പേജുകള്‍‌

K KARUNAKARAN എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
K KARUNAKARAN എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഡിസംബർ 26, ഞായറാഴ്‌ച

കെ. കരുണാകരന്‍ ഇനി ജനമനസ്സുകളിലെ ജ്വലിക്കുന്ന ഒാര്‍മ

 തൃശൂര്‍: കേരളരാഷ്ട്രീയത്തിലെ ലീഡര്‍   കെ. കരുണാകരന്‍ ഇനി ജനമനസ്സുകളിലെ ജ്വലിക്കുന്ന ഒാര്‍മ. തൃശൂരിലെ മുരളീ മന്ദിരത്തില്‍ തന്റെ പ്രിയ പത്നി കല്യണിക്കുട്ടയമ്മ അന്ത്യവിശ്രമം കൊള്ളുന്ന സ്മൃതിമണ്ഡപത്തിന് തൊട്ടടുത്ത് കരുണാകരന്റെ ഭൌതികശരീരം പൂര്‍ണ ഒൌദ്യാഗിക ബഹുമതികളോടെ ഹൈന്ദവാചാരപ്രകാരം സംസ്കരിച്ചു. വൈകീട്ട് അഞ്ചുമണിയോടെ മകന്‍ കെ.മുളീധരന്‍ അച്ഛന്റെ ചിതയിലേക്ക് അഗ്നിപകര്‍ന്നു. ബന്ധുക്കള്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കും മാത്രമായിരുന്നു പ്രവേശനമെങ്കിലും ആയിരങ്ങളാണ് പ്രിയ നേതാവിന്റെ സംസ്കാര ചടങ്ങുകള്‍ക്ക് സാക്ഷ്യംവഹിക്കാനായെത്തിയത്.
പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്, കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ, മൊഹ്സീന കിദ്വായ്, കേന്ദ്ര മന്ത്രിമാരായ എ.കെ. ആന്റണി, ഈ. അഹമ്മദ്, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എം.എ.ബേബി, എളമരം കരീം, കെപി. രാജേന്ദ്രന്‍, ഡോ. സുകുമാര്‍ അഴിക്കോട് തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി.
തൃശൂര്‍ക്കുള്ള യാത്രമധ്യ പ്രധാനകേന്ദ്രങ്ങളിലെല്ലാം ആയിരങ്ങളാണ് കരുണാകരന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കാത്തു നിന്നത്. രാത്രി വൈകിയും ഒരുനോക്ക് കാണാന്‍ കാത്തുന്ന ആയിരങ്ങളെ അവഗണിച്ച് വിലാപായാത്ര കടന്നുപോയപ്പോള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് അനുയായികള്‍ അദ്ദേഹത്തിന് യാത്രാമൊഴിയേകിയത്. തൃശൂര്‍ ടൌണ്‍ഹാളില്‍ വച്ച ഭൌതികശരീരം അവസാനമായി കാണാന്‍  പതിനായിരങ്ങള്‍ ഒഴുകിയെത്തിയിരുന്നു. രാവിലെ 8 മണിമുതല്‍ ഉച്ചക്ക് 2.15 വരെ പതിനായിരങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഡിസിസി ഒാഫിസിലും പൊതുദര്‍ശനത്തിനുവച്ചു.
