പേജുകള്‍‌

2013, ഏപ്രിൽ 16, ചൊവ്വാഴ്ച

പ്ളസ് ടു കോഴ്സ് അനുവദിച്ചതിന് മുസ്ലിം ലീഗ് നേതൃത്വം ഒരു കോടി രൂപ കോഴ വാങ്ങി

കെ എം അക് ബര്‍ 
ചാവക്കാട്: ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്ളസ് ടു കോഴ്സ് അനുവദിച്ചതിന് മുസ്ലിം ലീഗ് നേതൃത്വം ഒരു കോടി രൂപ കോഴ വാങ്ങിയതായി ആരോപണം. തൃശൂരില്‍ ചേര്‍ന്ന മുസ്ലിം ലീഗ് തൃശൂര്‍ ജില്ലാ കമ്മറ്റി യോഗത്തില്‍ ഇതേ കുറിച്ച് ചോദ്യമുയര്‍ന്നു. 

ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റിയില്‍ നിന്നാണ് മുസ്ലിം ലീഗ് ജില്ലാ കമ്മറ്റിയിലെ അംഗങ്ങള്‍ ഒരു കോടി രൂപ കോഴ വാങ്ങിയത്. സ്കൂളില്‍ ബയോളജി സയന്‍സ്, കൊമേഴ്സ് എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളിലേക്കായി 120 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. സംഭവം പുറത്തായതോടെ ഇതേ കുറിച്ച് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് യോഗത്തില്‍ ചില അംഗങ്ങള്‍ രംഗത്തെത്തി. 

സ്കൂളില്‍ പ്ളസ് ടു കോഴ്സ് അനുവദിച്ച വകയില്‍ ലഭിച്ച ഒരു കോടി രൂപയില്‍ 50 ലക്ഷം രൂപ സംസ്ഥാന കമ്മറ്റിക്കും 25 ലക്ഷം രൂപ വീതം തൃശൂര്‍ ജില്ലാ കമ്മറ്റിക്കും ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മറ്റിക്കും നല്‍കിയതായി മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് യോഗത്തില്‍ അറിയിച്ചതായാണ് വിവരം. ഈ തുക ഉപയോഗിച്ചാണ് മുസ്ലിം ലീഗ് ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ മുഖേന നടപ്പാക്കുന്ന നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതിയായ 'ബൈത്തുല്‍ റഹ്മ', ശുദ്ധ ജല വിതരണ പദ്ധതി എന്നിവ നടപ്പാക്കുന്നതെന്നാണ് ആരോപണം.

 അവിഹിതമാര്‍ഗത്തിലൂടെ പണം പിരിച്ച് ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ മുസ്ലിം ലീഗിനുള്ളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.