പേജുകള്‍‌

2011, ജനുവരി 18, ചൊവ്വാഴ്ച

ഒ ഐ സി സി സമ്മേളനത്തില്‍ പതിനഞ്ചോളം രാജ്യങ്ങളില്‍നിന്ന് മുന്നൂറോളംറോളം പ്രതിനിധികള്‍


മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
ദോഹ: ഇന്ത്യയ്ക്ക് പുറത്തുള്ള കോണ്‍ഗ്രസ് അനുഭാവ സംഘടനകളുടെ രണ്ടാമത് ആഗോള സംഗമം ഭവന്‍സ് പബ്ളിക് സ്കൂളില്‍ ഫെബ്രുവരി 18, 19 തീയതികളില്‍ നടക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.ഇന്‍‌കാസ് സംഘടിപ്പിച്ച യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ഇദ്ദേഹം.
രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പാവപ്പെട്ട തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അവതരിപ്പിക്കാനും വേദിയൊരുക്കുന്നതോടൊപ്പം വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതായിരിക്കും സമ്മേളനമെന്നും ചെന്നിത്തല വ്യക്തമാക്കി.
സി. കെ. മേനോന്‍ രക്ഷാധികാരിയായി സംഘാടക സമിതിക്ക് രൂപം നല്‍കി. കെ. കെ. ഉസ്മാന്‍ ചെയര്‍മാനും ജോപ്പച്ചന്‍ തെക്കെക്കുറ്റ് കണ്‍വീനറുമായിരിക്കും. പതിനഞ്ചോളം രാജ്യങ്ങളില്‍നിന്നുള്ള ഇരുന്നൂറോളം പ്രതിനിധികള്‍ക്കൊപ്പം ഇന്‍‌കാസില്‍ നിന്ന് നൂറോളം പേരും പങ്കെടുക്കും. ഖത്തറില്‍ ഒ ഐ സി സി യുടെ ഭാഗമായ ’ഇന്‍കാസ് ആയിരിക്കും ആതിഥേയ സംഘടന.
കേന്ദ്രമന്ത്രി വയലാര്‍ രവി സമ്മേളനം ഉദ്ഘാടനം ചെയ്യും. വിദേശകാര്യമന്ത്രി എസ്. എം. കൃഷ്ണ, നിയമകാര്യ മന്ത്രി വീരപ്പ മൊയ്ലി, എഐസിസി ജനറല്‍ സെക്രട്ടറി ഓസ്കര്‍ ഫെര്‍ണാണ്ടസ്, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി എന്നിവരെയും കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരെയും സമ്മേളനത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.ഒപ്പം പത്മശ്രീ, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളായ എം. എ. യൂസഫലി, സി. കെ. മേനോന്‍ , സണ്ണി വര്‍ക്കി, രവി പിള്ള, ഡോ. പി. മുഹമ്മദാലി, ഡോ. എം. അനിരുദ്ധന്‍ ‍, സോമന്‍ ബേബി, ഡോ. ആസാദ് മൂപ്പന്‍ തുടങ്ങിയവരെ സമ്മേളനത്തില്‍ ആദരിക്കും. കലാ-സാംസ്കാരിക പരിപാടികളുമുണ്ടാകും.
’ഇന്‍കാസ് പോലെയുള്ള സംഘടനകള്‍ ഒ ഐ സി സി യുമായി അഫിലിയേറ്റ് ചെയ്താകും പ്രവര്‍ത്തിക്കുക. പേരുമാറ്റം എംബസികളുമായി ബന്ധപ്പെട്ട റജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെ ബാധിക്കുമെന്നതിനാലാണിത്. കാലക്രമേണ എല്ലാ സംഘടനകളും ഒ ഐ സി സി യുടെ കീഴിലാക്കുമെന്നു രമേശ് ചെന്നിത്തല പറഞ്ഞു.
രണ്ടാമത് ആഗോള സംഗമത്തിന്റെ വെബ് സൈറ്റും (www.oiccqatar.org) ചെന്നിത്തല ഉത്ഘാടനം ചെയ്തു.ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സിന്റെ ആദ്യ മെമ്പര്‍ഷിപ്പ് ഫോം ഇന്‍‌കാസ് രക്ഷാധികാരി സി. കെ. മേനോനു നല്‍കി മെമ്പര്‍ഷിപ്പിന്റെ ഉത്ഘാടനവും അദ്ദേഹം നടത്തി.
പ്രവാസി സംഘടനകളുടെ ചുമതലയുള്ള കെപിസിസി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇവിടെയുണ്ടാകും. ഇദ്ദേഹത്തിനു പുറമെ സംഘാടക സമിതി രക്ഷാധികാരി സി. കെ. മേനോന്‍ ‍, ചെയര്‍മാന്‍ കെ. കെ. ഉസ്മാന്‍ ‍, ജനറല്‍ കണ്‍വീനര്‍ ജോപ്പച്ചന്‍ തെക്കെക്കുറ്റ്, ഇന്‍കാസ് ജനറല്‍ സെക്രട്ടറി മുഹമ്മദലി പൊന്നാനി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

താങ്കളുടെ അഭിപ്രായത്തിന് നന്ദി

താങ്കളുടെ അഭിപ്രായം അനുയോജ്യമായത് ആണെങ്കില്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.