പേജുകള്‍‌

2010 നവംബർ 11, വ്യാഴാഴ്‌ച

കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി

ഗുരുവായൂര്‍: ഗുരുവായൂര്‍-ചാവക്കാട് മേഖലകളിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമായി മുന്നോട്ടുവെച്ചിട്ടുള്ള 50 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട നിര്‍മാണം ഡിസംബര്‍ മാസത്തില്‍ തുടങ്ങും. ഗുരുവായൂരില്‍ ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ ഉന്നതതല ഉദ്യോഗസ്ഥയോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

ചാലക്കുടി കരുവന്നൂര്‍ പുഴയില്‍നിന്ന് കുടിവെള്ളമെടുക്കുന്ന പദ്ധതിയാണിത്. കരുവന്നൂര്‍ പുഴയ്ക്കു സമീപം വെള്ളാനിയില്‍ 1.69 കോടി രൂപ ചെലവിട്ട് പ്ലാന്റിന്റെ നിര്‍മാണം കഴിഞ്ഞ മാര്‍ച്ചില്‍ കഴിഞ്ഞിരുന്നു. കരുവന്നൂര്‍ പുഴയില്‍ കിണറും പമ്പിങ് മെയിനുമാണ്. രണ്ടാംഘട്ട പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മൂന്നു കോടി 30 ലക്ഷം രൂപയുടെ പ്രോജക്ടിന് കഴിഞ്ഞ ദിവസം ടെണ്ടര്‍ അംഗീകരിച്ചു. പുഴയില്‍നിന്ന് വെള്ളം സംഭരിച്ചുവെക്കാനുള്ള കിണറും അവിടെനിന്ന് വെള്ളാനിയിലെ പ്ലാന്റിലേക്ക് വെള്ളം എത്തിക്കാനുള്ള പമ്പിങ് മെയിനുമാണിത്.

പദ്ധതിയുടെ ഭാഗമായുള്ള പമ്പ് ഹൗസ് ഏങ്ങണ്ടിയൂരിലാണ്. അവിടേക്ക് വെള്ളാനി പ്ലാന്റില്‍നിന്ന് ഗ്രാവിറ്റി മെയിന്‍ സ്ഥാപിക്കാനുള്ള പ്രവൃത്തിയുടെ ണ്ടെര്‍ നടപടികള്‍ ആയിവരുന്നതേയുള്ളു. 22 കിലോമീറ്ററോളം ദൂരം ഗ്രാവിറ്റി മെയിന്‍ സ്ഥാപിക്കാന്‍ 20 കോടി രൂപയാണ് എസ്റ്റിമേറ്റ്. ഇതിന്റെ പ്രവൃത്തിയും അധികം താമസിയാതെ തുടങ്ങാനാകും. ഏങ്ങണ്ടിയൂരിലെ പമ്പ്ഹൗസില്‍നിന്ന് ഗുരുവായൂരിലേക്കുള്ള ലൈന്‍ നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ ജനവരിയിലുണ്ടാകും.

പദ്ധതിയുടെ നിര്‍മാണം വേഗത്തിലാക്കാനും മേല്‍നോട്ടം വഹിക്കുന്നതിനുമായി രണ്ടു കമ്മിറ്റികളാണ് ഉള്ളത്. ടെക്‌നിക്കല്‍ അഡ്‌വൈസിങ് ഗ്രൂപ്പ് (ടാഗ്), എംപവര്‍ കമ്മിറ്റി എന്നിവയാണത്. 'ടാഗ്' കമ്മിറ്റിയില്‍ വാട്ടര്‍ അതോറിറ്റിയിലെ സാങ്കേതിക പരിജ്ഞാനമുള്ള ഉന്നത ഉദ്യോഗസ്ഥരാണുള്ളത്. മന്ത്രിമാരായ പാലോളി മുഹമ്മദ്കുട്ടി, എന്‍.കെ. പ്രേമചന്ദ്രന്‍, ചീഫ് സെക്രട്ടറി, ഫിനാന്‍ഷ്യല്‍ സെക്രട്ടറി എന്നിവരാണ് എംപവര്‍ കമ്മിറ്റിയില്‍ ഉള്ളത്. എംപവര്‍ കമ്മിറ്റിയുടെ യോഗം നവംബര്‍ 16ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ആ യോഗത്തില്‍ പദ്ധതിയുടെ തുടര്‍നിര്‍മാണ പ്രവൃത്തികള്‍ സംബന്ധിച്ച ചര്‍ച്ച നടക്കും.

2012-ഓടെ സമഗ്ര കുടിവെള്ളപദ്ധതി പ്രവര്‍ത്തനക്ഷമമാക്കാനാണ് തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെയാണിത്. മൊത്തം തുകയുടെ 80 ശതമാനം കേന്ദ്രസര്‍ക്കാരാണ് വഹിക്കുന്നത്. 10 ശതമാനം സംസ്ഥാന സര്‍ക്കാരും 10 ശതമാനം ഗുരുവായൂര്‍-ചാവക്കാട് നഗരസഭയും വീതിച്ചെടുക്കും. ഗുരുവായൂര്‍ നഗരസഭയുടെ അഞ്ച് ശതമാനം വിഹിതത്തില്‍ ഒരു പങ്ക് ഗുരുവായൂര്‍ ദേവസ്വവും എടുത്തിട്ടുണ്ട്.

ഗുരുവായൂരില്‍ ചേര്‍ന്ന യോഗത്തില്‍ ടെക്‌നിക്കല്‍ അഡ്‌വൈസിങ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ബാലന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ പി.സി. തോമസ് പണിക്കര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മാത്യു ഫിലിപ്പ് എന്നിവര്‍ പ്രോജക്ടുകള്‍ വിശദീകരിച്ചു. ഗുരുവായൂര്‍ വാട്ടര്‍ അതോറിറ്റി, ഗുരുവായൂര്‍-ചാവക്കാട് നഗരസഭ, കെ.എസ്.ഇ.ബി. എന്നിവിടങ്ങളിലെ എന്‍ജിനീയര്‍മാരും യോഗത്തില്‍ പങ്കെടുത്തു.

2010 നവംബർ 10, ബുധനാഴ്‌ച

ഒരുമ ഈദ് മീറ്റ് - 2010

അബ്ദുള്‍കബീര്‍
ദുബായ്: ഗള്‍ഫിലെ ഒരുമനയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ ദുബായ് / ഷാര്‍ജ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന  'ഒരുമ ഈദ് മീറ്റ് - 2010' ദുബായ് സഫാ പാര്‍ക്കില്‍ രണ്ടാം പെരുന്നാള്‍ ദിവസം (നവംബര്‍ 17 ബുധനാഴ്ച) ചേരുന്നു.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കലാ കായിക മത്സരങ്ങളും ഉണ്ടായിരിക്കുമെന്നു ഭാരവഹികള്‍ അറിയിച്ചു. രാവിലെ ഒന്‍പതു മണി മുതല്‍ വൈകീട്ട് ഏഴു മണി വരെയാണ് പരിപാടികള്‍.
(വിശദ വിവരങ്ങള്‍ക്ക്)
കബീര്‍      - 050 2639756 (ദുബായ്)
ആസിഫ്   - 050 7849672 (ഷാര്‍ജ)
ഹനീഫ്     - 050 7912329 (അബുദാബി)

അബുദാബി മുസഫയില്‍ പുതിയ ഹൈപ്പെര്‍ മാര്‍ക്കെറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

നൂറു മുഹമ്മദ്     ഒരുമനയൂര്‍
അബുദാബി:  ബനിയാസ് സ്പൈക്ക് ട്രേഡിംഗ്ന്‍റെ പുതിയ സംരംഭമായ ബനിയാസ് സ്പൈക്ക്    ഹൈപ്പെര്‍ മാര്‍ക്കെറ്റ്  അബുദാബി മുസഫ 5 ല്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.
കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു. ബനിയാസ് സ്പൈക്ക് മാനേജിംഗ്  ഡയരക്ടെര്‍  അബ്ദു റഹിമാന്‍ അബ്ദുള്ള, ഡയരക്ടെര്‍മാരായ റഷീദ് അബ്ദുറഹിമാന്‍ അബ്ദുള്ള, റമീസ് അബ്ദുറഹിമാന്‍ അബ്ദുള്ള, മുന്‍സിപ്പലിറ്റി പ്രതിനിധി അബ്ദുല്ല അലി സലെ, അബുദാബി പോലീസ്  ഉന്നതോദ്യോഗസ്ഥന്‍ അബുബുല്ല അല്‍ റസി സന്ദി എന്നിവര്‍ സന്നിഹിതരായിരുന്നു.

