പേജുകള്‍‌

2012, മാർച്ച് 5, തിങ്കളാഴ്‌ച

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ : ഗുരുവായൂരിന്റെ തട്ടകത്തില്‍ ഫാറൂഖ് കോളജ് കപ്പുയര്‍ത്തി; ശ്രീകൃഷ്ണ കോളജ് രണ്ടാമത്

കെ എം അക്ബര്‍ 
ഗുരുവായൂര്‍: തട്ടകമുറ്റത്തെ സര്‍ഗോദയത്തില്‍ യുവത്വം തുളുമ്പുന്ന സര്‍ഗവൈഭവങ്ങളുടെ വിസ്മയ കാഴ്ചകളുമായി കലയുടെ കൌമാരം നിറഞ്ഞാടിയപ്പോള്‍ കോഴിക്കോട് ഫാറൂഖ് കോളജ് കപ്പുയര്‍ത്തി. ആതിഥേയരായ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു ഫാറൂഖിന്റെ തേരോട്ടം.

കലോല്‍സവത്തില്‍ അരങ്ങേറിയ 96 ഇനങ്ങളില്‍ 96 പോയന്റു നേടിയാണ് ഫാറൂഖ് കോളജ് ഒന്നാമതെത്തിയത്. ആതിഥേയരായ ശ്രീകൃഷ്ണ കോളജ് 84 പോയന്റുകള്‍ നേടി രണ്ടാമതെത്തിയപ്പോള്‍ ആദ്യ മൂന്നു ദിനങ്ങളില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പാലക്കാട് വിക്ടോറിയ കോളജിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. നാട്യ നടന വേദികളില്‍ കലയുടെ കൌമാരം നിറഞ്ഞാടിയ ഇന്റര്‍സോണ്‍ കലോല്‍സവത്തില്‍ മാപ്പിള കലകളില്‍ നേടിയ സമ്പൂര്‍ണ ആധിപത്യമാണ് ഫാറൂഖ് കോളജിനെ കീരീടത്തിലേക്ക് നയിച്ചത്. കോല്‍ക്കളി, ദഫ്മുട്ട്, മാപ്പിളപ്പാട്ട്, വട്ടപ്പാട്ട് തുടങ്ങിയ മാപ്പിളകലകളില്‍ ഒന്നാമതെത്തിയ ഫാറൂഖ് കോളജിലെ കൌമാര പ്രതിഭകള്‍ അര്‍ഹിക്കുന്നതു തന്നേയായിരുന്നു കിരീട നേട്ടം. വൈകീട്ടു നടന്ന സമാപന സമ്മേളനം ഗാന രചയിതാവ് റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയര്‍പേഴ്സണ്‍ ശീതള്‍ ഡേവിസ് അധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്റിക്കേറ്റ് അംഗം അഡ്വ.നിയാസ് മുഖ്യാതിഥിയായി. കെ വല്‍സരാജ്, പ്രിന്‍സിപ്പല്‍ കെ ജയകൃഷ്ണന്‍, കെ ഡി ബാഹുലേയന്‍, കെ ഐ ഷബീര്‍, പി ജി സുബിദാസ്, പി ജിജി, അരുണ്‍ ആന്റണി, പി ബി അനൂപ് സംസാരിച്ചു. വിജയികള്‍ക്ക് ഗാന രചയിതാവ് റഫീഖ് അഹമ്മദ് ട്രോഫികള്‍ സമ്മാനിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.