പേജുകള്‍‌

2011, ഓഗസ്റ്റ് 6, ശനിയാഴ്‌ച

ഗുരുവായൂര്‍ നഗരസഭാ ഭരണം ബഹുദൂരം പിന്നോട്ട്


ഗുരുവായൂര്‍: നഗരസഭാ ഭരണം അധികാരത്തിലേറി ഒമ്പതുമാസം പിന്നിടുമ്പോള്‍ വികസനത്തിന്റെ കാര്യത്തില്‍ ബഹുദൂരം പിന്നോട്ട് പോയിരിക്കുകയാണ്. നഗരം പനിരോഗത്തില്‍ നട്ടംതിരിയുമ്പോഴും സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും രോഗനിര്‍ണയത്തിനും രക്തപരിശോധനകള്‍ക്കും ആശ്രയമായ നഗരസഭയുടെ ലബോറട്ടറി അടഞ്ഞു കിടക്കുന്നു. ലബോറട്ടറി അടഞ്ഞുകിടന്നിട്ട് ആഴ്ചകളായിട്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടിയെടുക്കാതെ ഭരണാധികാരികള്‍ അനാസ്ഥ തുടരുന്നു. 

നഗരസഭയുമായി ബന്ധപ്പെട്ട് നികുതി അടയ്ക്കുന്നതുമുതല്‍, വിവാഹ സര്‍ട്ടിഫിക്കറ്റ്, പ്ളാന്‍ പാസാക്കല്‍ തുടങ്ങി എല്ലാ കാര്യങ്ങള്‍ക്കും ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നതായാണ് ആക്ഷേപം. ഇടനിലക്കാരും ഉദ്യോഗസ്ഥ ലോബിയുമായുള്ള ബന്ധവും സജീവമാണത്രെ. വയോജനങ്ങള്‍ക്ക് പകല്‍ പരിപാലന കേന്ദ്രത്തിനായി ഉദ്ഘാടന മഹാമഹം നടത്തിയ പകല്‍വീട് മാസങ്ങളായി അടഞ്ഞു കിടക്കുന്നു. നഗരത്തിലെ ഹൈമാസ്റ് ലൈറ്റുള്‍പ്പെടെയുള്ള വഴിവിളക്കുകള്‍ പ്രകാശിക്കാതായിട്ട് മാസങ്ങളായി. ഏറെ കൊട്ടിഘോഷിച്ച ഫയര്‍ട്രാക്കിംഗ് സംവിധാനത്തിലും പാളിച്ചങ്ങള്‍ ഏറെയാണ്. 

ഭരണത്തിലെത്തിയാല്‍ ഒരുവര്‍ഷത്തിനുള്ളില്‍ ഖരമാലിന്യ സംസ്കരണ പ്ളാന്റ് നടപ്പാക്കുമെന്നും വികേന്ദ്രീകൃത ഖരമാലന്യ സംസ്കരണത്തിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ ബയോ ഗ്യാസ് പ്ളാന്റുകള്‍ നിര്‍മിക്കും, ആനക്കോട്ട പരിസരവും ചക്കംകണ്ടം പുഴയോരവും ടൂറിസ്റ്റ് ഹബ്ബായി ഉയര്‍ത്തും, പടിഞ്ഞാറെ നടയില്‍ ബസ് സ്റാന്‍ഡ് കം ടൂറിസ്റ് ബസ് ടര്‍മിനല്‍, ആധുനിക ട്രാഫിക് ഐലന്റുകള്‍, മിനി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, മൊബൈല്‍ ക്ളിനിക് സംവിധാനം, തീര്‍ഥാടകര്‍ക്കുള്ള നിരവധി സൌകര്യങ്ങള്‍ തുടങ്ങിയ 50 ഇന പരിപാടികള്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത് ഭരണത്തിലേറി ഒരുവര്‍ഷമാവാറായിട്ടും ഈ പദ്ധതികള്‍ തുടങ്ങുന്നതിനോ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനോ പോലും ഭരണാധികാരികള്‍ക്കു കഴിഞ്ഞിട്ടില്ല. 

നഗരസഭയുടെ വെബ്സൈറ്റ് അപ്്ഡേറ്റ് ചെയ്യുന്നതിലും അധികൃതര്‍ അനാസ്ഥയാണ് കാണിക്കുന്നത്. കോടിക്കണക്കിനു തീര്‍ഥാടകരെത്തുന്ന ഗുരുവായൂര്‍ നഗരസഭയില്‍ തീര്‍ഥാടകര്‍ക്കും തദ്ദേശിയര്‍ക്കും ഉപകാരപ്രദമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറിയ അധികാരികള്‍ കാര്യക്ഷമമായ പ്രവര്‍ത്തിക്കണമെന്നാണ് തദ്ദേശിയരുടെ ആവശ്യം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.