റേഷന്‍കടകളിലെ ക്രമക്കേടുകള്‍ പരിശോധിക്കാന്‍ ഇനി വരുന്നത് സ്ഥലത്തെ പഞ്ചായത്തംഗം

റേഷന്‍കടകളിലെ ക്രമക്കേടുകള്‍ പരിശോധിക്കാന്‍ ഇനി വരുന്നത് റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ മാത്രമായിരിക്കില്ല, സ്ഥലത്തെ പഞ്ചായത്തംഗത്തി നും അതിന് അധികാരം ലഭിച്ചുകഴിഞ്ഞു. സംസ്ഥാനതലത്തിലുള്ള ഭക്ഷ്യോപദേശക-പരിശോധനാസമിതിക്ക് പ്രാദേശികതലങ്ങളിലും ഘടകങ്ങള്‍ ആരംഭിക്കുന്നതോടെയാണ് പഞ്ചായത്തംഗങ്ങള്‍ക്ക് പൊതുവിതരണ സംവിധാനങ്ങളുടെ നടത്തിപ്പില്‍ ഇടപെടാന്‍ അവസരമൊരുങ്ങുന്നത്.
റേഷന്‍കടകള്‍ ഉള്‍പ്പെടെ പൊതുവിതരണ സമ്പ്രദായത്തിലെ സംവിധാനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനുമാണ് ഭക്ഷ്യോപദേശക-പരിശോധനാ സമിതി രൂപീകരിച്ചത്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വാധ്വാ കമ്മീഷന്റെ നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് സമിതിക്കു രൂപം നല്‍കിയത്. സംസ്ഥാന, ജില്ലാ തലങ്ങളില്‍ സമിതിയുടെ പ്രവര്‍ത്തനം ഏതാനും മാസങ്ങള്‍ക്കു മുമ്പ് ആരംഭിച്ചെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്തുതല സമിതികള്‍ രൂപീകരിക്കുന്നത് നീണ്ടുപോവുകയായിരുന്നു.
പഞ്ചായത്തു പ്രസിഡന്റാണ് പ്രാദേശിക സമിതിയുടെ ചെയര്‍മാന്‍. പഞ്ചായത്തംഗങ്ങളെക്കൂടാതെ നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ടീയപാര്‍ട്ടികളുടെ ഓരോ പ്രതിനിധിയും, റേഷനിംഗ് ഇന്‍സ്്പെക്ടര്‍, ലീഗല്‍ മെട്രോളജി, റവന്യൂ, ആരോഗ്യം, പഞ്ചായത്ത്, പോലീസ് വകുപ്പുകളില്‍ നിന്ന് ഓരോ പ്രതിനിധിയും സമിതിയില്‍ അംഗങ്ങളായിരിക്കും. താലൂക്ക് സപ്ളൈ ഓഫീസറാണ് സമിതിയുടെ കണ്‍വീനര്‍.
രണ്ടുമാസത്തിലൊരിക്കല്‍ കമ്മിറ്റി യോഗം നടത്തി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യണമെന്ന്് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം, അളവുതൂക്കം എന്നിവ ഉറപ്പാക്കുകയും പൊതുവിതരണ സമ്പ്രദായത്തില്‍ സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുകയുമാണ് സമിതിയുടെ പ്രധാന ഉത്തരവാദിത്വം. റേഷന്‍ കടകളില്‍ വിലവിവരപ്പട്ടിക, സ്റോക്കുവിവരങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നുണ്െടന്നും നിശ്ചിത സമയങ്ങളില്‍ കട തുറന്നു പ്രവര്‍ത്തിക്കുന്നുണ്െടന്ന് ഉറപ്പാക്കേണ്ടതും കമ്മിറ്റിയുടെ ചുമതലയാണ്. സമിതിയിലെ അംഗങ്ങള്‍ക്കു കടകളില്‍ പരിശോധന നടത്താനും ക്രമക്കേടോ അപര്യാപ്തതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉന്നതതലത്തില്‍ അറിയിച്ച് നടപടിയെടുക്കുന്നതിനും അധികാരമുണ്ട്. റേഷന്‍ കടകളുടെ പ്രവര്‍ത്തനങ്ങളില്‍ പരാതികള്‍ ഉയര്‍ന്നാല്‍ താലൂക്ക് സപ്ളൈ ഓഫീസര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.




.

കേരളത്തില്‍ ബലിപെരുന്നാള്‍ നവംബര്‍ 17 ന്

കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ ബലിപെരുന്നാള്‍ നവംബര്‍ 17-നായിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍, മുഖ്യഖാസി കെ.വി. ഇമ്പിച്ചമ്മത്, വലിയ ഖാസി പാണക്കാട് സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ദീന്‍ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
കണ്ണൂര്‍, മലപ്പുറം, പാലക്കാട്, ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കെ.പി. ഹംസ മുസ്‌ല്യാര്‍, നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്‌ല്യാര്‍, എം.എം. അബ്ദുല്ല മുസ്‌ല്യാര്‍, കോഴിക്കോട്, വയനാട്, തൃശ്ശൂര്‍ ഖാസിമാരുടെ പ്രതിനിധികളായ എ.പി. മുഹമ്മദ് മുസ്‌ല്യാര്‍, പി.വി. മൊയ്തീന്‍കുട്ടി മുസ്‌ല്യാര്‍ താഴപ്ര, ബേപ്പൂര്‍ ഖാസി പി.ടി. അബ്ദുല്‍ഖാദിര്‍ മുസ്‌ല്യാര്‍ എന്നിവരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്












.

തൃശ്ശൂര്‍ അസ്സോസ്സിയേഷന്‍ ഓണം - ഈദ്‌ ഗാല ആഘോഷങ്ങള്‍ 2010

സനോജ് 66490337
കുവൈറ്റ്‌: തൃശൂര്‍ അസ്സോസ്സിയേഷന്‍ ‍ഓഫ് കുവൈറ്റ്‌ മലയാളികളുടെ വസന്തോത്സവമായ ഓണവും , ബലിപെരുന്നാളും  (ഈദ്‌ - അല്‍ അദ്ഹ ) ഒരുമിച്ചു ആഘോഷിക്കുന്നു. തഥവസരത്തില്‍ വിവിധയിനം  കലാപരിപാടികളോടൊപ്പം വിപുലമായ പാരമ്പര്യ രീതിയിലുള്ള ഓണ സദ്യയും ഉണ്ടായിരിക്കുന്നതാണ്. 2010 നവംബര്‍ 16 ചൊവ്വാഴ്ച മൈദാന്‍ ഹവല്ലിയിലുള്ള അമേരിക്കന്‍ ഇന്റര്‍ നാഷണല്‍ സ്കൂള്‍ ആഡിറ്റൊറിയത്തില്‍ വെച്ച് നടത്തപെടുന്ന ഈ കലാ വിരുന്ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5.30 വരെ ഉണ്ടായിരിക്കുമെന്ന് അസ്സോസ്സിയേഷന്‍ മീഡിയ വിഭാകം അബ്ബാസിയ റിഥം ഹാളില്‍ സംഘടിപ്പിച്ച പത്ര   സമ്മേളനത്തില്‍ അസ്സോസ്സിയേഷന്റെ ഭാരവാഹികള്‍  പ്രസ്താവിച്ചു. ഈ സുദിനത്തിന്റെ മുഖ്യ അതിഥിയായി പങ്കെടുക്കുന്നത് കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ ബഹുമാനപെട്ട ശ്രീ അജയ് മല്‍ഹോത്രയാണ്. രാവിലെ മുതല്‍ വൈകീട്ട് വരെ  നീണ്ടു നില്‍ക്കുന്ന സംഗീത കലാവിരുന്ന് പ്രസിദ്ധ പിന്നണി ഗായകരായ മിസ്സ് സിസലി അബ്രഹാം , സാലിഷ് ശ്യാം , മിഥുന്‍ പയ്യോളി , മിസ്സ്‌ സൈറാ സലിം എന്നിവരെ  ശ്രീ സജീഷ് കുട്ടെനല്ലൂര്‍ നയിക്കും  . പാരമ്പര്യ ഓണാഘോഷത്തിന്റെ ഭാഗങ്ങളായ ചെണ്ടമേളം, പുലിക്കളി, തെയ്യം മുതലായ കലാരൂപങ്ങളും ഈ ദിവസത്തിന്റെ ആഘോഷങ്ങള്‍ക്ക് നിറപകിട്ടേകും.













