്‍ എം. പി. ഉത്ഘാടനം ചെയ്യുമെന്ന് ജനറല്‍ കണ്‍വീനര്‍ എന്‍.വി.നിസാര്‍ അറിയിച്ചു.

 പ്രചരണോദ്ഘാടനത്തിന്റെ ഭാഗമായി നാലുമണിക്ക് നടക്കുന്ന ദഅ്വ: സെഷനില്‍ സുബൈര്‍ പീടിയേക്കല്‍, നസീര്‍ പെരുമ്പാവൂര്‍ എന്നിവര്‍ യഥാക്രമം ‘’നാം മുന്നേറുക’’, ‘’ഖുര്‍ആനിന്റെ സമാധാനസന്ദേശം’’ എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. 
തുടര്‍ന്ന നടക്കുന്ന പൊതുപരിപാടിയില്‍ എം.എസ്.എം. സംസ്ഥാന പ്രസിഡന്റ് സാബിര്‍ നവാസ് പ്രമേയവിശദീകരണം നടത്തും. യു.എ.ഇ.ഇന്ത്യന്‍ ഇസ്ളാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുസ്സമദ് സാബീല്‍ അദ്ധ്യക്ഷത വഹിക്കും. ഇസ്ളാഹി സെന്റര്‍ നേതാക്കളായ സി.ടി.ബഷീര്‍, അബ്ദുറഹ്മാന്‍ ചീക്കുന്ന്, ഹുസൈന്‍കക്കാട്, പി.സി.കുഞ്ഞഹമ്മദ് മാസ്റര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
അറിവിന്റെ ലക്ഷ്യം ആത്യന്തിക സമാധാനമാണെന്ന തിരിച്ചറിവ് വിദ്യാര്‍ഥികളിലുണ്‍ടാക്കുക എന്നതാണ്  എം.എസ്.എം. സംഘടിപ്പിക്കുന്ന സമ്മേളന ലക്ഷ്യമെന്ന്  സംഘാടകര്‍ അറിയിച്ചു അപക്വകരങ്ങള്‍ കൊണ്‍ട് കൈകാര്യം ചെയ്യുന്നതെന്തും അപകടത്തിലേക്കാണ് നയിക്കുന്നത്. അറിവും ഇതില്‍ നിന്ന് മുക്തമല്ലെന്നും അവര്‍ പറഞ്ഞു. അടുത്ത മാസം 7,8,9 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ വെച്ചാണ് എം.എസ്.എം. സ്റുഡന്റ്സ് കോണ്‍ഫറന്‍സ് നടക്കുന്നത്. വിദ്യാഭ്യാസവിചക്ഷണരും സാംസ്കാരിക നേതാക്കളും രാഷ്ട്രീയ പ്രമുഖകരും ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്‍ട്.
  

യു.എ.ഇ.തല പ്രചരണം വിജയിപ്പിക്കുവാന്‍ എ.പി.അബ്ദുസ്സമദ് സാബീല്‍ ചെയര്‍മാനും എന്‍.വി.നിസാര്‍ ജനറല്‍ കണ്‍വീനറുമയി സ്വാഗതസംഘം രൂപീകരിച്ചു. മററു സബ്കമ്മററി ഭാരവാഹികള്‍ : എ.ടി.പി.കുഞ്ഞഹമ്മദ് (വെന്യൂ മാനേജ്മെന്റ്), നൌഷാദ് ആലപ്പുഴ(റിസപ്ഷന്‍), അഷ്റഫ്  മനാര്‍( ഫൂഡ്), മുഹമ്മദലി & മിസ്ബാഹ് ക്രിയേഷന്‍സ്( ടെക്ക്നിക്കല്‍), നസീര്‍ പി.എ. , മുനീര്‍ കെ.സി. (പബ്ളിസിററി), കെ.എ.ജബ്ബാരി, ആരിഫ് സൈന്‍ (മീഡിയ), ഇഖ്ബാല്‍ തിരുവനന്തപുരം(ട്രാന്‍സ്പോര്‍ട്ട)്. പി.കെ.എം.ബഷീര്‍ (വളണ്‍ടിയര്‍))
സ്റുഡന്‍സ് കോണ്‍ഫ്രന്‍സിന്റെ ഭാഗമായി ഞായറാഴ്ച ടീനേജ്കുട്ടികള്‍ക്കായി ദുബായിയില്‍ സംഘടിപ്പിക്കുന്ന ‘’നോളജ് ടെന്റില്‍’’ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ടീന്‍സ് പ്രോഗ്രാം കണ്‍വീനര്‍ വി.സി.അഷ്റഫുമായി ബന്ധപ്പെടേണ്‍ടതാണ്  മൊബൈല്‍ : 050 6537140.
 
