പേജുകള്‍‌

2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച

ലാത്തിയടിയിലും കല്ലേറിലും സി.ഐ. അടക്കം മൂന്നു പേര്‍ക്ക് പരിക്ക്

അഖ്ബര്‍ ചാവക്കാട്
ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയില്‍ കാഴ്ച കഴിഞ്ഞ് പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് പോലിസ് യുവാക്കളെ വിരട്ടിയോടിച്ചതിനെ ചൊല്ലി സംഘര്‍ഷം. ലാത്തിയടിയിലും കല്ലേറിലും സി.ഐ. അടക്കം മൂന്നു പേര്‍ക്ക് പരിക്ക്. കല്ലേറില്‍ ചാവക്കാട് സി.ഐ കെ സുദര്‍ശ(40)നും പോലിസിന്റെ ലാത്തിയടിയില്‍ കടപ്പുറം അഞ്ചങ്ങാടി ഹാജ്യാരകത്ത് മുഹമ്മദാലിയുടെ മകന്‍ താഹിര്‍ (23), പുന്നക്കച്ചാല്‍ പള്ളത്ത് വീട്ടില്‍ കാദറിന്റെ മകന്‍ ഷഹീര്‍ (22) എന്നിവര്‍ക്കും പരിക്കേറ്റു.
 പുലര്‍ച്ചെ 2.15 ഓടെ അഞ്ചങ്ങാടി സെന്ററില്‍ വെച്ചായിരുന്നു സംഭവം. കല്ലേറില്‍ കവിളെല്ല് പൊട്ടിയ സി.ഐ കെ സുദര്‍ശനെ ആദ്യം മുതുവുട്ടൂര്‍ രാജാ ആശുപത്രിയിലും തൃശൂര്‍ ജൂബിലി മിഷന്‍, എറണാകുളം അമൃത ആശുപത്രികളിലും പ്രവേശിപ്പിച്ചു. കല്ലേറില്‍ പോലിസ് ജീപ്പിന്റെ റിവോള്‍വിങ് ലൈറ്റ് തകര്‍ന്നു. രണ്ടു മണിക്ക് കാഴ്ച സമാപിക്കണമെന്നിരിക്കെ ഇതു കഴിഞ്ഞ് ഒരു സംഘം പടക്കം പൊട്ടിച്ചതാണ് സംഭവത്തിനു കാരണമായത്. ഇതോടെ പോലിസ് സംഘം യുവാക്കളെ ലാത്തി വീശി വിരട്ടിയോടിച്ചു. ഇതിനിടെയാണ് ഷഹീറിന്റെ തലക്ക് ലാത്തിക്കൊണ്ടുള്ള അടിയേറ്റത്. ലാത്തി കൊണ്ടുള്ള തലക്കടിയേറ്റ് താഹിറിനും പരിക്കേറ്റു. നിരവധി പേര്‍ക്ക് വീണു പരിക്കേറ്റു. തലപൊട്ടി ചോരയില്‍ കുളിച്ച ഷഹീര്‍ ഉടന്‍ തന്നെ സി.ഐക്ക് അരികിലെത്തി തന്നെ പോലിസുകാര്‍ ലാത്തി കൊണ്ട് തലക്കടിച്ചു പരിക്കേല്‍പ്പിച്ചെന്ന് പരാതി പറയുന്നതിനിടെ ജീപ്പിനും സി.ഐക്കും നേരെ കല്ലേറുണ്ടാവുകയായിരുന്നു. കല്ലേറില്‍ സി.ഐയുടെ മുഖത്തും കൈക്കും പരിക്കേറ്റു. കല്ലേറില്‍ പോലിസ് ചിതറിയോടി. തൊട്ടടുത്ത വീടിനുള്ളിലെ മതില്‍ കെട്ടിനകത്ത് കുടുങ്ങിയ എസ്.ഐ കെ മാധവന്‍കുട്ടിക്ക് നാട്ടുകാരാണ് സംരക്ഷകരായത്. കടപ്പുറം അഞ്ചങ്ങാടിയില്‍ കാഴ്ച കഴിഞ്ഞ് പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് പോലിസ് യുവാക്കളെ വിരട്ടിയോടിച്ചതിനെ ചൊല്ലി സി.ഐയെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 150-ഓളം പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പൊതു മുതല്‍ നശിപ്പിക്കുകയും ഒദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. കടപ്പറം അഞ്ചങ്ങാടിയില്‍ നടന്ന സംഘര്‍ഷത്തിന് വട്ടേകാട് നേര്‍ച്ചയുമായി ബന്ധമില്ലെന്ന് വട്ടേകാട് മഹല്ല് കമ്മറ്റി അറിയിച്ചു. അഞ്ചങ്ങാടിയില്‍ നടക്കുന്ന കാഴ്ച അവിടെ തന്നെ സമാപിക്കുയാണ് ചെയ്യുന്നതെന്നും ഈ കാഴ് ജാറത്തിലേക്ക് വരാറില്ലെന്നും മഹല്ല് പ്രസിഡന്റ് പി പി സെയ്തു അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.