.

2010 നവംബർ 9, ചൊവ്വാഴ്ച

യാത്രയയപ്പ് നല്‍കി

നൌഫല്‍ പി എം മാട്ടുമ്മല്‍
ചാവക്കാട്‌: മാട്ടുമ്മല്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി മാട്ടുമ്മല്‍ പോസ്റ്റ്‌ ഓഫീസിലെ പോസ്റ്റ്‌ മാസ്റ്റര്‍ പദവിയില്‍ സേവനമനുഷ്ടിച്ച ശ്രീമതി റാണിക്ക് ഉയര്‍ന്ന പദവിയോടുകൂടി സ്ഥലമാറ്റം ലഭിച്ചതിനാല്‍ മാട്ടുമ്മല്‍ നിവാസികളും മാട്ടുമ്മല്‍ സ്കൂള്‍ മാനേജ്മെന്റും അദ്ധ്യാപകരും പള്ളി കമ്മിറ്റി ഭാരവാഹികളും സംയുക്തമായി വിപുലമായ യാത്രയയപ്പ് നല്‍കി.

സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ: പാപ്പച്ചന്‍ മാസ്റ്ററിന്റെ സ്വാഗത പ്രസംഗത്തോടെ തുടങ്ങിയ ചടങ്ങുകള്‍ സ്കൂള്‍ മാനേജര്‍ ശ്രീ:മുഹമ്മദ്‌ ഹനീഫയുടെ അദ്ധ്യക്ഷതയില്‍ കടപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ: ഇബ്രാഹിം K.M  ഉദ്ഘാടനം ചെയ്തു. ശ്രീ: ഉമ്മര്‍കുഞ്ഞി ( മുന്‍ പഞ്ചായത്ത് പ്രസിഡന്റ്), ശ്രീമതി: ഫിലോമിന ടീച്ചര്‍ (ഒരുമനയൂര്‍ പഞ്ചായത്ത് മെമ്പര്‍) , ശ്രീ: മുഹമ്മു (മാട്ടുമ്മല്‍ പള്ളി കമ്മിറ്റി ട്രഷറര്‍), ശ്രീ: കുമാരന്‍ (മാട്ടുമ്മല്‍ പോസ്റ്റ്‌ മാസ്റ്റര്‍)എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.തുടര്‍ന്ന് ശ്രീ: സുബീഷ്.P.S നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

സൗദിയില്‍ ഫറോവ കാലഘട്ടത്തിലെ ശിലാലിഖിതം കണ്ടെത്തി

 അലിയമുണ്ണി സികെ അഞ്ചങ്ങാടി
റിയാദ്: പശ്ചിമേഷ്യയുടെ ചരിത്രത്തിലെ സുപ്രധാന കാലഘട്ടത്തിലേക്ക് വെളിച്ചം വീശി സൗദിയില്‍ നിന്ന് ഈജിപ്തിലെ ഫറോവന്‍ കാലഘട്ടത്തിലെ  ശിലാ ലിഖിതം കണ്ടെത്തി. തബൂക്ക് പ്രവിശ്യയിലെ  പൗരാണിക തൈമ മരുഭൂമിയിലെ ഫലഭൂയിഷ്ഠ മേഖലയിലെ പാറയിലാണ് ശിലാ ലിഖിതം കണ്ടെത്തിയത്.

സൗദിയില്‍ കണ്ടെത്തുന്ന ആദ്യ ചിത്രലിഖിത ശിലാലിഖിതം കൂടിയാണിതെന്ന് സൗദി പുരാവസ്തു-ടൂറിസം കമ്മീഷന്‍ (എസ്.സി.ടി.എ) വെളിപ്പെടുത്തി. ബി.സി 1192 മുതല്‍ 1160 വരെ ഭരണം നടത്തിയ റാംസിസ് മൂന്നാമന്റെ രാജ ശാസനമാണിതെന്ന് എസ്.സി.ടി.എ വൈസ് പ്രസിഡന്റ് അലി ഇബ്രാഹിം ആല്‍ ഗബാന്‍ പറഞ്ഞു. മദീനയില്‍ നിന്ന് 400 കി.മീറ്റര്‍ വടക്കായി പൗരാണിക ചരിത്ര പ്രദേശമായ നബ്തഈന്‍ മേഖലയിലെ മദാഇന്‍ സാലിഹിന് വടക്കു കിഴക്കായാണ് ഇതു കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈയിലാണ് ശിലാലിഖതം കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ഇതേ തുടര്‍ന്ന് തൈമയെ അറേബ്യയുടെ പടിഞ്ഞാറന്‍ തീരത്തിനും നൈല്‍ നദീതടത്തിനുമിടയിലെ സുപ്രധാന മേഖലയായി കണക്കാക്കിയിരിക്കുകയാണ്. പുതിയ ഗവേഷണങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം തൈമയില്‍ വെങ്കല യുഗത്തില്‍ ( 2000 ബി.സി ) ജനവാസമുണ്ടായിരുന്നു. നൂറ്റാണ്ടുകളോളം സാര്‍ഥവാഹക സംഘങ്ങള്‍ സുഗന്ധ ദ്രവ്യങ്ങളും ചെമ്പും സ്വര്‍ണവും വെള്ളിയുമെല്ലാം കൊണ്ടു പോയിരുന്ന വ്യാപാര പാതയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. ഈ പാത നൈല്‍ നദീതടവുമായി ബന്ധപ്പെട്ടതാണ്. ഖുല്‍സൂം തുറമുഖം, സൂയസ് നഗരം, എന്നിവ വഴി സഞ്ചരിച്ച് കടല്‍ വഴി സൂയസ് കടലിടുക്കിലെ അബു സെനിമ തുറമുഖത്തിന് സമീപം സ്രാബിതില്‍ ചെന്നു ചേരുന്നു.

ഇവിടെ റാംസിസ് മൂന്നാമന് സമര്‍പ്പിച്ച ക്ഷേത്രം നേരത്തേ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് സീനായ് ഉപദ്വീപിനെ മുറിച്ച് കടന്ന് ഈ പാത പോകുന്നു. ഇവിടെയും തൈമയില്‍ കണ്ടെത്തിയതിന് സമാനമായ ഒട്ടേറെ ശിലാലിഖിതങ്ങള്‍ കണ്ടെത്തിയിട്ടുണെന്ന് ഗബാന്‍ പറഞ്ഞു. കരയിലൂടെ ഈ വ്യാപാര പാത കടന്നു പോകുന്ന അഖബ, ജോര്‍ദാന്‍ എന്നിവിടങ്ങളിലും ഇത്തരം ലിഖിതങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ അവഗണിക്കപ്പെട്ടു കിടക്കുന്ന പൗരാണിക ചരിത്രത്തിന് പ്രോല്‍സാഹനം നല്‍കാനുള്ള നയത്തിന്റെ ഭാഗമായാണ് ഇത്തരം കണ്ടെത്തലുകള്‍ പുറത്തു വന്നത്.