അല്‍മനാര്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ എ.പി.അബ്ദുസ്സമദ് അദ്ധ്യക്ഷത വഹിച്ചു. എന്‍.വി.നിസാര്‍, വി.സി.അഷ്റഫ്, വി.കെ.കെ.അബ്ദുല്ല, ആരിഫ് സൈന്‍, പി.കെ.എം.ബഷീര്‍, നസീര്‍ പി.എ, ഇഖ്ബാല്‍ തിരുവനന്തപുരം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ദേര, ഖുസൈസ്, ജബല്‍ അലി തുടങ്ങി ദുബായിലെ വിവിധ ഭാഗങ്ങളില്‍ നിന്നും അല്‍മനാറിലേക്ക് വെള്ളിയാഴ്ച വൈകുന്നേരം വാഹനസൌകര്യമുണ്‍ ടായിരിക്കും. സ്ത്രീകള്‍ക്കും പരിപാടി ശ്രവിക്കാന്‍ പ്രത്യേക സൌകര്യമൊരുക്കിയിട്ടുണ്‍ട്.

സാബിര്‍ നവാസിനു സ്വീകരണം നല്‍കി
ദുബായ് : സ്റുഡന്‍സ് കോണ്‍ഫ്രറന്‍സ് പ്രചരണാര്‍ഥം  യു.എ.ഇ.യിലെത്തിയ  എം.എസ്.എം. (മുജാഹിദ് സ്റുഡന്റ്സ് മൂവ്മെന്റ്) സംസ്ഥാന പ്രസിഡന്റ് സാബിര്‍ നവാസിന് ഇസ്ളാഹിസെന്റര്‍ നേതാക്കളും സ്വാഗതസംഘം ഭാരവാഹികളും ചേര്‍ന്ന് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഹൃദ്യമായ സ്വീകരണം നല്‍കി.
ശരീഫ് പി.കെ, ഇബ്രാഹീം എളയാററില്‍, എന്‍.വി.നിസാര്‍, ബൈജുസയ്യദ്, നിയാസ് മോങ്ങം, സബാഹ് സാബീല്‍, അബ്ദുസ്സലാം അബ്ദുസ്സമദ്  തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിക്കുവാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. 
യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ സാബിര്‍ നവാസ് പ്രസംഗിക്കും. അല്‍മനാറില്‍ നടക്കുന്ന ടീന്‍സ് നോളജ് ടെന്റിനും സാബിര്‍ നേതൃത്വം നല്‍കും.

കാറ്റാടിമരക്കൂട്ടങ്ങള്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാവുന്നു

കെ എം അക്ബര്‍ 
ചാവക്കാട്: കടല്‍തീരങ്ങളിലെ കാറ്റാടിമരക്കൂട്ടങ്ങള്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാവുന്നു. ബ്ളാങ്ങാട് ദ്വാരക ബീച്ച് മുതല്‍ അകലാട് വരെ കിലോമീറ്ററുകള്‍ ദൂരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന കാറ്റാടി മരങ്ങളാണ് സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായിട്ടുള്ളത്. തീരസംരക്ഷണത്തിന്റെ ഭാഗമായി കടല്‍ക്ഷോഭം തടയാനും മണ്ണൊലിപ്പ് തടയാനുമായാണ് സര്‍ക്കാര്‍ ഫണ്ട് ചെലവിട്ട് കടല്‍ തീരത്ത് കാറ്റാടിതൈകള്‍ നട്ടു വളര്‍ത്തിയത്. പോലിസിന്റെ ശ്രദ്ധ തീരെയില്ലാത്ത ഇത്തരം കാറ്റാടിമകൂട്ടങ്ങള്‍ക്കിടയില്‍ കഞ്ചാവ്, മദ്യ മാഫിയ സംഘങ്ങളും ചീട്ടുകളി സംഘങ്ങളും സുരക്ഷാകേന്ദ്രമാക്കിയ നിലയിലാണ്. ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങളും ഇവിടെ പലപ്പോഴും തവളമുറപ്പിക്കാറുണ്ട്. കാറ്റാടി മരക്കൂട്ടങ്ങള്‍ക്ക് ചുറ്റും പൊന്തക്കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നതാണ് ഇക്കൂട്ടര്‍ക്ക് സഹായകമായിട്ടുള്ളത്. രണ്ടു വര്‍ഷം മുന്‍പ് കാദരിയ്യ കടപ്പുറത്തെ കാറ്റാടി മരക്കൂട്ടങ്ങള്‍ക്കിടയില്‍ 11കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയിരുന്നു. 


