പേജുകള്‍‌

2011, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സംഭവത്തില്‍ വിജിലന്‍സ് തെളിവെടുപ്പ് നടത്തി

ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഗര്‍ഭസ്ഥശിശു മരിക്കാനിടയായ സംഭവത്തില്‍ സംസ്ഥാന ഹെല്‍ത്ത് വിജിലന്‍സ് വിഭാഗം ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തി. ചാവക്കാട് എടക്കഴിയൂര്‍ കാദരിയ റോഡിനടുത്ത് താമസിക്കുന്ന രാമനാത്ത് നൌഫലിന്റെ ഭാര്യ സുഹറയുടെ ഗര്‍ഭസ്ഥ ശിശുമരിച്ച
സംഭവത്തിലാണ് അഡീഷനല്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് വിജിലന്‍സ് പി എന്‍ രമണി, സ്ക്വാഡ് അംഗം ജി ആര്‍ ബിനു എന്നിവര്‍ ഇന്നലെ രാവിലെ 11 ഓടെ ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തിയത്.

സംഭവത്തില്‍ സര്‍ക്കാര്‍ തല അന്വേഷണമില്ലെന്ന തേജസ് വാര്‍ത്തയെ തുടര്‍ന്ന് ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശിന്റെ നിര്‍ദേശ പ്രകാരമാണ് സംഘം തെളിവെടുപ്പിനെത്തിയത്. നൌഫല്‍, ഭാര്യ സുഹറ, നഗരസഭാ ചെയര്‍പേഴ്സണ്‍ എ കെ സതീരത്നം, ആശുപത്രിയിലെ ആരോപണ വിധേയയായ ഗൈെനക്കോളജിസ്റ്റ് ഡോ. ശാന്തി, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവരില്‍ നിന്നു സംഘം തെളിവെടുത്തു. ഇക്കഴിഞ്ഞ മെയ് 26 നാണ് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന സുഹറയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചതായി തെളിഞ്ഞത്. 

ആറ് മാസം ഗര്‍ഭിണിയായിരുന്ന സുഹറ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജസ്റ്റ് ഡോ.ശാന്തിയുടെ ചികില്‍സയിലായിരുന്നു. മെയ് 24ന് പരിശോധനയ്ക്കെത്തിയ സുഹറയോട് സ്കാന്‍ ചെയ്തു വരാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്കാന്‍ റിപോര്‍ട്ടുമായി 26ന് ആശുപത്രിയിലെത്തിയെങ്കിലും ഡോ. ശാന്തി ഉണ്ടായിരുന്നില്ല. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു ഡോക്ടര്‍ സ്കാന്‍ റിപോര്‍ട്ട് പരിശോധിച്ചപ്പോഴാണ് ഗര്‍ഭസ്ഥ ശിശു മരിച്ചുവെന്ന് മനസിലായത്. 

വിവരമറിഞ്ഞ് യുവതിയുടെ ബന്ധുക്കളും ജനപ്രതിനിധികളും നാട്ടുകാരും ആശുപത്രിയിലെത്തി. ഡോ.ശാന്തിയുടെ പരിശോധയിലെ പിഴവാണ് ഗര്‍ഭസ്ഥ ശിശു മരിക്കാനിടയാക്കിയതെന്നാരോപിച്ച് നാട്ടുകാര്‍ ബഹളം വയ്ക്കുകയും ചെയ്തിരുന്നു.  അവശ നിലയിലായ യുവതിയെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ശസ്ത്രക്രിയയിലൂടെ ശിശുവിന്റെ മൃതദേഹം പുറത്തെടുക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ചാവക്കാട് പോലിസ് ഡോ.ശാന്തിക്കെതിരേ കേസെടുക്കുകയും ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡപ്യൂട്ടി ഡി.എം.ഒ എസ് ശ്രീദേവി ആശുപത്രിയിലെത്തി തെളിവെടുപ്പ് നടത്തുകയും ചെയ്തു. പുറത്തെടുത്ത ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം ഇതു വരെ വിട്ടു കൊടുത്തിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.