ബി.സി. എട്ടാം നൂറ്റാണ്ടിലെ ചില അസീറിയന്‍ ലിഖിതങ്ങള്‍ തൈമയില്‍ കണ്ടെത്തിയിരുന്നു. ബൈബിളില്‍ ഒട്ടേറെ തവണ പരാമര്‍ശിക്കപ്പെട്ട സ്ഥലവുമാണിത്. ബാബിലോണിയന്‍ രാജാവായിരുന്ന നബോനിയസ് 10 വര്‍ഷം തൈമയില്‍ താമസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രാജകീയ കേന്ദ്രങ്ങളില്‍ ഇപ്പോള്‍ ഖനനം നടക്കുന്നുണ്ട്. നബോനിയസുമായ ബന്ധപ്പെട്ട ക്യൂനിഫോം ലിപിയുടെ ഭാഗങ്ങള്‍ കഴിഞ്ഞ വര്‍ഷം ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.



.

വെങ്കിടങ്ങ്: പ്രസിഡന്റായി കെ.എ. സത്യന്‍, വൈസ് പ്രസിഡന്റായി ബീനാ മണി

പാവറട്ടി: വെങ്കിടങ്ങ് ഗ്രാമപ്പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിലെ കെ.എ. സത്യന്‍ പ്രസിഡന്റും മുസ്‌ലിംലീഗിലെ ബീനാ മണി വൈസ് പ്രസിഡന്റുമായി. കെ.എ. സത്യന് 12 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ ഷീലാ ചന്ദ്രന് 5 വോട്ടുകളും ലഭിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗിലെ ബീനാമണിക്ക് 12 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ ചാന്ദ്‌നി വേണുവിന് അഞ്ച്‌വോട്ടും ലഭിച്ചു. ഇടതുപക്ഷ ഏകോപന സമിതി യു.ഡി.എഫ് സ്വതന്ത്ര നസീബ ഹുസൈന്‍ ഇരു തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട്‌ചെയ്തു.



.

മുല്ലശ്ശേരി: പ്രസിഡന്റായി ഗീത ഭരതന്‍, വൈസ് പ്രസിഡന്റായി കെ.പി. ആലി

പാവറട്ടി: മുല്ലശ്ശേരി ഗ്രാമപ്പഞ്ചായത്തില്‍ സിപിഎമ്മിലെ ഗീത ഭരതന്‍ പ്രസിഡന്റും സിപിഐയിലെ കെ.പി. ആലി വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ടു. ഗീതാ ഭരതന് 10 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സിലെ ഉഷാരാമകൃഷ്ണന് അഞ്ച്‌വോട്ടും ലഭിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഐ അംഗം കെ.പി. ആലിയ്ക്ക് പത്ത്‌വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സിലെ മോഹനന്‍ വാഴപ്പിള്ളിക്ക് അഞ്ച്‌വോട്ടും ലഭിച്ചു. ചാവക്കാട് സബ്ബ് രജിസ്ട്രാര്‍ ഐ.ആര്‍. സുജേദ വരണാധികാരിയായി.




.

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റായി ലീല കുഞ്ഞാപ്പു, വൈസ് പ്രസിഡന്റായി എന്‍.കെ. പ്രീതി

പാവറട്ടി: മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ സിപിഎമ്മിലെ ലീല കുഞ്ഞാപ്പുവിനെ പ്രസിഡന്റായും സിപിഐയിലെ എന്‍.കെ. പ്രീതിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ലീല കുഞ്ഞാപ്പുവിന് ഏഴ് വോട്ടും കോണ്‍ഗ്രസിലെ യു.ആര്‍. വേലായുധന് ആറ് വോട്ടും ലഭിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഐയിലെ എന്‍.കെ. പ്രീതിക്ക് ഏഴ് വോട്ടും എതിര്‍സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ എ.കെ. സജിതയ്ക്ക് ആറ് വോട്ടും ലഭിച്ചു.



.

ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റായി പൊറ്റയില്‍ മുംതാസ്, വൈസ് പ്രസിഡന്റായി പി.എം. മുജീബ്

ചാവക്കാട്: ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ പൊറ്റയില്‍ മുംതാസ് പ്രസിഡന്റും മുസ്‌ലിം ലീഗിലെ പി.എം. മുജീബ് വൈസ് പ്രസിഡന്റായും ചുമതലയേറ്റു. മുംതാസ് പൊറ്റയിലിന് 10 വോട്ടുകളും എതിര്‍സ്ഥാനാര്‍ഥി സിപിഎമ്മിലെ ഷൈനിക്ക് മൂന്ന് വോട്ടുകളും ലഭിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പി.എം. മുജീബിന് 10 വോട്ടുകളും എതിര്‍സ്ഥാനാര്‍ഥി സിപിഎമ്മിലെ സതി ജനാര്‍ദനന് മൂന്ന് വോട്ടുകളും ലഭിച്ചു.



.

പുന്നയൂര്‍: പ്രസിഡന്റായി കൂളിയാട്ട് കെ. കമറുദ്ദീന്‍, വൈസ് പ്രസിഡന്റായി നബീസക്കുട്ടി വലിയകത്ത്‌

പുന്നയൂര്‍ക്കുളം: പുന്നയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി മുസ്‌ലിം ലീഗിലെ കൂളിയാട്ട് കെ. കമറുദ്ദീനേയും വൈസ് പ്രസിഡന്റായി കോണ്‍ഗ്രസ്സിലെ നബീസക്കുട്ടി വലിയകത്തിനേയും തിരഞ്ഞെടുത്തു. കമറുദ്ദീന് 15 വോട്ടും എതിര്‍ സ്ഥാനാര്‍ഥി സി.പി.എമ്മിലെ കെ.എ, സാലിഹിന് 4 വോട്ടും കിട്ടി. ഒരുവോട്ട് അസാധുവായി.

വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ നബീസക്കുട്ടി വലിയകത്തിന് 16 വോട്ടും എതിര്‍സ്ഥാനാര്‍ഥി സിപിഎമ്മിലെ എ. സുഹറ ബക്കറിന് 4 വോട്ടും കിട്ടി. മുമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന കമറുദ്ദീന്‍ മുസ്‌ലിംലീഗിന്റെ ജില്ലാ പ്രവര്‍ത്തക സമിതി അംഗവും പുന്നയൂര്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റുമാണ്. വൈസ് പ്രസിഡന്റ് നബീസക്കുട്ടി വലിയകത്ത് മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റാണ്.




.

പുന്നയൂര്‍ക്കുളം: പ്രസിഡന്റായി ഫാത്തിമ ലീനസ്, വൈസ് പ്രസിഡന്റായി ശോഭ പ്രേമന്‍

പുന്നയൂര്‍ക്കുളം: സ്‌പെഷല്‍ ഗ്രേഡ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ ഫാത്തിമ ലീനസിനെയും വൈസ് പ്രസിഡന്റായി സിപിഐയിലെ ശോഭ പ്രേമനേയും തിരഞ്ഞെടുത്തു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത 19 അംഗ ഭരണസമിതിയാണിവിടെ. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൂന്നുപേര്‍ മത്സരരംഗത്തുണ്ടായി. ഫാത്തിമ ലീനസിന് 8 വോട്ടും കോണ്‍ഗ്രസ്സിലെ സൈനബ മുഹമ്മദ്കുട്ടിക്ക് 7 വോട്ടും കിട്ടി. ബിജെപി സ്ഥാനാര്‍ഥി ഹീര കൃഷ്ണദാസിന് നാലുവോട്ടാണ് കിട്ടിയത്. കുറവുവോട്ട് കിട്ടിയവര്‍ രണ്ടാംഘട്ട മത്സരരംഗത്തുനിന്ന് മാറിനില്‍ക്കണമെന്ന തത്ത്വമനുസരിച്ച് 4 ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു. ഇതോടെ കൂടുതല്‍ വോട്ടുകിട്ടിയ സ്ഥാനാര്‍ഥിയെന്നനിലയില്‍ ഫാത്തിമ ലീനസിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. 2000ല്‍ പ്രസിഡന്റായിരുന്ന ഫാത്തിമ ലീനസ് പൊന്നാനി എം.ഇ.എസ്. കോളേജില്‍ എസ്എഫ്‌ഐ ഭാരവാഹിയായിരുന്നു. ശോഭ പ്രേമന്‍ തിരഞ്ഞെടുപ്പ് രംഗത്ത് പുതുമുഖമാണ്.


