സിദ്ധീഖ് കൈതമുക്ക്
പാവറട്ടി: കഴിഞ്ഞ ഇടതുപക്ഷ തരംഗത്തില്‍ യു.ഡി.എഫിന് കൈമോശം വന്ന മണലൂര്‍ നിയോജക മണ്ഡലം ഇത്തവണ യു.ഡി.എഫ്. തിരിച്ച് പിടിച്ചു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് സി.പി.എം. ജില്ലാ സെക്രട്ടറിയായിരുന്ന ബേബി ജോണ്‍ ആണ്. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ഡി.സി.സി. വൈസ് പ്രസിഡന്റായ പി.എ. മാധവനായിരുന്നു. 482 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് പി.എ. മാധവന്‍ മണലൂര്‍ നിയോജകമണ്ഡലം തിരിച്ച്പിടിച്ചത്.
കഴിഞ്ഞ തവണ നിലവിലെ എം.എല്‍.എ.യായിരുന്ന എം.കെ. പോള്‍സണ്‍ മാസ്റ്ററെ ഏഴായിരത്തില്‍ പരം വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് മുരളി പെരുനെല്ലി വിജയിച്ച് കയറിയത്. യു.ഡി.എഫിലും എല്‍.ഡി.എഫിലും സ്ഥാനാര്‍ത്ഥിനിര്‍ണയത്തെ തുടര്‍ന്ന് ഏറെ പൊട്ടിത്തെറികളുണ്ടായി. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയത് ടി.എന്‍. പ്രതാപനായിരുന്നു. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി മുരളി പെരുനെല്ലിയും. എന്നാല്‍ അവസാനനിമിഷം മാറി മാറിയുകയായിരുന്നു ചിത്രം. വളരെ വൈകിയാണ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നത്. ഇരു വിഭാഗവും ശക്തമായ പ്രവര്‍ത്തനം കാഴ്ചവെച്ചു. ഭാഗ്യം പി.എ. മാധവനെ അവസാനം കടാക്ഷിക്കുകയായിരുന്നു.
ബേബി ജോണിന്റെ സ്വന്തം തട്ടകമെന്ന് പറയുന്ന തൈക്കാട് പഞ്ചായത്തില്‍ 41 വോട്ടിന്റെ ഭൂരിപക്ഷവും ബേബി ജോണ്‍ താമസിക്കുന്ന പഞ്ചായത്തായ എളവള്ളിയില്‍ 825 വോട്ടിന്റെ ഭൂരിപക്ഷവുമാണ് എല്‍.ഡി.എഫിന് നേടാനായത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മണലൂര്‍ പഞ്ചായത്തില്‍ മൂവായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ഇവിടെ ഗ്രാമപ്പഞ്ചായത്ത് ഭരിക്കുന്നത് എല്‍.ഡി.എഫാണ്. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ 952 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് എല്‍.ഡി.എഫിന് ലഭിച്ചത്. അതേസമയം കണ്ടാണശ്ശേരി പഞ്ചായത്തിലും എല്‍.ഡി.എഫ്. പ്രതീക്ഷ വെച്ചിരുന്നു. ഇവിടെ 378 വോട്ടുകള്‍ക്ക് യു.ഡി.എഫ്. മുന്നിലെത്തി. അരിമ്പൂരും ചൂണ്ടലും യഥാക്രമം 668ഉം, 698 വോട്ടും അധികം നല്‍കി യു.ഡി.എഫിനെ സഹായിച്ചപ്പോള്‍ ആശ്വാസമായത് മുല്ലശ്ശേരിയിലെ 2011 വോട്ടിന്റെയും വാടാനപ്പള്ളിയിലെ 1064 വോട്ടിന്റെയും ഭൂരിപക്ഷമാണ് എല്‍.ഡി.എഫിന്. പാവറട്ടിയിലെ 2760 വോട്ടിന്റെ ഭൂരിപക്ഷവും വെങ്കിടങ്ങിലെ 864 വോട്ടിന്റെ ഭൂരിപക്ഷവും യു.ഡി.എഫിന് അനുഗ്രഹമായതോടെ മത്സരവിജയം പി.എ. മാധവന്റെ കൈകളിലൊതുങ്ങി. മണലൂര്‍ പഞ്ചായത്തില്‍ വന്ന എല്‍.ഡി.എഫിന്റെ തകര്‍ച്ച വീണ്ടും ചെങ്കൊടി പാറിക്കാനുള്ള ഇടതുപക്ഷമോഹം തല്ലിക്കെടുത്തുകയായിരുന്നു. പി.എ. മാധവനും ബേബി ജോണും കന്നിയങ്കത്തിനിറങ്ങിവരാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.