കിഡ്നി ഫൌണ്ടേഷന്‍ ചാപ്റ്റര്‍ രൂപീകരിച്ചു

കെ എം അക്ബര്‍
പുന്നയൂര്‍ക്കുളം: മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ കിഡ്നി ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ചാപ്റ്റര്‍ രൂപീകരിച്ചു. ഫാ.ഡേവിസ് ചിറമ്മല്‍ ഉദ്ഘാടനം ചെയ്തു. മര്‍ച്ചന്റ് അസോസിയേഷന്‍ പുന്നയൂര്‍ക്കുളം-ആല്‍ത്തറ യൂണിറ്റ് പ്രസിഡന്റ് ലൂക്കോസ് തലക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമാ ലീനസ്, പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് രശ്മി ബാലന്‍, കെ രാജേഷ് കൃഷ്ണന്‍, ഐ കെ സച്ചിദാനന്ദന്‍ സംസാരിച്ചു.

ചാവക്കാട് ലോറിക്ക് പുറകില്‍ കാറിടിച്ച് കാര്‍ യാത്രക്കാരായ രണ്ടു പേര്‍ക്ക് പരുക്ക്

ചാവക്കാട്: മുതുവട്ടൂര്‍ രാജ ഹാളിനു മുന്നില്‍ വിറകുകയറ്റിപ്പോയിരുന്ന മിനി ലോറിക്ക് പുറകില്‍ കാറിടിച്ച് കാര്‍ യാത്രക്കാരായ രണ്ടു പേര്‍ക്ക് പരുക്കേറ്റു. കേച്ചേരി സ്വദേശികളായ പാണേങ്ങാടന്‍ വീട്ടില്‍ ഷാജി(29), സന്തോഷ്(34) എന്നിവരെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച്ച രാത്രി 9.45നാണ് അപകടം. കുന്നംകുളം ഭാഗത്തുനിന്നു കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്ന ലോറിക്കു പുറകില്‍ ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി.

പുകയില ഒരു വിഷം: കെ.പി.ജോസഫ് രചിച്ച പുസ്തകം പ്രകാശനം ചെയ്തു

പാവറട്ടി: പാവറട്ടി ലിറ്റില്‍ ഫ്ളവര്‍ എല്‍പി സ്കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ കെ.പി.ജോസഫ് രചിച്ച പുകയില ഒരു വിഷം എന്ന പുസ്തകം പാവറട്ടി പബ്ളിക് ലൈബ്രറി ഹാളില്‍ പ്രകാശനം ചെയ്തു. ടി.ബി.എസ് ഡിസ്ട്രിബ്ള്യൂട്ടേഴ്സിനു വേണ്ടി തൃശൂര്‍ നളന്ദ പബ്ളിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ചടങ്ങില്‍ ലൈബ്രറി കമ്മിറ്റി പ്രസിഡന്റ് ആര്‍.കെ. ജമാല്‍ അധ്യക്ഷത വഹിച്ചു.കവിയും ഗ്രന്ഥകാരനുമായ ഫാ. ജോഷി കണ്ണൂക്കാടന്‍ സിഎംഐ പുസ്തകത്തിന്റെ പ്രതി സാഹിത്യകാരനായ രാധാകൃഷ്ണന്‍ കാക്കശേരിക്ക് നല്‍കി പ്രകാശനം ചെയ്തു.
രാധാകൃഷ്ണന്‍ കാക്കശേരി, പ്രസാദ് കാക്കശേരി, ഡോ. വി.എ.രാമചന്ദ്രന്‍, സി.പി.തോമസ്, സി.വി.വിന്‍സെന്റ്, കെ.പി.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

