പേജുകള്‍‌

2013, ഏപ്രിൽ 16, ചൊവ്വാഴ്ച

കണ്ണനെ കണികണ്ട് ദര്‍ശന സായൂജ്യമണഞ്ഞ് പതിനായിരങ്ങള്‍ ആത്മനിര്‍വൃതിനേടി



ഗുരുവായൂര്‍: കണ്ണനെ കണികണ്ട് ദര്‍ശന സായൂജ്യമണഞ്ഞ് പതിനായിരങ്ങള്‍ ആത്മനിര്‍വൃതിനേടി. വിഷു ദിനത്തില്‍ പതിനായിരങ്ങളാണ് ക്ഷേത്രനടയിലെത്തിയത്. മേല്‍ശാന്തി തിയ്യന്നൂര്‍ ശ്രീധരന്‍ നമ്പൂതിരി പുലര്‍ച്ചെ രണ്ടിന് മുറിയില്‍ കണികണ്ട് രുദ്രതീര്‍ഥകുളത്തില്‍കുളിച്ച് പുലര്‍ച്ചെ 2.15ന് ശ്രീലക വാതില്‍ തുറന്ന് മുഖമണ്ഡപത്തില്‍ ഓട്ടുരുളിയില്‍ ഒരുക്കിയിരുന്ന കണികോപ്പുകളില്‍ തേങ്ങാ മുറിയില്‍ നെയ് ദീപം തെളിയിച്ച് ഗുരുവായൂരപ്പനെ കണികാണിച്ചു.
തുടര്‍ന്ന് ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പ്, ആലവട്ടം, വെഞ്ചാമരം എന്നിവകൊണ്ട് അലങ്കരിച്ച് കണിക്കോപ്പുകള്‍ക്ക് മുകളിലായി സ്വര്‍ണസിംഹാസനത്തില്‍ വച്ചു.

പുലര്‍ച്ചെ 2.30ന് കണിദര്‍ശനത്തിനായി ക്ഷേത്രഗോപുരവാതില്‍ തുറന്നു. ഗോപുരവാതില്‍ തുറന്നതോടെ ശനിയാഴ്ച രാത്രി മുതല്‍ കണിദര്‍ശനത്തിനായി കാത്തുനിന്നിരുന്ന പതിനായിരങ്ങള്‍ തിക്കിത്തിരക്കി ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിച്ചു. 

പീതാംബരപട്ടണിഞ്ഞ് പൊന്നോടക്കുഴലുമായി തൂമന്ദഹാസം തൂകിനില്‍കുന്ന കണ്ണനെയും സ്വര്‍ണസിംഹാസനത്തിലെ ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പും ഓട്ടുരുളിയിലെ പൊന്‍കണിയും കണ്ട് ഭക്തര്‍ തൊഴുകൈകളോടെ വിഷുക്കണി ദര്‍ശനം നടത്തി. 

പുലര്‍ച്ചെ 3.30 വരെയായിരുന്നു വിഷുക്കണ്ണി ദര്‍ശനം. തുടര്‍ന്ന് പതിവ് പൂജകള്‍ നടത്തി. വിഷുക്കണി ദര്‍ശനത്തിനു ശേഷവും ഇന്നലെ ഗുരുവായൂരപ്പനെ ഒരുനോക്കു കാണാനായി പതിനായിരങ്ങളാണ് ഉണ്ടായിരുന്നത്. 

കിഴക്കേനടയിലെയും തെക്കേനടയിലും ദര്‍ശനത്തിനായി നീണ്ട നിലയായിരുന്നു. മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് ദര്‍ശനം നടത്താനായത്. വിഷു ദിവസമായ ഇന്നലെ സമ്പൂര്‍ണ നെയ് വിളക്കോടു കൂടിയ വിഷുവിളക്കാണ് ആഘോഷിച്ചത്. ലണ്ടനിലെ വ്യവസായി തെക്കുമുറി ഹരിദാസിന്റെ വഴിപാടായിരുന്നു ഇന്നലത്തെ ചുറ്റുവിളക്ക്. 

കാഴ്ചശീവേലിക്ക് കൊമ്പന്‍ രാമന്‍കുട്ടി ഗുരുവായൂരപ്പന്റെ കോലമേറ്റി. രാവിലെയും ഉച്ചതിരിഞ്ഞും നടന്ന കാഴ്ചശീവേലിക്ക് മേളം അകമ്പടിയായി. കടന്നാപ്പള്ളി ശങ്കരന്‍കുട്ടി മാരാര്‍ മേളത്തിന് പ്രമാണം വഹിച്ചു. സന്ധ്യക്ക് മട്ടന്നൂര്‍ ശ്രീകാന്ത്, ശ്രീരാജ് എന്നിവരുടെ ഡബിള്‍ തായമ്പകയും ഉണ്ടായി. രാത്രി വിളക്കെഴുന്നള്ളിപ്പിന്് നാലാമത്തെ പ്രദക്ഷിണം ആയതോടെ ക്ഷേത്രത്തിലെ വിളക്കുമാടങ്ങളില്‍ നറുനെയ് ദീപം തെളിഞ്ഞു. പുലര്‍ച്ചെ മുതലുള്ള തിരക്ക് രാത്രി വൈകുവോളം തുടര്‍ന്നു. മമ്മിയൂര്‍ മാഹാദേവ ക്ഷേത്രത്തിലും വിഷുക്കണി ദര്‍ശനത്തിന് തിരക്കനുഭവപ്പെട്ടു. ഭക്തര്‍ക്ക് വിഭവസമൃദ്ധമായ സദ്യയും നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.