വെള്ളിയാഴ്ച രാവിലെ പ്രത്യേക വിമാനത്തില്‍ പത്തുമണിയോടെ തിരുവനന്തപുരത്തെത്തിയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ദിരാഭവനില്‍ കോണ്‍ഗ്രസിലെ ഏറ്റവും മുതിര്‍ന്ന നേതാവിനു സാദരം അന്ത്യോപചാരം അര്‍പ്പിച്ചു. സോണിയയ്ക്കൊപ്പം എത്തിയ കേന്ദ്രമന്ത്രി പി. ചിദംബരവും അഞ്ജലീബദ്ധനായി. കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, ജി.കെ. വാസന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു. സോണിയ മടങ്ങിയശേഷം സുരക്ഷാനിയന്ത്രണം മാറ്റിയപ്പോള്‍ ജനസാഗരം ഇന്ദിരാഭവനിലേക്ക് അലയടിച്ചെത്തി.
വാഴുന്നവരെയും വീഴുന്നവരെയും  ഏറെക്കണ്ട തലസ്ഥാന നഗരം അവര്‍ക്കിടയിലെ ഭീഷ്മാചാര്യര്‍ കെ. കരുണാകരന് ആരാധനയോടും ആദരവോടും പ്രൌഢഗംഭീരമായ വിടയാണു നല്‍കിയത്. 10.30 എന്നു മുന്‍കൂട്ടി നിശ്ചയിച്ചിരുന്നെങ്കിലും രണ്ടു മണിക്കൂര്‍ വൈകിയെത്തിച്ച ഭൌതികശരീരം ഒരുനോക്കു കാണാന്‍ സെക്രട്ടേറിയറ്റിന് അകത്തും പുറത്തും ആയിരങ്ങള്‍ തിക്കിത്തിരക്കി. കേന്ദ്രമന്ത്രി എം. വീരപ്പ മൊയ്ലി, മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ തുടങ്ങിയവര്‍ പ്രിയനേതാവിനെ ഒരു നോക്കു കാണാന്‍ എത്തിയിരുന്നു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, വിവിധ പാര്‍ട്ടി നേതാക്കള്‍, മതമേലധ്യക്ഷര്‍, സാമൂഹിക, സാംസ്കാരിക, സാഹിത്യ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ഡര്‍ബാര്‍ ഹാളില്‍ ആദരം അര്‍പ്പിച്ചു. പിന്നീടു സെക്രട്ടേറിയറ്റിനു മുന്നിലെ ഗേറ്റു തുറന്നപ്പോള്‍ ജനപ്രവാഹമായി. തങ്ങളുടെ പ്രിയപ്പെട്ട ലീഡറെ അവസാനമായി ഒരു നോക്കു കാണാന്‍ സാധാരണക്കാര്‍ ഇരമ്പിക്കയറുകയായിരുന്നു. എങ്ങും കെ. കരുണാകരന്റെ ചിരിക്കുന്ന മുഖം - പോസ്റ്ററുകളില്‍, ബാഡ്ജുകളില്‍, മാലയിട്ടുവച്ച ചില്ലിട്ട ചിത്രങ്ങളില്‍... തലസ്ഥാനത്തെ ഉദ്യോഗസ്ഥവൃന്ദവും കരുണാകരനു വിടചൊല്ലിയതു ഡര്‍ബാര്‍ ഹാളിലാണ്.
ഏതു പ്രതിസന്ധിയിലും കരുണാകരന്‍ ശക്തമായി തങ്ങള്‍ക്കു പിന്തുണ നല്‍കിയിരുന്നെന്നും തീരുമാനങ്ങളെടുക്കുന്നതില്‍ എത്രമാത്രം ധൈര്യം കാട്ടിയിരുന്നെന്നും നഷ്ടബോധത്തോടെ പല ഉദ്യോഗസ്ഥരും ഓര്‍ത്തു. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും വിലാപയാത്ര തുടരാന്‍ സമയമായി. പൊലീസ് സേനാംഗങ്ങളുടെ തോളിലേറി അവസാന യാത്ര തുറന്ന വാഹനത്തിലേക്ക്. ജനസഹസ്രം മുദ്രാവാക്യം മുഴക്കി, 'ഇല്ലാ ഇല്ലാ മരിച്ചിട്ടില്ല, രാഷ്ട്രീയ ഭീഷ്മാചാര്യാ  ജീവിക്കുന്നു ഞങ്ങളിലൂടെ... പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ വിലാപവാഹനത്തെ അനുഗമിച്ചു.