നിര്‍ധന രോഗികള്‍ക്ക് ആയുര്‍വേദ മരുന്നു നല്‍കി പഞ്ചായത്ത് ഭരണസമിതി പടിയിറങ്ങി

പാവറട്ടി: നിര്‍ധന രോഗികള്‍ക്ക് ആയുര്‍വേദ മരുന്നു നല്‍കി എളവള്ളി പഞ്ചായത്ത് ഭരണസമിതി പടിയിറങ്ങി. പുതിയ ഭരണസമിതി ഇന്നു പത്തിനു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വാര്‍ഡ് വിഭജന കേസിനെത്തുടര്‍ന്നാണ് എളവള്ളിയില്‍ നിലവിലുള്ള ഭരണസമിതിക്കു ഭരണം നടത്താന്‍ ഒരു മാസത്തെ സമയം അധികം ലഭിച്ചത്. വിടവാങ്ങല്‍ ചടങ്ങായി നടത്തിയ രണ്ടു ലക്ഷം രൂപയുടെ ആയുര്‍വേദ മരുന്നുവിതരണം മുരളി പെരുനെല്ലി എംഎല്‍എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് തുളസി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ. രാമചന്ദ്രന്‍, വികസനകാര്യ ചെയര്‍മാന്‍ സി.എഫ്. രാജന്‍, ക്ഷേമകാര്യ ചെയര്‍മാന്‍ ടി.സി. മോഹനന്‍, ശങ്കരന്‍ കാക്കശേരി, അല്‍ഫോണ്‍സ ജോര്‍ജ്, ബി.ആര്‍. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ജര്‍മനിയിലെ മ്യൂണിച്ചില്‍ ലോകകപ്പ് ജേതാക്കളുമായി കളിക്കുകയും സംവാദം നടത്തുകയും ചെയ്ത പഞ്ചായത്തിലെ ഫുട്ബോള്‍പ്രതിഭ അബു താഹിറിനെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. 

