പേജുകള്‍‌

saudi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
saudi എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഫെബ്രുവരി 24, വ്യാഴാഴ്‌ച

അമേരിക്കന്‍ വീറ്റോ: സൌദി വിമര്‍ശിച്ചു

അലിയമുണ്ണി സികെ
റിയാദ്: അധിനിവിഷ്ട ഫലസ്തീനിലെ ഇസ്രായിലി കുടിയേറ്റ കോളനികളുടെ നിര്‍മാണം അപലപിക്കുന്ന യു എന്‍ പ്രമേയം വീറ്റോ ചെയ്ത അമേരിക്കയുടെ നടപടിയില്‍ സൌദി അറേബ്യന്‍ മന്ത്രിസഭ ഖേദം പ്രകടിപ്പിച്ചു. കുടിയേറ്റ കോളനികളുടെ നിര്‍മാണം തുടരാനും അന്താരാഷ്ട്ര തീരുമാനങ്ങള്‍ പാലിക്കാതിരിക്കാനും അമേരിക്കയുടെ നടപടി ഇസ്രായിലിനെ പ്രോത്സാഹിപ്പിക്കുമെന്ന് കിരീടാവകാശി സുല്‍ത്താന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടു. ഇസ്രായിലി കുടിയേറ്റ കോളനികളുടെ നിര്‍മാണം നിയമവിരുദ്ധമാണെന്ന് വിശേഷിപ്പിക്കുകയും കുടിയേറ്റ കോളനികളുടെ നിര്‍മാണം ഉടനടി പൂര്‍ണമായും നിര്‍ത്തിവെക്കണമെന്ന് ഇസ്രായിലിനോട് ആവശ്യപ്പെടുകയും ചെയ്യുന്ന യു എന്‍ രക്ഷാ സമിതി പ്രമേയം വെള്ളിയാഴ്ച അമേരിക്ക വീറ്റോചെയ്തിരുന്നു. ഒബാമ ഭരണകൂടത്തിന്റെ ആദ്യ വീറ്റോ ആണിത്. ഫലസ്തീന്‍ നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രമേയം പിന്‍വലിപ്പിക്കുന്നതിന് നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അമേരിക്ക വീറ്റോ ഉപയോഗിച്ചത്. 15 അംഗ രക്ഷാസമിതിയില്‍ അമേരിക്ക ഒഴികെയുള്ള രാജ്യങ്ങളെല്ലാം പ്രമേയത്തെ അനുകൂലിച്ചു.

2011 ഫെബ്രുവരി 7, തിങ്കളാഴ്‌ച

സൌദിയില്‍ വിദേശികള്‍ക്ക് സ്ഥലവും കെട്ടിടവും വാങ്ങാന്‍ ശൂറയുടെ അനുമതി

അലിയമുണ്ണി സികെ, അഞ്ചങ്ങാടി
റിയാദ്: വിദേശികള്‍ക്ക് സൌദിയില്‍ സ്ഥലവും കെട്ടിടവുമുള്‍പ്പെടെയുള്ളവ വാങ്ങാന്‍ അനുമതി നല്‍കുന്ന സുപ്രധാന നിയമ ഭേതഗതിക്ക് സൌദി ശൂറാ കൌണ്‍സില്‍ അനുമതി നല്‍കി. കഴിഞ്ഞദിവസം ചേര്‍ന്ന ശൂറാ കൌണ്‍സില്‍ യോഗമാണ് ഇതിനായി റിയല്‍ എസ്റ്റേറ്റ്, നിക്ഷേപ നിയമത്തില്‍ ഭേദഗതിക്ക് അനുമതി നല്‍കിയത്. ചെയര്‍മാന്‍ അബ്ദുല്ല ആലു ഷൈഖിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ശൂറാ കൌണ്‍സിലിന്റെ 77 ആമത് യോഗത്തിലാണ് തീരുമാനം. സൌദിയില്‍ താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യത്ത് സ്ഥലവും കെട്ടിടവും വാങ്ങിക്കാന്‍ അനുമതി നല്‍കണമെന്ന ശൂറയുടെ സാമ്പത്തിക, ഊര്‍ജ കാര്യ കമ്മിറ്റിയുടെ നിര്‍ദേശത്തെ ശൂറ ഐക്യകണ്ഠ്യേന അംഗീകരിക്കുകയായിരുന്നെന്ന് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഗാംദി പറഞ്ഞു. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഗള്‍ഫ് രാജ്യവും പശ്ചിമേഷ്യയിലെ ഏറ്റവും ഭദ്രമായ സാമ്പത്തിക ശക്തിയുമായ സൌദി അറേബ്യയില്‍ 2015 ആകുമ്പോള്‍ 12 ലക്ഷം വീടുകള്‍ ആവശ്യമായി വരുമെന്ന് അടുത്തിടെ നടന്ന പഠനം വെളിപ്പെടുത്തിയിരുന്നു. ഇത്തരമൊരു ഘട്ടത്തില്‍ ശൂറയുടെ തീരുമാനം രാജ്യത്ത് ഏറെ ഗുണകരമാവുമെന്ന് വിലയിരുത്തപ്പെടുന്നു. മാത്രമല്ല സൌദിയിലെ പ്രവാസി സമൂഹങ്ങളുടെ സാമ്പത്തിക സാമൂഹിക അന്തരീക്ഷത്തില്‍ ചരിത്രപരമായ മുന്നേറ്റത്തിന് ഈ തീരുമാനം വഴിവെക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.