2010 ഡിസംബർ 24, വെള്ളിയാഴ്‌ച

ദീര്‍ഘവീഷണവും പ്രതിബദ്ധതയുമുള്ള നേതാവയിരുന്നു : അഡ്വ. സി.കെ മേനോന്‍


മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍
ദോഹ: ദീര്‍ഘവീഷണവും പ്രതിബദ്ധതയുമുള്ള നേതാവയിരുന്നു കരുണാകരനെന്നും, അദ്ദേഹത്തിന്റെ വിയോഗം കേരളത്തിനകത്തും പുറത്തുമുള്ള മലയാളികള്‍ക്ക് തീരാത്ത നഷ്ടമാണെന്നും പ്രമുഖ വ്യപാരിയും ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെഹ്സാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സി.ഇ.ഒ അഡ്വ സി.കെ മേനോന്‍ പറഞ്ഞു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ഗോശ്രീ വികസന അതോറിറ്റി, കൊച്ചി അന്താരാഷ്ട്ര സ്‌റ്റേഡിയം തുടങ്ങിയ കേരളത്തിന്റെ സ്വപ്‌നപദ്ധതികള്‍ സാക്ഷാത്കരിക്കപ്പെട്ടത് കരുണാകരന്റെ ശ്രമഫലമായാണ്. എന്റെ വ്യക്തിപരമായ ക്ഷണം സ്വീകരിച്ച് ഗള്‍ഫ് പര്യടനത്തിനിടെ അദ്ദേഹം 2003ല്‍ ദോഹയില്‍ എത്തിയിരുന്നു.
അന്ന് പ്രവാസി സമൂഹം ഐ.സി.ആര്‍ .സി ഗ്രൗണ്ടില്‍ അദ്ദേഹത്തിന് നല്‍കിയ വരവേല്‍പ്പ് ദോഹയില്‍ അടുത്ത കാലത്ത് നടന്ന സ്വീകരണങ്ങളില്‍ ഏറ്റവും വലുതായിരുന്നു. ഇന്‍കാസ് സംഘടിപ്പിച്ച യോഗത്തിലും അദ്ദേഹം സജീവമായി പങ്കെടുത്തു. എനിക്ക് കുട്ടിക്കാലം മുതല്‍ അറിയാമായിരുന്ന കരുണാകാരന്‍ പിന്നീട് തൃശൂരില്‍ എന്റെ അയക്കാരനുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2010 ഡിസംബർ 23, വ്യാഴാഴ്‌ച

