പേജുകള്‍‌

2014, ജനുവരി 7, ചൊവ്വാഴ്ച

രണ്ടാംദിവസം ആക്ഷേപങ്ങളേറെ


 കെ എം അക് ബര്‍ 

ഗുരുവായൂര്‍ : കലോത്സവം രണ്ടാംദിവസത്തിലേക്ക് കടന്ന ഇന്നലെ, വേദികളില്‍ ആക്ഷേപങ്ങളുടെ പെരുമഴ. വേദികളില്‍ പലതിലും മത്സരങ്ങള്‍ വൈകിയാണ് തുടങ്ങിയത്. മത്സരങ്ങള്‍ തുടങ്ങാന്‍ വൈകിയത് മൊത്തം മത്സരങ്ങളെ ബാധിക്കുകയും ചെയ്തു. ഗുരുവായൂര്‍ എ.യു.പി സ്ക്കൂളില്‍ ഇന്നലെ രാവിലെ 9.30-ന്‌ തുടങ്ങേണ്ട അഷ്ടപദി മത്സരം ഒന്നരമണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. മത്സരം തുടങ്ങി പാതിപിന്നിട്ടപ്പോള്‍, ഒരുമത്സരാര്‍ത്ഥിയെകാത്ത് സദസ്സും, വിധികര്‍ത്താക്കളും കാത്തിരിക്കേണ്ടിയും വന്നു.


ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് യു.പി സ്കൂളില്‍ കൂടിയാട്ട മത്സരത്തില്‍ പങ്കെടുത്തിരുന്ന ഒരുകുട്ടിയെ കാത്താണ് വിധികര്‍ത്താക്കള്‍ കാത്തിരിപ്പ് തുടര്‍ന്നത്. മിനിറ്റുകള്‍ മണിക്കൂറുകളാകാന്‍ തുടങ്ങിയതോടെ കൂടിയാട്ട വേഷത്തില്‍തന്നെ കാത്തിരുന്ന മത്സരാര്‍ത്ഥി ഓട്ടോയില്‍വന്ന് വേദിയിലേക്കോടിയെത്തി. ഇതിനിടെ മറ്റു മത്സരാര്‍ത്ഥികളുടെ രക്ഷിതാക്കളും, ഗുരുനാഥരും തര്‍ക്കത്തിന്‌ മുതിര്‍ന്നതും വിധികര്‍ത്താക്കളെ ചെറുതായൊന്ന് വിഷമിപ്പിച്ചു. വൈകിവന്ന കലാകാരന്‍ മെച്ചപ്പെട്ട പ്രകടനം അഷ്ടപദിയില്‍ കാഴ്ച്ച വെച്ചെങ്കിലും, സമ്മാനം ലഭിക്കാതെ നിരാശനയി മടങ്ങിയപ്പോള്‍ അത് ആസ്വാദകരിലും നേരിയ അമര്‍ഷമുണ്ടാക്കി. 

രാവിലെ ഇതേ സ്ക്കൂളില്‍ മറ്റൊരുവേദിയില്‍ വിധികര്‍ത്താക്കള്‍ക്ക് ഇരിപ്പിടമൊരുക്കിയ ഭാഗത്ത് പന്തല്‍ ഒരുക്കാത്തതില്‍ അവര്‍ ഇറങ്ങിപോകാനൊരുങ്ങിയതും അവിടെ ചര്‍ച്ചാവിഷയമായി. ഉടന്‍ ടാര്‍പായ കൊണ്ടുവന്ന് കെട്ടിയാണ് ആ പ്രശ്ത്തിന്‌ അവിടെ പരിഹാരമായത്. വിധികര്‍ത്താക്കള്‍ വൈകിയെത്തിയതും ചിലയിടങ്ങളില്‍ മത്സരം തുടങ്ങാനുള്ള താമസത്തിന്‌ പ്രധാന കാരണമായിട്ടുണ്ട്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.