.

കടപ്പുറം: പ്രസിഡന്റായി സീനത്ത് ഇക്ബാല്‍, വൈസ് പ്രസിഡന്റായി കെ.എം. ഇബ്രാഹിമും

 ചാവക്കാട്: കടപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി മുസ്‌ലിംലീഗിലെ സീനത്ത് ഇക്ബാലും വൈസ് പ്രസിഡന്റായി കോണ്‍ഗ്രസ്സിലെ കെ.എം. ഇബ്രാഹിമും അധികാരമേറ്റു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സീനത്ത് ഇക്ബാലിനെതിരെ സിപിഎമ്മിലെ സതീബായ് മത്സരിച്ചു. സീനത്ത് ഇക്ബാലിന് 12 വോട്ടും സതീബായിയ്ക്ക് രണ്ട്‌വോട്ടും ലഭിച്ചു. മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ 8-ാം വാര്‍ഡില്‍ മത്സരിച്ച് വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബി.ടി. പൂക്കോയ തങ്ങള്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ല. മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി റാഫി വലിയകത്തിനെതിരെ മത്സരിച്ച കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി. മുസ്താഖ് അലി സീനത്ത് ഇക്ബാലിന് വോട്ട്‌ചെയ്തു. ഉച്ചതിരിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ കെ.എം. ഇബ്രാഹിമിനെ എതിരില്ലാതെ തിരഞ്ഞെടുത്തു.


.

ഒരുമനയൂര്‍: പ്രസിഡന്റായി റജീന മൊയ്‌നുദ്ദീന്‍, വൈസ് പ്രസിഡന്റായി എ.വി. അബ്ദുള്‍ റസാഖ്‌

ചാവക്കാട്: ഒരുമനയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ്സിലെ റജീന മൊയ്‌നുദ്ദീനേയും വൈസ് പ്രസിഡന്റായി മുസ്‌ലിംലീഗിലെ എ.വി. അബ്ദുള്‍ റസാഖിനേയും തിരഞ്ഞെടുത്തു. റജീന മൊയ്‌നുദ്ദീന് ഏഴ്‌വോട്ടും, എതിര്‍സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഎമ്മിലെ ശോഭന രവീന്ദ്രന് ആറ്‌വോട്ടും ലഭിച്ചു. 9-ാം വാര്‍ഡംഗമാണ് റജീന മൊയ്‌നുദ്ദീന്‍. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സിപിഐയിലെ അഡ്വ. മുഹമ്മദ് ബഷീര്‍ എ.വി. റസാഖിനെതിരെ മത്സരിച്ചു. ഏഴ്‌വോട്ട് റസാഖിനും, 6 വോട്ട് ബഷീറിനും ലഭിച്ചു.



.

പാവറട്ടി: പ്രസിഡന്റായി ത്രേസ്യാമ്മ റപ്പായി, വൈസ് പ്രസിഡന്റായി വി.കെ. അബ്ദുള്‍ ഫത്തഹ്

 
പാവറട്ടി: ഗ്രാമപ്പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിലെ ത്രേസ്യാമ്മ റപ്പായിയെ പ്രസിഡന്റായും മുസ്‌ലീംലീഗിലെ വി.കെ. അബ്ദുള്‍ ഫത്താഹിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ത്രേസ്യാമ്മ റപ്പായി ആദ്യമായാണ് പഞ്ചായത്ത് പ്രസിഡന്റാകുന്നത്. വി.കെ. അബ്ദുള്‍ ഫത്താഹ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.




.

വടക്കേക്കാട്: പ്രസിഡന്റായി വി.കെ. ഫസലുല്‍ അലി, വൈസ് പ്രസിഡന്റായി ജ്യോതി ശശി

 
വടക്കേക്കാട്: വടക്കേക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസ്സിലെ വി.കെ. ഫസലുല്‍ അലിയേയും വൈസ് പ്രസിഡന്റായി ജ്യോതി ശശിയെയും എതിരില്ലാതെ തിരഞ്ഞെടുത്തു. 16 അംഗ ഭരണസമിതിയില്‍ പ്രതിപക്ഷമായ സി.പി.എമ്മിനു രണ്ടുപേരാണുള്ളത്. തിരഞ്ഞെടുപ്പ് യോഗത്തിത്തിനെത്തിയ രണ്ടുപേരും മത്സരത്തിനില്ലെന്ന് പറഞ്ഞതോടെ ഫസലുല്‍ അലി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഫസലുല്‍ അലി ഗ്രാമപ്പഞ്ചായത്തിലെ സിറ്റിങ് അംഗമാണ്. 2000ല്‍ ചാവക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ അഞ്ചുവര്‍ഷം ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്നു. രണ്ടുതവണ വടക്കേക്കാട് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു. ജ്യോതി ശശി മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റാണ്.




.

ചാവക്കാട് നഗരസഭ: കെ.കെ. കാര്‍ത്ത്യായനി ടീച്ചര്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി ലീഡര്‍

 ചാവക്കാട്: ചാവക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി ലീഡറായി കെ.കെ. കാര്‍ത്ത്യായനി ടീച്ചറെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം തിരഞ്ഞെടുത്തു. കെ.വി. സത്താര്‍ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായും, കെ.വി. ഷാനവാസിനെ പാര്‍ട്ടി ചീഫ് വിപ്പായും ബേബി ഫ്രാന്‍സീസനെ ഡെപ്യൂട്ടി ലീഡറായും, പി.എം. നാസറെ ട്രഷററായും തിരഞ്ഞെടുത്തു. യോഗം ഡി.സി.സി. വൈസ് പ്രസിഡന്റ് ഒ. അബ്ദുള്‍ റഹ്മാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. നവാസ് അധ്യക്ഷനായി. കെ.പി.സി.സി. അംഗം സി.എ. ഗോപപ്രതാപന്‍, ഡി.സി.സി. ട്രഷറര്‍ പി.കെ. അബൂബക്കര്‍, ബ്ലോക്ക് പ്രസിഡന്റ് പി.കെ. ജമാലുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

നഗരസഭാ ചെയര്‍പേഴ്‌സനായി സതീരത്‌നവും വൈസ് ചെയര്‍മാനായി മാലിക്കുളം അബ്ബാസും

ചാവക്കാട്: നഗരസഭാ ചെയര്‍പേഴ്‌സനായി സതീരത്‌നവും വൈസ് ചെയര്‍മാനായി മാലിക്കുളം അബ്ബാസും സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. ഇരുവരും സി.പി.എം. നഗരസഭാംഗങ്ങളാണ്. രാവിലെ നടന്ന തിരഞ്ഞെടുപ്പില്‍ സതീരത്‌നത്തിനെതിരെ മത്സരിച്ചത് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ.കെ. കാര്‍ത്ത്യായനിയാണ്. സതീരത്‌നത്തിന് 21 വോട്ടും, കെ.കെ. കാര്‍ത്ത്യായനിക്ക് 11 വോട്ടും ലഭിച്ചു. ആര്‍.ഡി.ഒ. സജന്‍ വരണാധികാരിയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ആര്‍.ഡി.ഒ. ചെയര്‍പേഴ്‌സണ്‍ സതീരത്‌നത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

 ഉച്ചതിരിഞ്ഞ് നടന്ന വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ മാലിക്കുളം അബ്ബാസിനെതിരെ കോണ്‍ഗ്രസ് വിപ്പ് കെ.വി. ഷാനവാസ് മത്സരിച്ചു. അബ്ബാസിന് 21 വോട്ടും ഷാനവാസിന് 11 വോട്ടുകളും ലഭിച്ചു.

