പേജുകള്‍‌

2012, മാർച്ച് 5, തിങ്കളാഴ്‌ച

ഗുരുവായൂര്‍ ആനയോട്ടത്തില്‍ കണ്ണന്‍ വീണ്ടും വിജയി

ഗുരുവായൂര്‍ : ആനയോട്ടത്തില്‍ കണ്ണന്‍ വീണ്ടും വിജയിയായി. ഒന്‍പതാം വിജയം നേടിയ കണ്ണന്‍ ഇതോടെ രാമന്‍കുട്ടിയുടെ റെക്കോര്‍ഡിനൊപ്പമെത്തി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനു പാരമ്പര്യാവകാശികളായ മാതേമ്പാട്ട് അനിരുദ്ധന്‍ നമ്പ്യാരും കണ്ടിയൂര്‍ പട്ടത്ത് വാസുദേവന്‍ നമ്പീശനും കുടമണികള്‍ എടുത്ത് പാപ്പാന്മാര്‍ക്ക് നല്‍കിയതോടെ ചടങ്ങ് ആരംഭിച്ചു.  

 പാപ്പാന്മാര്‍ മണികളുമായി മഞ്ജുളാലിലേക്ക് ഓടിയെത്തി ആനകളെ അണിയിച്ചു. മാരാര്‍ ശംഖനാദം മുഴക്കിയതോടെ ആനയോട്ടം ആരംഭിച്ചു. മഞ്ജുളാലിനു മുന്നില്‍ 25 ആനകള്‍ അണിനിരന്നപ്പോള്‍ ഓട്ടക്കാരായത് അഞ്ച് കൊമ്പന്മാര്‍. ആദ്യ കുതിപ്പില്‍ മുന്നിലെത്തിയത് ജൂനിയര്‍ അച്യുതനായിരുന്നെങ്കിലും 20 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും കണ്ണന്‍ മുന്നിലെത്തി. ലീഡ് തുടര്‍ന്ന കണ്ണന്‍ കിഴക്കേ ഗോപുരകവാടം കടന്ന് തന്റെ ഒന്‍പതാം വിജയം ഉറപ്പിച്ചു. ക്ഷേത്രത്തിനകത്ത് ഓടിയെത്തിയ ആനകളെ പാരമ്പര്യാവകാശി ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി നിറപറ ചൊരിഞ്ഞു സ്വീകരിച്ചു. വിജയിയായ കണ്ണനെ ക്ഷേത്രത്തില്‍ പ്രത്യേക പരിഗണന നല്‍കി നിര്‍ത്തും.

അച്യുതന്‍ രണ്ടാമനായും ജൂനിയര്‍ മാധവന്‍ മൂന്നാമനായും ക്ഷേത്രത്തില്‍ കടന്നു. ശങ്കരനാരായണന്‍, ഗോപീകൃഷ്ണന്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. ക്ഷേത്രത്തിനകത്ത് കടന്ന മൂന്ന് ആനകളും ഏഴു പ്രദക്ഷിണം പൂര്‍ത്തിയാക്കി ഭഗവാനെ വണങ്ങി. കോട്ടപ്പടി കളരിപ്പറമ്പില്‍ കെ.വി. ആനന്ദനാണ് കണ്ണന്റെ ഒന്നാം പാപ്പാന്‍. തിരുവെങ്കിടം ചക്കാലപ്പുറത്ത് സി.വി. സുധീര്‍ മുകളിലിരുന്ന് ആനയെ നിയന്ത്രിച്ചപ്പോള്‍ കോട്ടപ്പടി എടത്തള ഇ.എ. കൃഷ്ണകുമാര്‍ ഒപ്പം ഓടി.

ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍, അഡ്മിനിസ്ട്രേറ്റര്‍ കെ. വേണുഗോപാല്‍, ഭരണസമിതിയംഗങ്ങളായ എന്‍. രാജു, കെ. ശിവശങ്കരന്‍, ജി. മധുസൂദനന്‍ പിള്ള, എം. ജനാര്‍ദനന്‍, വിദഗ്ധ ഡോക്ടര്‍മാരായ കെ.സി. പണിക്കര്‍, ഡോ. മുരളീധരന്‍ നായര്‍, അവണപ്പറമ്പ് മഹേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ പങ്കെടുത്തു. അസി. കമ്മിഷണര്‍ ആര്‍.കെ. ജയരാജ്, സിഐ കെ.ജി. സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.