ചാവക്കാട് നഗരസഭാ കൗണ്‍സിലിന്റെ ആദ്യയോഗത്തില്‍ കയ്യാങ്കളി

ചാവക്കാട്: താലൂക്ക് ആസ്​പത്രി പ്രശ്‌നത്തെ ചൊല്ലി പുതിയ ചാവക്കാട് നഗരസഭാ കൗണ്‍സിലിന്റെ ആദ്യയോഗത്തില്‍ കയ്യാങ്കളിയും ഇറങ്ങിപ്പോക്കും.
താലൂക്ക് ആസ്​പത്രിയില്‍ ആവശ്യത്തിനുള്ള ജീവനക്കാരില്ലാത്തതിനാല്‍ രോഗികള്‍ ദുരിതമനുഭവിക്കുന്നുവെന്ന പ്രശ്‌നം കൗണ്‍സിലില്‍ അവതരിപ്പിക്കാന്‍ ശൂന്യവേളയില്‍ ചെയര്‍പേഴ്‌സണ്‍ പ്രതിപക്ഷത്തിന് അവസരം നിഷേധിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇതേതുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങളും ഭരണപക്ഷ അംഗങ്ങളും തമ്മില്‍ പോര്‍വിളിച്ചു. ബഹളം പിന്നീട് കയ്യാങ്കളിയില്‍ എത്തി. പിന്നെ പ്രതിപക്ഷാംഗങ്ങള്‍ ചെയര്‍പേഴ്‌സനെതിരെ മുദ്രാവാക്യം വിളിച്ച് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
കോടികള്‍ ചെലവഴിച്ച് കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോഴും ചാവക്കാട് താലൂക്ക് ആസ്​പത്രിയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് രോഗികള്‍ ദുരിതമനുഭവിക്കുന്നതിനെ കുറിച്ച് ഞായറാഴ്ച 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത വന്ന പത്രം ഉയര്‍ത്തിപ്പിടിച്ചാണ് കോണ്‍ഗ്രസ്സംഗം കെ.വി. ഷാനവാസ് പ്രശ്‌നം ഉന്നയിച്ചത്.
പ്രശ്‌നം ഗുരുതരമാണെന്ന് സമ്മതിച്ച ചെയര്‍പേഴ്‌സണ്‍ സതീരത്‌നം അജണ്ടകള്‍ വായിച്ചശേഷം അത് അവതരിപ്പിക്കാമെന്നായി. എന്നാല്‍ അടിയന്തര പ്രശ്‌നത്തില്‍ ശ്രദ്ധ ക്ഷണിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശം നിഷേധിച്ചതായി കാണിച്ച് പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെച്ചു. ഇതിനിടെ നഗരസഭാ ഉദ്യോഗസ്ഥര്‍ അജണ്ട വായിക്കാന്‍ തുടങ്ങിയതോടെ പ്രതിപക്ഷാംഗങ്ങള്‍ ഇരിപ്പിടം വിട്ട് ചെയര്‍പേഴ്‌സന്റെ ഡയസിന് മുന്നിലേക്ക് നീങ്ങി. കെ.വി. ഷാനവാസും, പി. യതീന്ദ്രദാസും ഉദ്യോഗസ്ഥനില്‍ നിന്നും അജണ്ട പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതോടെ ഭരണപക്ഷാംഗങ്ങളായ എം.ആര്‍. രാധാകൃഷ്ണന്‍, കെ.എം. അലി, കെ.കെ. സുധീരന്‍, മാലിക്കുളം അബ്ബാസ് എന്നിവര്‍ ചേര്‍ന്ന് പ്രതിരോധിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഭരണപക്ഷാംഗങ്ങളും പ്രതിപക്ഷാംഗങ്ങളും തമ്മില്‍ കയ്യേറ്റം നടന്നു.
ഭരണകക്ഷിയിലെ ഒരംഗം സഭയ്ക്ക് യോജിക്കാത്ത വിധം പ്രതിപക്ഷാംഗത്തെ ചീത്തവിളിച്ചതോടെ രംഗം വഷളായി. തുടര്‍ന്ന് പ്രതിപക്ഷനേതാവ് കെ.കെ. കാര്‍ത്ത്യായനിയുടെ നേതൃത്വത്തില്‍ ചെയര്‍പേഴ്‌സനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോയി. ഇതിനിടെ അജണ്ടകള്‍ പാസാക്കിയതായി ചെയര്‍പേഴ്‌സണ്‍ പ്രഖ്യാപിച്ച് യോഗം പിരിഞ്ഞു.
തുടര്‍ന്ന് പ്രതിപക്ഷനേതാവ് കെ.കെ. കാര്‍ത്ത്യായനി, പ്രതിപക്ഷാംഗങ്ങളായ പി.യതീന്ദ്രദാസ്, കെ.വി. ഷാനവാസ്, പി.എം. നാസര്‍, ഹിമ മനോജ്, രശ്മി ബിജു, ബേബി ഫ്രാന്‍സിസ്, എം.ആര്‍. കോമളം, പി.എം. സുലൈമു, ഇ.എം. സാജന്‍, കെ.വി. സത്താര്‍ എന്നിവര്‍ ഒപ്പിട്ട വിയോജനക്കുറിപ്പ് നഗരസഭാ സെക്രട്ടറിയ്ക്ക് നല്‍കി. ബഹളം മൂലം കൗണ്‍സില്‍ പിരിഞ്ഞിട്ടുള്ളതാണെന്നും യോഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അജണ്ടകള്‍ പാസ്സായിട്ടില്ലാത്തതിനാല്‍ അജണ്ടയിലെ വിഷയങ്ങളോട് വിയോജിക്കുന്നുവെന്നുമാണ് കുറിപ്പ്. ചെയര്‍പേഴ്‌സണ്‍ സതീ രത്‌നം യോഗത്തില്‍ അധ്യക്ഷയായി.