 നഗരസഭാ ചെയര്‍പേഴ്‌സണ്‍ സതീരത്‌നം സത്യവാചകം ചൊല്ലിക്കൊടുത്തു. നഗരസഭാ 26-ാം വാര്‍ഡില്‍ നിന്നാണ് സതീരത്‌നം വിജയിച്ചത്. മാലിക്കുളം അബ്ബാസ് 11-ാം വാര്‍ഡില്‍ നിന്നും. സതീരത്‌നം ടീച്ചര്‍ ആദ്യമായാണ് നഗരസഭാ അധ്യക്ഷയാകുന്നത്. മാലിക്കുളം അബ്ബാസ് കഴിഞ്ഞ ഭരണസമിതിയില്‍ അഞ്ച് വര്‍ഷക്കാലം വൈസ് ചെയര്‍മാനായിരുന്നു.


ഗുരുവായൂര്‍ നഗരസഭ ചെയര്‍മാനായി ടി.ടി. ശിവദാസന്‍ വൈസ്‌ചെയര്‍പേഴ്‌സണായി ഗീതാഗോപി

ഗുരുവായൂര്‍ : നഗരസഭയില്‍ സി.പി.എമ്മിലെ ടി.ടി. ശിവദാസന്‍ ചെയര്‍മാനായും സി.പി.ഐയിലെ ഗീതാഗോപി വൈസ്‌ചെയര്‍പേഴ്‌സണായും തിരഞ്ഞെടുക്കപ്പെട്ടു. രണ്ടുപേരും സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു.

 തിങ്കളാഴ്ച രാവിലെ 10ന് കൗണ്‍സില്‍ ഹാളിലാണ് ഡെപ്യൂട്ടി കളക്ടര്‍ കെ.എന്‍. രവീന്ദ്രന്‍ വരണാധികാരിയായി ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നടന്നത്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ശിവദാസന്റെ പേര് ആര്‍.വി. ഷെരീഫ് നിര്‍ദേശിക്കുകയും കെ.എ. ജേക്കബ് പിന്താങ്ങുകയും ചെയ്തു. ശിവദാസന് 24 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥിയായ പത്മിനി ഗംഗാധരന് 16 വോട്ടും ലഭിച്ചു. രണ്ടുവോട്ടുകള്‍ അസാധുവായി. സി.പി.ഐ.യിലെ എ.എം. ഷെഫീറിന്റെയും സി.എം.പി.യിലെ ആര്‍.വി. അബ്ദുള്‍മജീദിന്റെയും വോട്ടുകളാണ് അസാധുവായത്. ബി.ജെ.പി. അംഗം തേലമ്പറ്റ വാസുദേവന്‍നമ്പൂതിരി വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. നഗരസഭയുടെ കാവീട് നോര്‍ത്ത് 43-ാം വാര്‍ഡില്‍നിന്നാണ് ടി.ടി. ശിവദാസന്‍ തിരഞ്ഞെടുക്കപ്പെട്ടത്. തൃശ്ശൂര്‍ ജില്ലാ സഹകരണബാങ്ക് ഡയറക്ടര്‍, സി.ഐ.ടി.യു. ജില്ലാക്കമ്മിറ്റിയംഗം, ഏരിയാ ജോയിന്റ് സെക്രട്ടറി, ചാവക്കാട് ചെത്തുതൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു.) സെക്രട്ടറി, സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറി എന്നീ നിലകളിലൊക്കെ പ്രവര്‍ത്തന പരിചയമുള്ള നേതാവാണ് ടി.ടി. ശിവദാസന്‍.

 ഉച്ചതിരിഞ്ഞായിരുന്നു വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ്. ഗീതാഗോപിക്ക് 25 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി മുട്ടത്ത് റോസിക്ക് 17 വോട്ടും ലഭിച്ചു. ബി.ജെ.പി. അംഗം ഇവിടെയും വിട്ടുനിന്നു.

 നഗരസഭയുടെ 25-ാം വാര്‍ഡില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഗീതാഗോപി തുടര്‍ച്ചയായി 15 വര്‍ഷം നഗരസഭാ പ്രതിനിധിയാകുന്ന ഏക അംഗമാണ്. രണ്ടുതവണ നഗരസഭാ ചെയര്‍പേഴ്‌സണ്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഗീതാ ഗോപി സി.പി.ഐ. മണ്ഡലം സെക്രട്ടേറിയറ്റംഗമാണ്.



.

2010 നവംബർ 8, തിങ്കളാഴ്‌ച

'സുല്‍ത്താന്‍ ഖാബൂസ്': ദീര്‍ഘദര്‍ശിയായ രാജ്യശില്‍പി

മസ്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദിന്റെ ജീവിതകഥ പറയുന്ന പുസ്തകത്തിന്റെ മലയാളം പതിപ്പ് ഒമാന്റെ 40-ാമതു ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കി. ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അനില്‍ വാധ്വ, ഗള്‍ഫാര്‍ കോണ്‍ട്രാക്ടിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ ഡോ. പി. മുഹമ്മദാലി എന്നിവര്‍ ചേര്‍ന്നു പുസ്തകം ഒമാന്‍ എസ്റ്റാബ്ലിഷ്മെന്റ് ഫോര്‍ പ്രസ്, പബ്ലിക്കേഷന്‍ ആന്‍ഡ് അഡ്വര്‍ടൈസിങ് സിഇഒ: അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ മുസാലം അല്‍ റഹ്ബിക്കു കൈമാറി. ’സുല്‍ത്താന്‍ ഖാബൂസ്: ദീര്‍ഘദര്‍ശിയായ രാജ്യശില്‍പി എന്ന പുസ്തകത്തിന്റെ രചന നിര്‍വഹിച്ചിട്ടുള്ളത് മാധ്യമപ്രവര്‍ത്തകന്‍ കബീര്‍ യൂസഫാണ്.

ചേറ്റുവ പാലത്തില്‍ നിന്ന് അജ്ഞാതന്‍ പുഴയിലേക്ക് ചാടി

ചാവക്കാട്: ചേറ്റുവ പാലത്തില്‍ നിന്ന് അജ്ഞാതന്‍ പുഴയിലേക്ക് ചാടിയെന്ന വിവരത്തെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ഏറെ നേരം തിരച്ചില്‍ നടത്തി. ഞായറാഴ്ച വൈകീട്ട് 6.45നാണ് പാലത്തിന്റെ തെക്കുഭാഗത്ത് നിന്ന് പുഴയുടെ പടിഞ്ഞാറേ ഭാഗത്തേക്ക് ചാടിയത്. റോഡിലൂടെ നടന്ന് പോയിരുന്ന വഴിയാത്രക്കാരന്‍ വിവരം നാട്ടുകാരെ അറിയിക്കുകയും പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചാവക്കാട് എസ്‌ഐ പി. അബ്ദുള്‍മുനീര്‍, വാടാനപ്പള്ളി എസ്‌ഐ എം. സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും ഗുരുവായൂരില്‍ നിന്ന് അഗ്‌നിശമനസേനയും ആക്ട്‌സ് പ്രവര്‍ത്തകരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പുഴയില്‍ ശക്തമായ അടിയൊഴുക്കുള്ള സമയമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വിജയിക്കുമോ എന്ന ആശങ്കയുമുണ്ട്. തിരച്ചില്‍ ഏറെ വൈകിയും തുടരുന്നു.

