പേജുകള്‍‌

2016, നവംബർ 2, ബുധനാഴ്‌ച

മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട് എന്ന പേരില്‍ ഒരു പൊതുജന ക്ഷേമ ഫണ്ട് ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി


തിരുവനന്തപുരം: വിവിധ കാരണങ്ങളാല്‍ സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ഫണ്ട് അപര്യാപ്തമായതിനാല്‍ കൂടുതല്‍ ഫണ്ട് സമാഹരിക്കുന്നതിനും വികസനവും, ക്ഷേമവും ഏകോപിപ്പിക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ട് എന്ന പേരില്‍ ഒരു പൊതുജന ക്ഷേമ ഫണ്ട് ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവായി. 

സന്നദ്ധ സംഘടനകള്‍/സ്ഥാപനങ്ങള്‍/പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും ഉദാരമായി സംഭാവനകള്‍/ സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയിലൂടെ ഫണ്ട് സമാഹരണം ലക്ഷ്യമിട്ടാണ് പദ്ധതി രൂപവത്കരിച്ചിട്ടുളളത്. സമൂഹത്തിന്റെ ഉന്നമനത്തിനായി എല്ലാ വിഭാഗം ജനങ്ങളെയും സഹകരിപ്പിച്ചുളള പ്രവര്‍ത്തനമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 

പദ്ധതിയുടെ നിര്‍വഹണം ധനകാര്യ (ഫണ്ട്) വകുപ്പിന്റെ പൂര്‍ണമായ ചുമതലയായിരിക്കും. മുഖ്യമന്ത്രി എക്‌സ് ഒഫിഷ്യോ ചെയര്‍മാനും, ധനകാര്യവകുപ്പ് മന്ത്രി എക്‌സ് ഒഫിഷ്യോ വൈസ് ചെയര്‍മാനും, ചീഫ് സെക്രട്ടറി എക്‌സ് ഒഫിഷ്യോ മെമ്പറും, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി എക്‌സ് ഒഫിഷ്യോ മെമ്പര്‍ & ട്രഷററും, ധനകാര്യ അഡീഷണല്‍ /ജോയിന്റ് സെക്രട്ടറി (ഫണ്ട് വിഭാഗം) കണ്‍വീനര്‍ & എക്‌സ് ഒഫിഷ്യോ മെമ്പറുമാണ്. 

വിദ്യാഭ്യാസം, ആരോഗ്യം കൂടാതെ മറ്റ് മേഖലകളില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുന്നതും അടിയന്തിരമായി നടപ്പിലാക്കേണ്ടതുമായ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, സാമ്പത്തിക പ്രശ്‌നങ്ങളാല്‍ ജീവിതം വഴിമുട്ടിയവര്‍ക്ക് സമാശ്വാസ ധനസഹായം, വൃദ്ധജനങ്ങളെയും പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്നവരെയും പുനരധിവസിപ്പിക്കുന്നതിനുളള ധനസഹായം തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് തുക വിനിയോഗിക്കേണ്ടത്.

മുഖ്യമന്ത്രിയുടെ ജനസാന്ത്വന ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. സന്നദ്ധ സംഘടനകള്‍/സ്ഥാപനങ്ങള്‍/പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും ഉദാരമായ സംഭാവനകള്‍/സ്‌പോണ്‍സര്‍ഷിപ്പ് എന്നിവ മുഖേന ഫണ്ട് സമാഹരണം നടത്തും. സംഭാവനകള്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുളള അക്കൗണ്ടിലേക്ക് നേരിട്ട് അടയ്ക്കുകയോ, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലെടുത്ത് ഡി.ഡി/ചെക്ക് മുതലായവ മുഖേന ധനകാര്യ (ഫണ്ട്) വകുപ്പില്‍ ലഭ്യമാക്കുകയോ ചെയ്യാം. 

കൂടാതെ സര്‍ക്കാരിന്റെ അറിവോടെ പൊതുജനങ്ങള്‍ക്ക്/സന്നദ്ധ സ്ഥാപനങ്ങള്‍ക്ക് നേരിട്ട്/സ്‌പോണ്‍സര്‍ഷിപ്പ് മുഖേന ഈ പദ്ധതിയുടെ ഫണ്ട് സമാഹരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. ജനസാന്ത്വന പദ്ധതിയില്‍ ധനസഹായം ലഭിക്കുന്നതിനുളള അപേക്ഷകള്‍ ധനകാര്യ (ഫണ്ട്) വകുപ്പില്‍ ലഭിമാക്കണം. പ്രസ്തുത അപേക്ഷകള്‍ അതത് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിനായി അയക്കുന്നതും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകന്റെ / സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് തുക നിക്ഷേപിക്കുകയും ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.