പേജുകള്‍‌

2012, മാർച്ച് 6, ചൊവ്വാഴ്ച

സി.പി.എം. നേതാവിന്‌ വെട്ടേറ്റു; മുല്ലശേരി പഞ്ചായത്തില്‍ ഇന്നു ഹര്‍ത്താല്‍

ആരിഫ് വൈശ്യം വീട്ടില്‍ 
പാവറട്ടി: മുല്ലശേരിയില്‍ സി.പി.എം. നേതാവിനെ വധിക്കാന്‍ ശ്രമം. മുല്ലശേരി മുന്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റും സി.പി.എം. ലോക്കല്‍ സെക്രട്ടറിയുമായ മുല്ലശേരി ചിരിയങ്കണ്ടത്ത്‌ ബാബുവി (47) നെയാണ്‌ വധിക്കാന്‍ ശ്രമിച്ചത്‌. ശരീരമാസകലം പരുക്കേറ്റ ബാബുവിനെ പാവറട്ടി സാന്‍ജോസ്‌. ആശുപത്രിയിലും തുടര്‍ന്ന്‌ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ (തിങ്കളാഴ്ച്ച)  രാത്രി 8.45നാണ്‌ സംഭവം.
മുല്ലശേരി ബ്ലോക്കാശുപത്രിക്കടുത്തുള്ള വീട്ടിലേക്ക്‌ കാറില്‍ യാത്ര ചെയ്യുമ്പോള്‍ വീടിനടുത്തുവച്ചാണ്‌ ആക്രമണമുണ്ടായത്‌. ഒരു സംഘമാളുകള്‍ കാര്‍ തടഞ്ഞുനിര്‍ത്തിയാണ്‌ ആക്രമിച്ചത്‌. കല്ലുകൊണ്ട്‌ ഗ്ലാസ്‌ തകര്‍ത്താണ്‌ ഇടതുകാലിന്റെ തുടയിലും നെഞ്ചത്തും വലതുകൈമുട്ടിനു താഴെയും വലതു കക്ഷത്തിലും ഇടതുകൈപ്പത്തിയിലും നെറ്റിയിലും പരുക്കുണ്ട്‌. കഴുത്തില്‍ ആയുധം പോറിയ പാടുമുണ്ട്‌.

ഗുരുവായൂര്‍ എ.സി.പി. ആര്‍.ജെ. ജയരാജ്‌, ഗുരുവായൂര്‍ സി.ഐ., പാവറട്ടി എസ്‌.ഐ. എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സംഘം സംഭവസ്‌ഥലത്ത്‌ പ്രതികള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്‌.

സംഭവത്തില്‍ പ്രതിഷേധിച്ച്‌ മുല്ലശേരി പഞ്ചായത്തില്‍ ഇന്ന്‌ ഹര്‍ത്താലിന്‌ സി.പി.എം ആഹ്വാനം ചെയ്‌തു.

കഴിഞ്ഞ ജനുവരി 20ന്‌ സി.പി.എം.-ബി.ജെ.പി. സംഘട്ടനത്തിനിടയില്‍ മുല്ലശേരിയില്‍ ബി.ജെ.പി. പാര്‍ട്ടി പ്രവര്‍ത്തകന്‍ കുത്തേറ്റ്‌ മരിച്ചിരുന്നു. മുല്ലശേരി കരുമത്തില്‍ മോഹനന്റെ മകന്‍ ഷാരോണ്‍ (20) ആണ്‌ കൊല്ലപ്പെട്ടത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.