പേജുകള്‍‌

2014, ജനുവരി 7, ചൊവ്വാഴ്ച

"മനസ്സില്‍ തട്ടിയ ബാല്യ കാല സ്മരണകള്‍"

സിദ്ധീഖ് കൈതമുക്ക്
പാവറട്ടി: വെന്മേനാട്ടുകാരുടെ പഴയ കാല ഓര്‍മകള്‍ക്ക് ചിറകു മുളപ്പിക്കുന്ന ബാക്കിപത്രമായി ഈ കെട്ടിടം ഇന്നും മൂക സാക്ഷിയായി നില നില്‍ക്കുന്നു. തത്തകുളങ്ങര ഭഗവതി ക്ഷേത്രത്തിനു പരിസരത്ത് നിലയുറപ്പിച്ച ഈ രണ്ടു മുറി പീടികക്ക് അനേകം ചരിത്രങ്ങള്‍ പറയാനുണ്ടാകും. നമ്മുടെ കൊച്ചു ഗ്രാമത്തിലെ പതിറ്റാണ്ടുകള്‍ക്കപ്പുറത്തെ സാധാരണക്കാരായ ജനങ്ങളുടെ കണ്ണീരും, കിനാവും, നോവും, നൊമ്പരവും പരസ്പരം പങ്കു വെച്ചിരുന്ന ഒരു സൌഹ്രിദ സങ്കേതം കൂടിയായിരുന്നു ഈ ആസ്ഥാന മന്ദിരം എന്ന് പറയുന്നതില്‍ തെറ്റില്ല എന്നാണ് എന്റെ പക്ഷം.


സാമ്പത്തികമായി ഏറെ പിന്നാക്കം നിന്നിരുന്ന അന്നത്തെ തലമുറയ്ക്ക് സ്വന്തം അടുപ്പില്‍ അരി വേവണമെങ്കില്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന റേഷന്‍ ഷോപിനെ ആശ്രയിക്കണമായിരുന്നു. ആധുനിക പാവറട്ടിയുടെ ശില്പി എന്നറിയപ്പെടുന്ന പഞ്ചായത്തില്‍ ദീര്‍ഘ കാലം അദ്ധ്യക്ഷന്‍ ആയിരുന്ന നമ്മുടെയെല്ലാം പ്രസിടെണ്ട് അബ്ദുക്കയുടെ സ്ഥാപനമായിരുന്നു ആ റഷന്‍ പൊതു വിതരണ കേന്ദ്രം. ഇവിടത്തെ ക്യുവിലെ വെയിലും, മഴയും കൊള്ളാത്തവര്‍ വിരളം. 

വൈദ്യുതി എത്താത്ത അക്കാലത്തു നമുക്ക് വെട്ടം നല്‍കിയിരുന്നത് ഇവിടുത്തെ മണ്ണെണ്ണ ആയിരുന്നു. കൂട്ടത്തില്‍ പച്ചരിയും, ചാക്കരിയും, ഗോതമ്പും, സമ്പന്ന വര്‍ഗത്തിന് മാത്രം സംവരണമായിരുന്ന പഞ്ചസാരയും പൊതു വിതരണ ശ്രിങ്കലയെ ദരിദ്രരുടെ അത്താണിയാക്കി മാറ്റി എന്നതും ഒരു യാഥാര്‍ത്ഥ്യം തന്നെ. 

പല കുടിലുകളിലും ഒരു നേരത്തെ വിശപ്പടക്കാന്‍ റേഷന്‍ കടയില്‍ നിന്നും അരിയുമായി മടങ്ങി വരുന്ന മാതാ പിതാക്കളുടെ പാദ രക്ഷയുടെ ശബ്ദത്തിനായി കാതോര്‍ത്തിരുന്ന ഇല്ലായിമയുടെയും, വല്ലായിമയുടെയും ഒരു കാലമുണ്ടായിരുന്നു പുരാതന വെന്മേനാട്ടുകാരില്‍ ഭൂരിപക്ഷത്തിനും. 

ഇന്നത്തെ പുതു തലമുറക്ക് ഇത് കേട്ടുകേള്‍വി പോലുമുണ്ടാവില്ല. ബാപ്പുട്ടി ആശാന്‍ എന്ന് വിളിക്കുന്ന പരേതനായ ബാപ്പുട്ടിക്കയുടെ പലചെരക്ക് കച്ചവടവും ഈ റേഷന്‍ കടക്കു താങ്ങും, തണലുമായി ഇവിടെ വര്‍ത്തിച്ചിരുന്നു. ചെറിയ കാലയളവില്‍ ആണെങ്കിലും വെന്മേനാട് ഷൈനി സ്റ്റാര്‍ ക്ലബ്ബിനെയും ഈ കെട്ടിടത്തിനു സൌമനസ്സ്യത്തോടെ നെഞ്ചേറ്റാന്‍ കഴിഞ്ഞതും ഞങ്ങളെ പോലെയുള്ള സമകാലീകരുടെ ബാല്യകാല സ്മരണകളെ അത് തൊട്ടുണര്‍ത്തുന്നു. 

സാമ്പത്തിക മുന്നേറ്റത്തില്‍ പുത്തന്‍ വ്യാപാര സമുച്ചയങ്ങള്‍ നമ്മുടെ നാട്ടില്‍ സ്ഥാനം പിടിച്ചപ്പോള്‍ ചരിത്ര മുറങ്ങുന്ന വെന്മേനാടിനു നാട്ടിന്‍ പുറത്തെ നാട്യങ്ങളില്ലാത്ത നിഷ്കളങ്കമായ ആ പഴയ ഒത്തു ചേരല്‍ കേന്ദ്രത്തെ പുതു തല മുറക്ക് പരിചയപ്പെടുത്താന്‍ എത്ര കാലം ... .ഇനി എത്ര നാളുകള്‍ ... ഈ മരിച്ചു കൊണ്ടിരിക്കുന്ന ചുമരുകള്‍ക്കു ആയുസ്സുണ്ടാകും..............!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.