പേജുകള്‍‌

2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

ബോംബ്ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഗുരുവായൂരിലെ സുരക്ഷാസംവിധാനങ്ങള്‍ വിലയിരുത്താന്‍ ഉന്നത പോലീസ് സംഘം ഗുരുവായൂരിലെത്തി

ഗുരുവായൂര്‍: ബോംബ്ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഗുരുവായൂരിലെ സുരക്ഷാസംവിധാനങ്ങള്‍ വിലയിരുത്താന്‍ എ.ഡി.ജി.പി. രാജേഷ്ദിവാന്‍, ഐജി ബി. സന്ധ്യ എന്നിവരടങ്ങിയ ഉന്നത പോലീസ് സംഘം ഗുരുവായൂരിലെത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ക്യൂ സംവിധാനം പരിഷ്‌കരിക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ എ.ഡി.ജി.പി. മുന്നോട്ടുവച്ചു.

ക്ഷേത്രം കിഴക്കേ ഗോപുരനടയിലൂടെ പ്രവേശിക്കുന്നവര്‍ ദര്‍ശനത്തിനുശേഷം പടിഞ്ഞാറെ ഗോപുരനട വഴി പുറത്തേക്കു പോകണം. നിലവില്‍ കിഴക്കേനട വഴി കയറിയാല്‍ അതുവഴി തന്നെ മടങ്ങാമായിരുന്നു.

ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത തരത്തിലായിരിക്കണം സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തേണ്ടത്. ക്ഷേത്രനടകളില്‍ 24 മണിക്കൂറും സായുധപോലീസ് ഉണ്ടായിരിക്കണം. ക്യാമറകള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. തീപ്പിടിത്തം തുടങ്ങിയ അനിഷ്ടങ്ങള്‍ ഉണ്ടാകുന്നത് നേരിടാന്‍ സംവിധാനം കര്‍ശനമാക്കണമെന്നും എ.ഡി.ജി.പി. നിര്‍ദ്ദേശിച്ചു.

കഴിഞ്ഞയാഴ്ച ഐജി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ സുരക്ഷായോഗം ചേര്‍ന്ന് 50-ഓളം നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. എല്ലാം ക്രോഡീകരിച്ചശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും.

സ്വാതന്ത്ര്യദിന സുരക്ഷയുടെ ഭാഗമായി കൂടുതല്‍ പോലീസിനെ വിന്യസിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഡി.ഐ.ജി. ശ്രീജിത്ത്, സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയന്‍, ടെമ്പിള്‍ സ്‌ക്വാഡ് എസ്​പി പി.എന്‍. ഉണ്ണിരാജ, സ്‌പെഷല്‍ ബ്രാഞ്ച് എസ്.പി. സതീഷ്ചന്ദ്രന്‍, റൂറല്‍ എസ്.പി. ദേവേഷ് ബെഹ്‌റ, ഗുരുവായൂര്‍ എഡിപി ആര്‍.കെ. ജയരാജ്, സിഐ സി.കെ. സുനില്‍കുമാര്‍, എസ്‌ഐ എസ്. ശ്രീജിത്ത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.