ഗുരുവായൂര്‍: ദേവസ്വം ഭരണസമിതി ഇന്ന് (17/05/2011) കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയും. നാലുവര്‍ഷത്തെ ഭരണമാണ് തോട്ടത്തില്‍ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതി പൂര്‍ത്തിയാക്കുന്നത്. നിരവധി വാഗ്ദാനങ്ങള്‍ നല്‍കി ഭരണം തുടങ്ങിയ സമിതിക്ക് അവയൊന്നും നടപ്പാക്കാനായില്ല. ഭരണസമിതിയുടെ പല നിലപാടുകളും വലിയ വിവാദങ്ങളുണ്ടാക്കുകയും ചെയ്തു.
ഭൂമിയെടുപ്പുമായി ബന്ധപ്പെട്ട് തദ്ദേശീയരുടെയും കച്ചവടക്കാരുടെയും എതിര്‍പ്പും ഭരണസമിതിക്ക് നേരിടേണ്ടിവന്നു. ഭരണസമിതിയുടെ തുടക്കത്തില്‍ പ്രഖ്യാപിച്ചിരുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, അത്യാധുനിക ക്യൂ കോംപ്ളക്സ്, മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് എന്നിവയും പ്രഖ്യാപനങ്ങളിലൊതുങ്ങി. കിഴക്കേനടയില്‍ വെയിലും മഴയുമേല്‍ക്കാതെ ദര്‍ശനത്തിന് ക്യൂ നില്‍ക്കാന്‍ സംവിധാനമൊരുക്കാനും ഭരണസമിതിക്കായില്ല. ഒരു വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച പാഞ്ചജന്യം അനക്്സിന്റെ നിര്‍മാണം മൂന്നുവര്‍ഷമെത്തിയിട്ടും എങ്ങുമെത്തിയിട്ടില്ല. ഭക്തജനങ്ങള്‍ സൌജന്യമായി ഉപയോഗിച്ചിരുന്ന ശൌച്യാലയവും ടോയ്ലറ്റും പൊളിച്ചുമാറ്റി പണിത പുതിയ ശൌചാലയ കോംപ്ളക്സ്് ടെന്‍ഡറിന് നല്‍കിയത് ഭക്തര്‍ക്ക് അമിത പൈസ നല്‍കി ഉപയോഗിക്കേണ്ട സ്ഥിതിയുണ്ടായി.
ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിക്കാന്‍ അനുമതി നല്‍കിയ തീരുമാനവും ഏറെ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. പൂന്താനം ജീവിച്ചിരുന്നതിന് തെളിവില്ലെന്ന് പ്രസ്താവനയിറക്കിയ ദേവസ്വം, സംഭവം വിവാദമായതിനെത്തുടര്‍ന്ന് തെറ്റുപറ്റിയതാണെന്ന് പറഞ്ഞുതലയൂരുകയും ചെയ്തു. പാഞ്ചജന്യം ഗസ്റ് ഹൌസിന്റെ അറ്റകുറ്റപ്പണിക്ക് ഒന്നരകോടിയോളം രൂപ ചെലവായതും ദേവസ്വത്തില്‍ എന്‍ജിനീയര്‍മാരുണ്ടായിട്ടും പതിനായിരങ്ങള്‍ നല്‍കി ചീഫ് എന്‍ജിനീയര്‍ പദവിയില്‍ താല്‍ക്കാലികമായി പുതിയ ആളെ പ്രതിഷ്ഠിച്ചതും നിരവധി ആക്ഷേപങ്ങള്‍ക്കിടയാക്കി. പ്രാദേശിക പാര്‍ട്ടി നേതൃത്വത്തെ സന്തോഷിപ്പിക്കാനായി താല്‍ക്കാലികാടിസ്ഥാനത്തില്‍ നൂറുകണക്കിന് ഇടുതുപക്ഷ അനുഭാവികളെ ദേവസ്വത്തില്‍ നിയമിച്ച് ക്ഷേത്രവരുമാനം ദുരുപയോഗം ചെയ്തതും എതിര്‍പ്പിനിടയാക്കിയിരുന്നു.
ക്ഷേത്രവികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിന് സി.പി.എം എം.എല്‍.എയുടെയും നഗരസഭ ചെയര്‍മാന്റെയും എതിര്‍പ്പുണ്ടായിട്ടും ഭൂമിയെടുക്കലുമായി മുന്നോട്ട് പോയത് പാര്‍ട്ടിയും ഭരണസമിതിയും തമ്മില്‍ ഭിന്നിപ്പിനിടയാക്കി. ക്ഷേത്രസുരക്ഷയുടെ പേരില്‍ എതിര്‍പ്പുകള്‍ അവഗണിച്ച് നാലമ്പലത്തിനകത്ത് കാമറകള്‍ സ്ഥാപിച്ചതിനുശേഷമാണ് ഭരണസമിതിയൊഴിയുന്നത്.
ശ്രീകൃഷ്ണ കോളജിലും ദേവസ്വം സ്ഥാപനങ്ങളിലുമായി നൂറുകണക്കിന് നിയമനങ്ങള്‍ നടത്താനായി എന്നതും പത്തുവര്‍ഷം മുമ്പ് നിര്‍മാണം ആരംഭിച്ച പൂന്താനം ഓഡിറ്റോറിയവും സത്യഗ്രഹസ്മാരക മന്ദിരവും ഉദ്ഘാടനം ചെയ്തതും മാത്രമാണ് ഭരണസമിതിയുടെ നേട്ടം. ഇതിനിടെ ഭരണസമിതിക്കെതിരേ ഗുരുവായൂരിലെ 25ഓളം സംഘടനകള്‍ ചേര്‍ന്ന് ക്ഷേത്രനഗരവികസന സമിതി രൂപീകരിക്കുകയും മൂന്നുവര്‍ഷത്തോളമായി നിരവധി പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തതും തദ്ദേശവാസികളുടെ എതിര്‍പ്പിനെ നേരില്‍ ക്കാണിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കേയാണ് ഭരണസമിതികാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
താങ്കളുടെ അഭിപ്രായത്തിന് നന്ദി
താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.