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്‍ നിര്യാതനായി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.കരുണാകരന്‍ (93) നിര്യാതനായി . അണുബാധയെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കരുണാകരന്റെ നില ഇന്നലെ രാവിലെയോടെ വഷളാകുകയായിരുന്നു. വൈകിട്ട് 5.25 ഓടെയായിരുന്നു മരണം.
കഴിഞ്ഞ ദിവസമുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചത്. മരണസമയത്ത് മക്കളായ പത്മജയും മുരളീധരനും ഉള്‍പ്പെടെയുള്ളവര്‍ സമീപമുണ്ടായിരുന്നു. ഈ മാസം പത്തിനാണ് കരുണാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
നാല് തവണ മുഖ്യമന്ത്രിയായും ഒരു വര്‍ഷത്തോളം കേന്ദ്രമന്ത്രിയുമായി പ്രവര്‍ത്തിച്ച കരുണാകരനാണ് കഴിഞ്ഞ അരദശകത്തോളമായി കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ അജണ്ട നിശ്ചയിച്ചിരുന്നത്. 1995 ല്‍ രാജ്യസഭാംഗമായി. കേന്ദ്രത്തില്‍ നരസിംഹറാവു മന്ത്രിസഭയില്‍ 1996 ജൂണ്‍ വരെ വ്യവസായ മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. പരേതയായ കല്യാണിക്കുട്ടിയമ്മയാണ് ഭാര്യ.
1915 ജൂലൈ അഞ്ചിന് കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കലില്‍ തെക്കേടത്ത് രാമുണ്ണി മാരാരുടേയും കണ്ണോത്ത് കല്യാണിയമ്മയുടേയും മകനായി ജനനം. ചെറുപ്പത്തിലേ കോണ്‍ഗ്രസ് ആശയങ്ങളില്‍ ആകൃഷ്ടനായി. എട്ടാംക്ളാസ് പഠനത്തിനിടെ കണ്ണിന് അസുഖം ബാധിച്ച് ചികിത്സയ്ക്കായി തൃശൂരിലെത്തിയതായിരുന്നു ആദ്യത്തെ ദീര്‍ഘയാത്ര. തുടര്‍ന്ന് തൃശൂര്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ കളരിയായി മാറിയതും ചരിത്രം. സ്കൂള്‍ പഠനം ഉപേക്ഷിച്ച് ചിത്രകല അഭ്യസിക്കാനായി തൃശൂര്‍ എം.ടി.ഐയില്‍ ചേര്‍ന്നതാണ് ജീവിതത്തില്‍ വഴിത്തിരിവായത്.
കരുണാകരന്റെ ചിത്രകലാ പഠനം പതുക്കെ കോണ്‍ഗ്രസ് സംഘടനാപ്രവര്‍ത്തനത്തിലേക്ക് വഴിമാറി. സ്കൂള്‍1945 -ല്‍ തൃശൂര്‍ മുനിസിപ്പാലിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയ വളര്‍ച്ച വേഗത്തിലായി. ട്രേഡ് യൂണിയന്‍ രംഗത്തും തുടക്കത്തില്‍ അതീവ്രശ്രദ്ധ പതിപ്പിച്ചു. 1947 -ല്‍ തൃശൂര്‍ സീതാറാം മില്ലിലെ ഐ.എന്‍.ടി.യു.സി യൂണിയന്‍ രൂപീകരണത്തോടെ പാര്‍ട്ടിക്കുള്ളില്‍ ശ്രദ്ധേയനായി. തൊട്ടുപിന്നാലെ കൊച്ചി നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1948 മുതല്‍ മൂന്നുതവണ തിരുകൊച്ചി നിയമസഭാ അംഗമായി. പനമ്പള്ളി ഗോവിന്ദമേനോനും സി.കെ ഗോവിന്ദന്‍ നായരുമാണ് കരുണാകരനിലെ രാഷ്ട്രീയ വിദ്യാര്‍ഥിയെ രൂപപ്പെടുത്തിയെടുത്തത്.
ഇതിനിടെ ഐക്യകേരള രൂപീകരണം പൂര്‍ത്തിയായി. നിരവധി തൊഴിലാളി സമരങ്ങളും കെ.കരുണാകരന്റെ നേതൃത്വത്തില്‍ തൃശൂരില്‍ കടന്നുപോയി. സംസ്ഥാന രൂപീകരണത്തോടെ കേരള നിയമസഭയിലേക്ക് ലീഡര്‍ വളര്‍ന്നു. 1967 മുതല്‍ 1995 വരെയുള്ള ഏഴ് തെരഞ്ഞെടുപ്പുകളില്‍ മാള നിയമസഭാമണ്ഡലത്തില്‍ നിന്നും വിജയിച്ചു. രാഷ്ട്രീയ എതിരാളികള്‍ പോലും മാളയിലെ മാണിക്യം എന്നു വിശേഷിപ്പിക്കാന്‍ നിര്‍ബന്ധിമായ കാലഘട്ടം. ഇടയ്ക്ക് ഒരു തവണ മാളയ്ക്കൊപ്പം തിരുവനന്തപുരത്തെ നേമം മണ്ഡലത്തില്‍ നിന്നും ജവവിധി തേടി. രണ്ടിടത്തും വിജയമായിരുന്നു ജനങ്ങള്‍ സമ്മാനിച്ചത്.
1967 മുതല്‍ 95 വരെ കരുണാകരനായിരുന്നു കേരള നിയമസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്. 1969 ല്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ധിരാഗാന്ധിക്കൊപ്പം ഉറച്ചുനിന്നു. സംസ്ഥാന ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിങ്ങനെ വിവിധനിലകളില്‍ സ്തുത്യര്‍ഹമായ സേവനം. സംസ്ഥാന കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളുടെ കേന്ദ്രബിന്ദുവെന്ന വിമര്‍ശനം കേള്‍ക്കേണ്ടിവരുമ്പോഴും ഒപ്പമുള്ളവര്‍ക്ക് വേണ്ടി പാര്‍ട്ടിയില്‍ വീറോടെ വാദിക്കാന്‍ കരുണാകരന്‍ മടികാണിച്ചിട്ടില്ല. കരുണാകരനെ വാഴ്ത്തുവാനും വീഴ്ത്തുവാനും ഒരു പോലെ കാരണമായത് ഈ സ്വഭാവവിശേഷമാണ് താനും.