2010 നവംബർ 6, ശനിയാഴ്‌ച

ബനിയാസ് സ്പൈക്ക് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ്‌ തുറക്കുന്നു

നൂറു മുഹമ്മദ്     ഒരുമനയൂര്‍
അബുദാബി: അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന  ബനിയാസ് സ്പൈക്ക് ഗ്രൂപിന് കീഴിലായി വ്യാവസായിക കേന്ദ്രമായ മുസഫ  36  ല്‍ ആധുനീക സജ്ജീകരണങ്ങളോടെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ്‌  തുറക്കുന്നു. തിങ്കളായ്ച്ച വൈകീട്ട് 5 മണിക്ക് യു.എ.ഇ. പ്രസിഡന്‍റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാശിമി ഉത്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ എ.പി.സുന്നി വിഭാഗം നേതാവ് കാന്തപുരം അബൂബക്കര്‍ മുസിലിയാര്‍. അബുദാബി നഗരസഭ അധികാരികള്‍ പങ്കെടുക്കുമെന്ന് വാര്‍ത്ത‍ സമ്മേളനത്തില്‍ ബനിയാസ് സ്പൈക്ക്  മാനേജിംഗ് ഡയരക്ടെര്‍ അബ്ദു റഹിമാന്‍ അബ്ദുള്ള അറിയിച്ചു .
ബനിയാസ് ‍ സ്പൈക്ക് കബനി അബുദാബിയിലും അല്‍ ഐനിലുമായി പുതിയ സൂപര്‍ മാര്‍ക്കറ്റ്‌ ശാഖകള്‍ അടുത്ത് തന്നെ തുറക്കുമെന്നും അതോടെ കബനിയില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം ആയിരം കഴിയുമെന്നും, പരോക്ഷമായി 3000 പേര്‍ക്ക് ജോലി ലഭിക്കുമെന്നും എം.ഡി അറിയിച്ചു. ഇപ്പോള്‍ തന്നെ 500 പേര്‍ക്ക് ജോലി നല്‍കുന്നുവെന്നും അദ്ദേഹം അറിയിച്ചു വാര്‍ത്ത‍ സമ്മേളനത്തില്‍ ജനറല്‍ മാനേജര്‍ എബ്രഹാം വര്‍ഗീസ്‌, സുബൈര്‍ ഹസാന്‍, അബ്ദുന്നാസര്‍ വി.സി, ശകീര്‍ പി.എ.എന്നിവര്‍ പങ്കെടുത്തു.

അമാവാസി മഹോത്സവം ഭക്തിനിര്‍ഭരമായി

ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി ശങ്കരനാരായണക്ഷേത്രത്തിലെ അമാവാസി മഹോത്സവം ഭക്തിനിര്‍ഭരമായി. വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി അഴകത്ത് ശാസ്തൃശര്‍മന്‍ നമ്പൂതിരി, മേല്‍ശാന്തി ഷാജി ശര്‍മ, മനോജ്, ഷിബു ശര്‍മ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.

ക്ഷേത്രഭരണസംഘത്തിന്റെ എഴുന്നള്ളിപ്പ് രാവിലെ അവിയൂര്‍ ചക്കനാത്ത് കളരിയില്‍നിന്ന് ആരംഭിച്ച് ക്ഷേത്രാങ്കണത്തില്‍ എത്തി. ഉത്സവാഘോഷക്കമ്മിറ്റിയുടെ എഴുന്നള്ളിപ്പ് രാവിലെ 10ന് ക്ഷേത്രാങ്കണത്തിലെത്തി. ഗജവീന്മാര്‍, കാവടി എന്നിവ അണിനിരന്നു. ഉച്ചയ്ക്ക് രണ്ടിന് പഞ്ചവടി സെന്ററില്‍നിന്ന് വിവിധ വാദ്യമേളങ്ങള്‍, പൂക്കാവടികള്‍, നാടന്‍ കലാരൂപങ്ങള്‍, ഗജവീരന്മാര്‍ എന്നിവയോടു കൂടിയ എഴുന്നള്ളിപ്പ് നാലു മണിയോടെ ക്ഷേത്രാങ്കണത്തില്‍ എത്തിയതോടെ വടക്കും തെക്കും ഉത്സവാഘോഷക്കമ്മിറ്റികളുടെ എഴുന്നള്ളിപ്പുകള്‍ ക്ഷേത്രാങ്കണത്തിലേക്ക് വരവായി. വൈകീട്ട് 5ന് കൂട്ടിയെഴുന്നള്ളിപ്പ് നടത്തി. കൂട്ടിയെഴുന്നള്ളിപ്പില്‍ ഗജവീരന്മാര്‍ അണിനിരന്നു. ഗജരാജന്‍ മംഗലാംകുന്ന് കര്‍ണന്‍ ഭഗവത് തിടമ്പേറ്റി. വര്‍ണക്കാവടികള്‍, നാടന്‍ കലാരൂപങ്ങള്‍, വിവിധതരം വാദ്യമേളങ്ങള്‍ എന്നിവ ഉത്സവത്തിന് മിഴിവേകി. രാത്രി നാടകവും അരങ്ങേറി.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമുതല്‍ പഞ്ചവടി ക്ഷേത്ര കടപ്പുറത്ത് പിതൃതര്‍പ്പണം നടത്തും. രാവിലെ 10 വരെ തുടരും. ഉത്സവാഘോഷങ്ങള്‍ക്ക് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളായ വാക്കയില്‍ വിശ്വനാഥന്‍, എ.സി. കുഞ്ഞിമോന്‍, ടി.എ. അര്‍ജുനന്‍, ബാബു പാലപ്പെട്ടി, എ.വി. പുഷ്‌കരന്‍, യു.കെ. ബാബു, ടി.വി. രാജന്‍, എ.സി. രാമചന്ദ്രന്‍, പി. വാസു, കെ.കെ. രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ദേശിയ പാതയില്‍ അപകടം പെരുകുന്നു


ചാവക്കാട്: എടക്കഴിയൂര്‍ നാലാംകല്ലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു രണ്ടു പേര്‍ക്കു പരുക്കേറ്റു. പുന്നയൂര്‍ സ്വദേശികളായ മങ്കടവീട്ടില്‍ ബാലന്‍(60), വേളക്കാട്ടയില്‍ വേലായുധന്‍(65) എന്നിവരെ എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച വൈകിട്ട് 5.30നാണ് അപകടം.
ചാവക്കാട്: അകലാട് മൂന്നയിനിയില്‍ കാറിടിച്ചു ഗൃഹനാഥനു പരുക്കേറ്റു. മൂന്നയിനി തെക്കേക്കാട്ടില്‍ സിദ്ദീഖി(64)നെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച വൈകിട്ട് 6.15നാണ് അപകടം.
ചാവക്കാട്: മണത്തല ബ്ളോക്ക് ഒാഫിസിനടുത്ത് നടന്നുപോയിരുന്ന ഗൃഹനാഥയെ ഇടിച്ചിട്ട ബൈക്ക് നിര്‍ത്താതെ പോയി. സാരമായി പരുക്കേറ്റ മണത്തല അയിനിപ്പുള്ളി ഭാസ്കരന്റെ ഭാര്യ ദേവകി(65)യെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കും കാലിനും സാരമായി പരുക്കേറ്റ ദേവകി ന്യൂറോ ഐസിയുവില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച്ച വൈകിട്ട് ഏഴോടെയാണ് അപകടം.

വികസനത്തോടൊപ്പം ബ്രേക്കിടാതെ ഇനി കമാലുദ്ദീന്‍

ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തിലെ വികസനത്തോടൊപ്പം ബ്രേക്കിടാതെ ഇനി കമാലുദ്ദീന്‍(34) ബസ് ഒാടിക്കും. പുന്നയൂര്‍ പഞ്ചായത്ത് 17-ാം വാര്‍ഡില്‍നിന്നു ജയിച്ച കോണ്‍ഗ്രസിലെ കെ.കെ. കമാലുദ്ദീന്‍ പൊന്നാനി-ചാവക്കാട്-കുന്നംകുളം- തൃശൂര്‍ റൂട്ടിലോടുന്ന ബാബുരാജ് ബസിലെ ഡ്രൈവറാണ്. കന്നിമത്സരത്തില്‍തന്നെ 311 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു സിപിഎമ്മിലെ ഹാഷിം തറയിലിനെ തോല്‍പിച്ചത്.
11 വര്‍ഷമായി ബസിന്റെ വളയം തന്റെ കൈകളില്‍ ഭദ്രമായതുപോലെ തനിക്കു വോട്ട് ചെയ്ത ജനങ്ങളോടുള്ള പ്രതിബദ്ധതയും കാത്തുസൂക്ഷിക്കുമെന്നു കമാലുദ്ദീന്‍ പറയുന്നു. ബസ് തൊഴിലാളി യൂണിയന്‍ ഐഎന്‍ടിയുസി ചാവക്കാട് മേഖല സെക്രട്ടറികൂടിയാണു കമാലുദ്ദീന്‍. 20ല്‍ 16 സീറ്റ് നേടിയാണു പുന്നയൂരില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്.

