പേജുകള്‍‌

2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

പാലയൂര്‍ എം.എല്‍.ആന്റോയുടെ ആന്റോ സൌണ്ടിന് സുവര്‍ണജൂബിലി തിളക്കം


ചാവക്കാട്‌: തോളില്‍ കാവ് തൂക്കി ആപ്ളിഫയറുമായി ദേശദേശാന്തരങ്ങള്‍ ഉത്സവപറമ്പുകളിലും പള്ളികളിലും കല്യാണവീടുകളിലും ചുറ്റി ആള്‍ക്കാരെ പാട്ടുകേള്‍പ്പിച്ചും സിനിമ കാണിച്ചും ശബ്ദവും വെളിച്ചവും എത്തിക്കുന്നതിനിടെ ആധുനിക ഡിജിറ്റല്‍ സംവിധാനത്തിലെത്തി നില്‍ക്കുന്ന പാലയൂര്‍ എം.എല്‍.ആന്റോയുടെ ആന്റോ സൌണ്ടിന് സുവര്‍ണജൂബിലി തിളക്കം. 


ഗ്രാമഫോണില്‍ തുടങ്ങി പെന്‍ ഡ്രൈവിലും എല്‍ഇഡിയിലുമെത്തി നില്‍ക്കുന്ന ആന്റോ 1961 ഓഗസ്റ്റ് 15ന് 25 രൂപ പ്രതിഫലത്തില്‍ പാലയൂര്‍ ബഷീറിന്റെ വീട്ടിലെ സുന്നത്ത് കല്യാണത്തിനാണ് ആദ്യമായി ശബ്ദവും വെളിച്ചവുമെത്തിക്കുന്നത്. 

തുടര്‍ന്ന് ഇലക്ട്രിസിറ്റി ഇല്ലാതിരുന്ന സമയത്ത് ഗുരുവായൂര്‍ ക്ഷേത്രത്തിലെ താലപ്പൊലിക്കുള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളിലും പള്ളികളിലും ആന്റോ ശബ്ദവും വെളിച്ചവുമെത്തിച്ചു. ആന്റോ ശബ്ദവും വെളിച്ചവും തുടങ്ങിയ കാലം മുതല്‍ സ്വന്തമാക്കിയ എല്ലാ പുരാതന ഉപകരണങ്ങളും കേട് കൂടാതെ സൂക്ഷിച്ച് ഒരു പുരാവസ്തു ശേഖരവും ഉണ്ടാക്കിയിട്ടുണ്ട്. 

50 വര്‍ഷം തികയുന്ന തിങ്കളാഴ്ച രാവിലെ 10.30ന് ഗുരുവായൂര്‍ ഇന്ദിരാഗാന്ധി ടൌണ്‍ ഹാലില്‍ നടക്കുന്ന സുവര്‍ണ ജൂബിലിയാഘോഷം കെ.വി.അബ്ദുള്‍ ഖാദര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. 

പാലയൂര്‍ തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ബര്‍ണാഡ് തട്ടില്‍ അധ്യക്ഷത വഹിക്കും. ജീവകാരുണ്യ സംഭാവന വിതരണം ഫാ. ഫ്രാന്‍സിസ് മുട്ടത്ത് നിര്‍വഹിക്കും. നഗരസഭ ചെയര്‍മാന്‍ ടി.ടി.ശിവദാസന്‍, എ.എല്‍.സെബാസ്റ്യന്‍, ശിവജി ഗുരുവായൂര്‍, ജി.കെ.പ്രകാശന്‍, ഇ.എം.സാജന്‍, പി.സി.കരീം എന്നിവര്‍ പ്രസംഗിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.