2010 നവംബർ 5, വെള്ളിയാഴ്‌ച

നഗരസഭ ചെയര്‍മാനായിരുന്ന എം.ആര്‍. രാധാകൃഷ്ണന്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു

ചാവക്കാട്: നഗരസഭ ചെയര്‍മാനായിരുന്ന എം.ആര്‍. രാധാകൃഷ്ണന്‍ വീണ്ടും ബാങ്കിലെ ഒാഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. ചാവക്കാട് സര്‍വീസ് സഹകരണ ബാങ്കിലെ ഇന്റേണല്‍ ഒാഡിറ്ററായ എം.ആര്‍. രാധാകൃഷ്ണന്‍ തന്റെ ജോലിയില്‍നിന്നു അവധിയെടുത്താണ്  ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്. നഗരസഭാധ്യക്ഷനായിരിക്കെ കെ.പി. വത്സലന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2006 മേയ് 10ന് എം.ആര്‍. രാധാകൃഷ്ണന്‍ ചെയര്‍മാനായി അധികാരമേറ്റു.
പാര്‍ട്ടി ഏല്‍പ്പിച്ച കര്‍ത്തവ്യം ഉത്തരവാദിത്തത്തോടെ നിര്‍വഹിക്കാനായതില്‍ സന്തോഷമുണ്ടെന്നും ജനകീയപങ്കാളിത്തത്തോടെ ചാവക്കാടിന്റെ വികസനം സാധ്യമാക്കാനായതില്‍ അഭിമാനമുണ്ടെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. സിപിഎം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായ രാധാകൃഷ്ണന്‍ ഇപ്പോള്‍ 31ാം വാര്‍ഡില്‍നിന്നു വിജയിച്ച് വീണ്ടും കൌണ്‍സിലറായി.

ചെമ്പൈ സംഗീതോത്സവവേദിയില്‍ പിന്നണി ഗായിക ജ്യോത്സ്‌ന സംഗീതാര്‍ച്ചന നടത്തി

ഗുരുവായൂര്‍: ചെമ്പൈ സംഗീതോത്സവവേദിയില്‍ പിന്നണി ഗായിക ജ്യോത്സ്‌ന വ്യാഴാഴ്ച രാവിലെ സംഗീതാര്‍ച്ചന നടത്തി. ശ്രീരാഗത്തില്‍ 'കരുണ ചെയ്‌വാനെന്തു താമസം കൃഷ്ണാ...' എന്ന കീര്‍ത്തനമായിരുന്നു ആദ്യം പാടിയത് ഭൈരവി രാഗത്തില്‍ 'ശ്രീധകമലാ...' എന്ന കീര്‍ത്തനവും ജ്യോത്സ്‌ന പാടി. സ്റ്റാര്‍ സിങ്ങര്‍ ഫെയിം സോണിയയും സംഗീതാര്‍ച്ചന നടത്തി. തിരുവിഴ ശിവാനന്ദനും (വയലിന്‍) കുഴല്‍മന്ദം രാമകൃഷ്ണനും (മൃദംഗം) പക്കമേളക്കാരായി.

സംഗീതോത്സവം രണ്ടു ദിവസം പിന്നിട്ടപ്പോള്‍ 400 ഓളം പേര്‍ പാടി. വ്യാഴാഴ്ച രാത്രി പ്രത്യേക കച്ചേരിയില്‍ കെ.വി. രാമാനുജത്തിന്റെ പുല്ലാങ്കുഴല്‍ കച്ചേരി അവതരിപ്പിച്ചു. ആര്‍. സ്വാമിനാഥന്‍ (വയലിന്‍), കടയ്ക്കാവൂര്‍ ജി.എസ്. രാജേഷ്ബാബു (മൃദംഗം), ആദിച്ചനല്ലൂര്‍ അനില്‍കുമാര്‍ (ഘടം) എന്നിവര്‍ പക്കമേളമൊരുക്കി. സ്‌പെഷല്‍ കച്ചേരിയില്‍ അഭിഷേക്‌രഘുറാം, ദീപ്തി ഓംചേരി എന്നിവരുടെ വായ്പാട്ടും ആകര്‍ഷകമായി.

വെള്ളിയാഴ്ച രാത്രിയിലെ പ്രത്യേക കച്ചേരിയില്‍ ജി. രാമനാഥന്‍ സാക്‌സഫോണ്‍ കച്ചേരി നടത്തും. മാഞ്ഞൂര്‍ രഞ്ജിത്ത് (വയലിന്‍) തൃപ്പൂണിത്തുറ ശ്രീകുമാര്‍ (തവില്‍), മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍ (ഘടം), തൃപ്പൂണിത്തുറ ഗോപാലകൃഷ്ണന്‍ (ഗഞ്ചിറ) എന്നിവര്‍ പക്കമേളമൊരുക്കും.

ലുലു എക്സ്ചേഞ്ച് "മൈ കര്‍ഡ്" എന്ന പേരില്‍ ശമ്പള കാര്‍ഡ് പുറത്തിറക്കി


അബുദാബി: എം.കെ.ഗ്രൂപ്പിന്റെ കീഴിലുള്ള ലുലു എക്സ്ചേഞ്ചും നഷണല്‍ ബാങ്ക് ഓഫ് അബുദാബിയും സഹകരിച്ച് "മൈ കര്‍ഡ്" എന്ന പേരില്‍ ശമ്പള കാര്‍ഡ് പുറത്തിറക്കി.
യു.എ.ഇ.യില്‍ ഇതിനകം നിലവില്‍ വന്ന വേതന സുരക്ഷാ സംവിധാനത്തിന്‍റെ ഭാഗമായിട്ടാണ് പ്രമുഖ ധന വിനിമയ സ്ഥാപനമായ ലുലു എക്സ്ചേഞ്ച് വഴിയുള്ള  ശബള വിതരണം കൂടുതല്‍  ലളിതമാക്കാന്‍  പോന്നതാണ് പുതിയ സംവിധാനം. അബുദാബിയില്‍ നടന്ന പരിപാടിയില്‍ എം.കെ.ഗ്രൂപ്പ് ചെയര്‍മാന്‍  പത്മശ്രീ  എം.എ.യുസഫ് അലിയും അബുദാബി നാഷണല്‍ ബാങ്ക് ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ്  മൈക്കല്‍ എച്.ടോമളിനും  ഇത് സംബന്ധിച്ച ധാരണ പത്രത്തില്‍ ഒപ്പ് വെച്ചു.
നാഷണല്‍ ബാങ്കിന്‍റെ കൂടി മാസ്റ്റര്‍ കാര്‍ഡ്‌ ശ്രേണിയില്‍       ഈ കാര്‍ഡ്‌   പുറത്തിറക്കുന്നതിനാല്‍  ലോകത്തിലെ ഏത് ഭാഗത്ത്‌ നിന്നും ഈ കാര്‍ഡ് ഉപഭോക്താവിന് ബാങ്കിംഗ് സേവനത്തിനു ഉപയോഗിക്കാന്‍ കഴിയും. ശബളമായി ചെക്കുകളും പണവും  യു.എ.എയില്‍ തൊഴിലാളികള്‍ക്ക്  ബാങ്കുകള്‍ വഴി മാത്രമേ  കൈമാറാന്‍  പറ്റുകയുള്ളൂ   എന്നതിനാല്‍ പൂര്‍ണ്ണമായും ലേബര്‍ മന്ത്രാലയത്തിന്‍റെ നിബന്ധനകള്‍ പാലിച്ചു നാഷണല്‍ ബാങ്ക് അബുദാബി പുറത്തിറക്കിയ  "റാത്തിബ്" കാര്‍ഡുകളുടെ  ഗണത്തിലാണ് ലുലു മൈ കാര്‍ഡ്.
ചടങ്ങില്‍ ലുലു എക്സ്ചേഞ്ച് സി.ഇ.ഓ. അദീബ് അഹമ്മദ്, എംകെ ഗ്രൂപ്പ് സി.ഇ.ഓ. സൈഫ് രൂപവാലി, എന്നിവര്‍ പങ്കെടുത്തു.